തിരുവനന്തപുരം> എം എം ഹസ്സൻ കെപിസിസി അധ്യക്ഷനായിരിക്കെ നടത്തിയ ‘ജനമോചനയാത്ര’യിൽ ബൂത്തുകളിൽനിന്നും പിരിച്ചെടുത്ത 14 കോടിയെച്ചൊല്ലി സംസ്ഥാന കോൺഗ്രസിൽ പുതിയ വിവാദം. കഴിഞ്ഞവർഷം ഏപ്രിലിലായിരുന്നു ഹസ്സന്റെ യാത്ര. അന്ന് ഒരു ബൂത്തിന് പതിനായിരം രൂപയാണ് കെപിസിസിക്കുള്ള ക്വാട്ടയായി നിശ്ചയിച്ചത്. 24,794 ബൂത്തു കമ്മിറ്റികളാണ് ആകെയുള്ളത്. മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ജനമഹായാത്രയ്ക്ക് ഫണ്ട് പിരിച്ചുനൽകാത്ത കണ്ണൂർ, കാസർകോട് ജില്ലകളിലെ മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടതോടെയാണ് ഹസന്റെ യാത്രാവേളയിൽ സ്വരൂപിച്ച ഫണ്ട് എവിടെയെന്ന ചോദ്യമുയർന്നത്.
‘20 കോടി രൂപ പിരിക്കാനാണ് അന്ന് തീരുമാനിച്ചത്. ബൂത്തിൽനിന്ന് പതിനായിരം വീതം കിട്ടിയാൽ 24.79 കോടിയോളം വരും. നിശ്ചയിച്ച ക്വാട്ടയുടെ പകുതി കണക്കാക്കിയാൽ പോലും 12 കോടിക്ക് പുറത്തുവരും. 14 കോടി കിട്ടിയെന്നാണ് പറഞ്ഞത്’ ഒരു കെപിസിസി ഭാരവാഹി പറഞ്ഞതിങ്ങനെ.
ജാഥ തുടങ്ങിയപ്പോൾ തന്നെ ഹസ്സനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുമെന്ന പ്രചാരണം അഴിച്ചുവിട്ടത് ഫണ്ട് പിരിവിന് തിരിച്ചടിയായെന്നാണ് ഹസ്സൻ പക്ഷത്തിന്റെ വാദം. 2018 ഏപ്രിൽ ഏഴിനു തുടങ്ങിയ ജാഥ 25നു തിരുവനന്തപുരത്ത് സമാപിച്ചു. ‘ബൂത്തുകളിൽ നല്ലതോതിൽ പിരിവ് നടന്നു. പക്ഷേ, പിരിച്ച പണം ബൂത്തുകാർ തന്നെ കീശയിലാക്കി’ ഇതാണ് ഹസ്സൻ അനുകൂലികൾ പറയുന്ന ന്യായം. മാറാൻ പോകുന്ന പ്രസിഡന്റിന് എന്തിന് ഫണ്ട് നൽകണമെന്നായിരുന്നു അവർ ചോദിച്ചതത്രേ. ഈ വാദത്തെ എതിർപക്ഷം തള്ളുന്നു. ഫണ്ട് കിട്ടിയില്ലെന്നുപറഞ്ഞ് കൈമലർത്താനുള്ള അടവാണിതെന്നാണ് അവരുടെ നിലപാട്.
2018 സെപ്തംബർ 27നാണ് ഹസ്സനെ മാറ്റി മുല്ലപ്പള്ളിയെ പ്രസിഡന്റാക്കിയത്. ജനമോചനയാത്ര കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ ഫണ്ട് കാലിയാക്കിയിട്ടാണോ ഹസ്സൻ ഇറങ്ങിയതെന്ന് കെപിസിസി വ്യക്തമാക്കണമെന്ന് ഗ്രൂപ്പുഭേദമെന്യേ ആവശ്യമുയർന്നിട്ടുണ്ട്.
മുല്ലപ്പള്ളിയുടെ യാത്രയ്ക്ക് ബൂത്ത് ഒന്നിന് മുപ്പതിനായിരം രൂപ നിരക്കിലാണ് പിരിക്കേണ്ടത്. ഇതിൽ 12,000 കെപിസിസിക്ക് നൽകണം. പതിനായിരം ഡിസിസിയും മറ്റും വിഹിതമെടുക്കണം. ബാക്കി എണ്ണായിരം രൂപ ബൂത്തിനും. പത്തു മാസത്തിനിടെ നടത്തുന്ന രണ്ടാമത്തെ പിരിവിൽ കോൺഗ്രസുകാർ മുറുമുറുപ്പിലാണ് ‘പിരിച്ചുവിടൽ ഭീഷണിയൊന്നും വിലപ്പോകില്ല. ബിജെപിയിൽ ചേർന്നാൽ ഇങ്ങോട്ട് പണം തരുമെന്ന് ഓർത്താൽ കൊള്ളാം’ ഇതാണ് താഴെ തട്ടിലെ കോൺഗ്രസുകാരുടെ ന്യായം.