01 February Wednesday

ലഹരിയുടെ വഴികളിൽ അതിരുമായുമ്പോൾ

തയ്യാറാക്കിയത്‌ : 
വിനോദ്‌ പായം, എൻ കെ സുജിലേഷ്‌ , ശ്രീരാജ്‌ ഓണക്കൂർUpdated: Saturday Oct 8, 2022

കോവിഡ്‌ രണ്ടാം തരംഗത്തിന്റെ മൂർധന്യസമയം. ഈച്ചപോലും അതിർത്തി കടക്കാൻ പേടിച്ച കാലം, കാസർകോട്‌–- മംഗളൂരു അതിർത്തി കടക്കുന്നത്‌ ആംബുലൻസുകൾമാത്രം. അതിനിടയ്‌ക്കാണ്‌ സി എച്ച്‌ മുഹമ്മദ്‌ കോയയുടെ സ്‌മരണയ്‌ക്കുള്ള ആംബുലൻസ്‌ മംഗളൂരുവിൽ പോയി മടങ്ങുമ്പോൾ സംശയംതോന്നി പൊലീസ്‌ പരിശോധിച്ചത്‌.  ഉള്ളിൽ കഞ്ചാവുകെട്ട്‌. താനൊന്നുമറിഞ്ഞില്ലെന്ന്‌ ഡ്രൈവറുടെ വെളിപ്പെടുത്തൽ. ‘‘അല്ലിക്കാ... ങള്‌ എന്ത്‌ പണിയാ കാണിച്ചേ... എന്താ ഇയില്‌ള്ളേ...’’ ആംബുലൻസ്‌ അയച്ചയാളെ വിളിച്ച്‌ ഡ്രൈവർ പരാതിപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരുന്നു. രോഗികളെ ഇറക്കി തിരിച്ചുവരുന്ന ആംബുലൻസുകൾ സൈറനിട്ട്‌ പാഞ്ഞുപോകുന്നതിന്റെ ഒരു ഗുട്ടൻസ്‌ ‘അവിഹിത’മായ സഞ്ചാരം തന്നെയാണെന്ന്‌ എക്‌സൈസുകാർ പറയുന്നു.

നക്‌സൽ ഇടനാഴിയിൽ കഞ്ചാവുവിള
ആന്ധ്ര, തെലങ്കാന, ഛത്തീസ്‌ഗഢ്‌ മേഖലയിൽ മാവോവാദികൾക്ക്‌ ഏറെ സ്വാധീനമുള്ള വനമേഖലയിൽനിന്നാണ്‌ ഇപ്പോൾ വൻതോതിൽ കഞ്ചാവ്‌ ഒഴുകുന്നത്‌. മുമ്പ്‌ കിലോക്കണക്കിനാണ്‌ പിടിക്കുന്നതെങ്കിൽ ക്വിന്റൽ കണക്കിനാണിപ്പോൾ കടത്ത്‌. ഇതൊന്നും വാർത്തയല്ലാതായി മാറി. ഒരുകിലോയ്‌ക്ക്‌ താഴെ കടത്തിയാൽ പിടിയിലായാലും  ജാമ്യം കിട്ടും. ചെറുകിട കടത്തെല്ലാം ഈ അളവിലുള്ളതാണ്‌. ട്രെയിനിൽ പാർസലായും ജനറൽ കമ്പാർട്ട്‌മെന്റിൽ മറ്റുസാധനങ്ങൾക്കൊപ്പം വച്ചുമാണ്‌ വലിയ അളവിൽ കഞ്ചാവ്‌  വരുന്നത്‌. പച്ചക്കറി, മീൻ ലോറികളാണ്‌ മറ്റൊരു കടത്തുപാധി. കൂടുതൽ സമയം പരിശോധനയ്‌ക്ക്‌ ഇവ പിടിച്ചുവയ്‌ക്കാൻ കഴിയാത്തതാണ്‌ കടത്തുകാർ മുതലെടുക്കുന്നത്‌. ദേശീയപാത നിർമാണം നടക്കുന്നതിനാൽ മഞ്ചേശ്വരം ദേശീയപാതമുതൽ ഇങ്ങോട്ട്‌ അതിർത്തി പരിശോധന കാര്യമായി നടക്കുന്നില്ല. ഇത്‌ റോഡുവഴിയുള്ള മദ്യ–- ലഹരിക്കടത്ത്‌ കൂട്ടി.

ക്യാരിയർമാരായി 
സ്‌ത്രീകൾ
കണ്ടാൽ സ്‌ത്രീകൾ ഉൾപ്പെടുന്ന കുടുംബം. ഒപ്പം റോട്ട്‌വീലർ ഇനം നായ. വിലകൂടിയ മാരകലഹരിയായ മെത്താംഫെറ്റാമിനുമായി തൃക്കാക്കരയിൽ പിടിയിലായവർ സഞ്ചരിച്ചത്‌ കുടുംബമെന്ന വ്യാജേന. 2021 ആഗസ്‌ത്‌ 19നാണ് കാക്കനാട്ടെ അപ്പാർട്ട്‌മെന്റിൽനിന്ന് 84 ഗ്രാം മെത്താംഫെറ്റാമിൻ പിടിച്ചെടുത്തത്. രണ്ട്‌ സ്‌ത്രീകളടങ്ങിയ സംഘമാണ്‌ ചെന്നൈയിൽനിന്ന്‌  മയക്കുമരുന്ന്‌ എത്തിച്ചിരുന്നത്‌. ആഡംബര കാറിൽ, വളർത്തുനായയുമായുള്ള ‘കുടുംബസമേത’ യാത്രകളിലൂടെ ചെക്ക്‌പോസ്‌റ്റുകളിലെ കർശന പരിശോധനകളിൽ രക്ഷപ്പെട്ടു. ആക്രമണകാരികളായ റോട്ട്‌വീലറിനെ വളർത്തിയത്‌ മയക്കുമരുന്നുകടത്തിനിടെ പിടിച്ചാൽ പരിശോധകസംഘത്തെ നേരിടാനാണ്‌. തൃക്കാക്കരയിലെ ഫ്ലാറ്റിലും ‘കുടുംബമായിട്ടായിരുന്നു സംഘത്തിന്റെ താമസം, ആർക്കും സംശയമുണ്ടായില്ല. മറ്റൊരുകേസിൽ ഭർത്താവ്‌ ഉപേക്ഷിച്ച കൊല്ലം സ്വദേശിനിയെയാണ്‌ മയക്കുമരുന്നുസംഘത്തിലുള്ള യുവാവ്‌ ക്യാരിയറാക്കിയത്‌. ഒന്നിച്ചുജീവിക്കുന്ന യുവതിയുമായി കാറിലായിരുന്നു മയക്കുമരുന്നുകടത്ത്‌. പിടിയിലായത്‌ 49 ഗ്രാം എംഡിഎംഎയുമായി.

കൊറിയറിലെത്തും ബ്ലൂടൂത്ത്‌ സ്‌പീക്കർ
ആലുവ കുട്ടമശേരിയിലെ കൊറിയർ സ്ഥാപനത്തിൽ കഴിഞ്ഞ 17ന്‌ എത്തിയ കൊറിയറിലെ ബ്ലൂടൂത്ത്‌ സ്‌പീക്കർ പരിശോധിച്ചവർ ഞെട്ടി. സ്പീക്കറിനുള്ളിൽ പ്രത്യേകം പാക്ക്‌ ചെയ്ത രണ്ടു കവറിൽനിന്ന്‌ 20 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ. മഹാരാഷ്ട്രയിൽനിന്നായിരുന്നു കൊറിയർ. അങ്കമാലിയിലാകട്ടെ, 20 ലക്ഷം രൂപയുടെ 200 ഗ്രാം എംഡിഎംഎയാണ്‌ പിടികൂടിയത്‌. ചേരാനല്ലൂരിലെ സ്വകാര്യ കൊറിയർ ഏജൻസിക്ക്‌ ലഭിച്ചതിൽനിന്ന്‌ 18 ഗ്രാം എംഡിഎംഎ പിടികൂടി. എടയാറിലെ എൻജിനിയറിങ്‌ കമ്പനിക്കായിരുന്നു കൊറിയർ. വിലാസത്തിന്റെ ഉടമയല്ല കൊറിയർ വാങ്ങാൻ വരുന്നത്.
 

ലഹരിയാകാം ജീവിതത്തോട്
ലഹരിയുടെ നീരാളിപിടിത്തം ഗ്രാമത്തിലേക്കും കൈകടത്തിയപ്പോഴാണ്‌ ധർമടം മണ്ഡലത്തിൽ ‘വിമുക്തി' ജനകീയ ക്യാമ്പയിൻ തുടങ്ങിയത്. പഞ്ചായത്തുകളിൽ 2016 നവംബർ 11ന്‌ വിപുലമായ ക്യാമ്പയിൻ ആരംഭിച്ചു. പിണറായി, ധർമടം, പെരളശേരി, വേങ്ങാട്‌, അഞ്ചരക്കണ്ടി, കടമ്പൂർ, മുഴപ്പിലങ്ങാട്‌, എടക്കാട്‌ പഞ്ചായത്തുകളിലെ 143 വാർഡിലും അഞ്ഞൂറിലധികം അയൽക്കൂട്ടങ്ങളിലും സ്‌കൂൾ, കോളേജ്‌ തലങ്ങളിലും വിമുക്തി ജാഗ്രതാസമിതികളുണ്ട്‌.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്‌ത പദ്ധതിയിൽ കുട്ടികളും പൊതുജനങ്ങളും ഉൾപ്പെടെ ആയിരങ്ങൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. അന്നത്തെ എക്‌സൈസ്‌ കമീഷണർ ഋഷിരാജ്‌സിങ് അടക്കമുള്ളവർ കൂട്ടായ്‌മകളിൽ പങ്കെടുത്തു. വാർഡുകളിൽ ‘വിമുക്തി’യുടെ സ്ഥിരം ബോർഡുകൾ സ്ഥാപിച്ചു. വിവാഹ–- ഉത്സവ–-ഗൃഹപ്രവേശ സന്ദർഭങ്ങളിൽ മദ്യവിമുക്തമാക്കാനുള്ള ഇടപെടലുകളുമുണ്ട്‌. ശാസ്‌ത്ര പ്രദർശനം, ശാസ്‌ത്രക്ലാസ്‌, സിനിമ– നാടക പ്രദർശനം, ഫ്‌ളാഷ്‌ മോബ്‌, വിളംബരജാഥ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്‌.

സ്‌പെഷ്യൽ ഡ്രൈവ്‌ : പിടിച്ചത്‌ 13.48 കോടിയുടെ മയക്കുമരുന്ന്‌
മൂന്നാഴ്‌ചയ്‌ക്കിടെ കേരളത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്‌  13.48 കോടിരൂപയുടെ മയക്കുമരുന്നുകൾ. സെപ്‌തംബർ 16ന് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിൽ ഇതുവരെ 597 കേസിൽ 608 പേർ പിടിയിലായതായും എക്‌സൈസ്‌ മന്ത്രി എം ബി രാജേഷ്‌ അറിയിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും കൊല്ലത്തുമാണ് കൂടുതൽ കേസുകൾ. 99.67കിലോ കഞ്ചാവ്‌, 170 കഞ്ചാവ് ചെടി, 153 ഗ്രാം ഹാഷിഷ് ഓയിൽ, 1.4 ഗ്രാം ബ്രൗൺ ഷുഗർ, 9.6 ഗ്രാം ഹെറോയിൻ, 11.3 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ്, 85.2 ഗ്രാം ലഹരി ഗുളികകൾ എന്നിവയും കണ്ടെടുത്തു.

7 ഗ്രാം എംഡിഎംഎ പിടിച്ചതിൽ കൂടുതലും വയനാട്, കാസർകോട്‌, പാലക്കാട് ജില്ലകളിലാണ്. 1.4 കിലോ മെറ്റാഫെറ്റാമിൻ പിടിച്ചതിൽ 1.28 കിലോയും കണ്ണൂരിൽനിന്നാണ്. സ്ഥിരം കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി വിപുലമായ നിരീക്ഷണം ഉറപ്പുവരുത്താനുള്ള നടപടിയിലാണ്‌ എക്സൈസ് വകുപ്പ്‌ . 3133 പേരെ നിരീക്ഷിക്കുന്നുണ്ട്.  758 സ്ഥിരം കുറ്റവാളികളെ പരിശോധിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 242 പരാതിയും വിവരങ്ങളും പൊതുജനങ്ങളിൽനിന്ന് ലഭിച്ചു. ഇതിൽ 235ലും നടപടി സ്വീകരിച്ചു. വാറന്റ്‌ പ്രതികളുടെ അറസ്റ്റും തുടരുകയാണ്.

ക്യാമ്പയിൻ ഇന്ന്  
●വിവിധ സംഘടനകൾ, ക്ലബ്ബുകൾ, ഹോസ്റ്റലുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ  മയക്കുമരുന്നിനെതിരെ സംവാദവും പ്രതിജ്ഞയെടുക്കലും ശനിയാഴ്‌ച തുടങ്ങും.
● ലഹരിക്കെതിരെ കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ മാരത്തൺ,  കലാകായിക മത്സരങ്ങൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top