15 November Friday

പ്രിയ ഇസ്രോ, വിട്ടുകൊടുക്കരുത്

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

ചരിത്രനിമിഷത്തിൽനിന്ന്‌ ചാന്ദ്രയാൻ‐2 തെന്നിമാറിയതിന്റെ ആഘാതത്തിലാണ് ഐഎസ്ആർഒ. രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച ഇസ്രോയോട് "വിട്ടുകൊടുക്കരുത്, പോരാടണം' എന്ന്‌ ഒറ്റക്കെട്ടായി ആവശ്യപ്പെടുകയാണ്  ഇന്ത്യൻ ചലച്ചിത്രലോകം. അമിതാഭ് ബച്ചൻ, കമൽഹാസൻ തുടങ്ങിയ പ്രമുഖതാരങ്ങൾ ഇസ്രോയുടെ പരിശ്രമത്തെ അഭിനന്ദിച്ച്  രംഗത്തുവന്നു.

അമിതാഭ് ബച്ചൻ

ചന്ദ്രൻ ഭൂമിയിൽനിന്ന്‌  3,84,400 കിലോമീറ്റർ അകലെയാണ്. 2.1 കിലോമീറ്റർമാത്രം അകലെവച്ചാണ് നാം പരാജയപ്പെട്ടത്. അതായത് 0.0005463 ശതമാനം വ്യത്യാസത്തിന്. പുതിയ തുടക്കങ്ങൾക്ക് ഈ പരാജയം അടിസ്ഥാനമാകണം. ഈ പരാജയത്തിലും വിജയത്തിന്റെ രുചിയുണ്ട്. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് എല്ലാ അഭിവാദ്യങ്ങളും.

കമൽഹാസൻ
ഇതൊരു പരാജയമല്ല. ഗവേഷണത്തിനും വികസനത്തിലും പുത്തൻ പഠനാവസരമാണ്. നമ്മൾ ഉടൻ വീണ്ടും ചന്ദ്രനിലെത്തും. നന്ദി ഐഎസ്ആർഒ. രാഷ്ട്രം നിങ്ങളെ വിശ്വസിക്കുന്നു. നിങ്ങളെ അഭിനന്ദിക്കുന്നു.

അജയ് ദേവഗൺ
രാജ്യം ഒറ്റക്കെട്ടായി അഭിമാനത്തോടെ ഒന്നിച്ചുനിൽക്കുന്നു. ഗർവോടെ, പ്രതീക്ഷയോടെ. നന്ദി ഐഎസ്ആർഒ.

തപ്‌സി പന്നു
എന്തുകൊണ്ടെന്നില്ലാതെ തൊണ്ടയിടറുന്നു, കണ്ണുകൾ നനയുന്നു. പുത്തൻ പ്രതീക്ഷയാലും ഊർജത്താലും എത്ര മനോഹരമായാണ് നിങ്ങൾ രാജ്യത്തെ ഒറ്റക്കെട്ടായി മാറ്റിയത്. വലിയ കുതിപ്പുകൾക്കുമുമ്പ് പിന്നോട്ട് ചില ചുവടുകൾ വയ്‌ക്കേണ്ടിവരുന്നത് സ്വാഭാവികം. ഐഎസ്ആർഒ ഞങ്ങളുടെ ഹീറോ.

കരൺജോഹർ
അവിശ്വസനീയമായ യത്നം നടത്തിയ ഐഎസ്ആർഒയ്ക്ക് അഭിനന്ദനം. പ്രതിഭാശാലികളാൽ നിറഞ്ഞ ഈ രാജ്യത്ത് ജനിക്കാനായതിൽ അഭിമാനം.

ശേഖർകപൂർ
ജീവിതപാഠം: നാം വയ്ക്കുന്ന ഓരോചുവടും നമ്മുടെ യാത്രയുടെ ഭാഗം. മുന്നോട്ട് ചുവടുവയ്‌ക്കുന്തോറും  മുന്നേറുന്നു. പിച്ച വയ്ക്കുന്ന കുട്ടിയെപ്പോലെ, വീഴ്ചകളിൽനിന്ന്‌ പുതിയ പാഠം പഠിക്കും. ചാന്ദ്രയാൻ രണ്ട് വൻ വിജയമാണ്. അത് ബഹിരാകാശത്തിന്റെ പുത്തൻ അതിരുകൾ തേടിയുള്ള നമ്മുടെ യാത്രയുടെ ഒരു ഭാഗംമാത്രം.

സ്വരഭാസ്‌കർ
പ്രിയപ്പെട്ട ഐഎസ്ആർഒ നിങ്ങൾ എക്കാലവും ഞങ്ങളെ പ്രചോദിപ്പിക്കുന്നു. നിങ്ങൾ ഞങ്ങൾക്കഭിമാനം.
 


പ്രധാന വാർത്തകൾ
 Top