23 September Wednesday

കലിതുള്ളി മഴ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


കൊച്ചി
മഴ കനത്തതിനെ തുടർന്ന് നഗരവും സമീപത്തെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വീടുകളിലെ താമസക്കാരെ ബന്ധുക്കളുടെ വീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ മറിഞ്ഞുവീണ്ിട്ടുണ്ട്‌. വീടുകളും തകർന്നു.   വൈദ്യുതിബന്ധവും തകരാറിലായി.  കൃഷികൾനശിച്ചു. 

പെരിയാറിലെ ജലനിരപ്പ്‌ ഉയർന്നതോടെ ഇരുകരകളിലും താമസിക്കുന്നവർക്ക്‌ ജാഗ്രതാനിർദേശം നൽകി. ആലുവ മണപ്പുറം വെള്ളത്തിനടിയിലായി. മൂവാറ്റുപുഴയാറിൽ ജലനിരപ്പ്‌ ഉയർന്നതോടെ ജില്ലയുടെ കിഴക്കൻ മേഖലയിലും താഴ്‌ന്നപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്‌‌. 

ചെല്ലാനത്ത്‌ കടൽക്ഷോഭം രൂക്ഷമായപ്പോൾ

ചെല്ലാനത്ത്‌ കടൽക്ഷോഭം രൂക്ഷമായപ്പോൾ


 

നഗരത്തിന്റെ ഭാഗമായ പനമ്പിള്ളി നഗറും രവിപുരവും തൃപ്പൂണിത്തുറയിൽ മരട്, പേട്ട  പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പശ്ചിമകൊച്ചിയോട് ചേർന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ചെല്ലാനത്തും വൈപ്പിനിലും കടൽകയറ്റം കാരണം തീരപ്രദേശത്തും വ്യാപക നാശനഷ്ടമുണ്ടായി.മൂവാറ്റുപുഴ ഇലാഹിയ നഗർ, ആനിക്കാക്കുടി കോളനി, കൊച്ചങ്ങാടി, എട്ടങ്ങാടി, കാളച്ചന്ത, കൂളുമാരി, രണ്ടാർകര, സ്റ്റേഡിയം എന്നിവിടങ്ങളിൽ വെള്ളപ്പൊക്കഭീഷണി നിലനിൽക്കുന്നുണ്ട്. 28  കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വാളകം പഞ്ചായത്തിലെ കടാതി, റാക്കാട്, മേക്കടമ്പ്, വാളകം, കുന്നയ്ക്കാൽ, പെരുവംമൂഴി, മാറാടി പഞ്ചായത്തിലെ കായനാട്, സൗത്ത് മാറാടി, നോർത്ത് മാറാടി എന്നിവിടങ്ങളിലെ പാടശേഖരങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. 

ഏലൂർ ഐഎസി കടവിനുസമീപമുള്ള വീടുകളിൽ വെള്ളം കയറിയപ്പോൾ കുഞ്ഞിനെയും കൊണ്ടുപോകുന്ന അമ്മ

ഏലൂർ ഐഎസി കടവിനുസമീപമുള്ള വീടുകളിൽ വെള്ളം കയറിയപ്പോൾ കുഞ്ഞിനെയും കൊണ്ടുപോകുന്ന അമ്മ


 

ചപ്പാത്ത്‌ മുങ്ങിയതോടെ കുട്ടമ്പുഴയിലെ ആദിവാസി ഊരുകളായ കല്ലടിമേട്, മണികണ്ഠൻചാൽ പ്രദേശങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പ്രദേശത്തേക്ക് വനംവകുപ്പും പട്ടികവർഗവകുപ്പും ദുരിതാശ്വാസം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ക്യാമ്പ് തുറക്കേണ്ടിവന്നാൽ സിഎസ്ഐ പള്ളിയിൽ അതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. കനത്ത മഴയിൽ കുട്ടമ്പുഴ, പിണ്ടിമന, വാരപ്പെട്ടി, പല്ലാരിമംഗലം വില്ലേജിൽ നാല് വീടുകൾ ഭാഗികമായി തകർന്നു.
കാലടി മണപ്പുറത്തെ ശിവക്ഷേത്രം മുങ്ങി. കാഞ്ഞൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് ചെങ്ങൽ വട്ടത്തറയിൽ നാല് വീടുകളിലും വാർഡ് അഞ്ച് തോട്ടകം പ്രിയദർശിനി കോളനിയിലെ പത്തോളം വീടുകളിലും വെള്ളം കയറി.   ആമ്പല്ലൂരിലെ തീരദേശ വാർഡുകളിലെ വീടുകളിൽ വെള്ളം കയറി. 12-–-ാം വാർഡിലെ 10 വീടുകളിലും 13–-ാം വാർഡിലെ നാല്‌ വീടുകളിലുമാണ് വെള്ളം കയറിയത്.  

വൈപ്പിൻ തീരദേശത്ത് കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ തീരങ്ങളിലാണ് കടൽക്കയറ്റം രൂക്ഷമായത്. പള്ളിപ്പുറം പഞ്ചായത്തിന്റെ തെക്കേ തീരത്തും വെള്ളം കയറിയിട്ടുണ്ട്. എടവനക്കാട് പഞ്ചായത്തിലെ അണിയൽ, പഴങ്ങാട്, ചാത്തങ്ങാട് ഉൾപ്പെടെയുള്ള തീരത്തും കൂട്ടുങ്ങൽചിറ പടിഞ്ഞാറ്, മൂരിപ്പാടം, കണ്ണുപിണ്ണകെട്ട് പടിഞ്ഞാറ്, ജയനാഗർ, മാതാബസാർ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.  നായരമ്പലം പഞ്ചായത്തിലെ പുത്തൻകടപ്പുറത്ത്‌ ഒരാഴ്ചയായുള്ള കടൽക്ഷോഭത്തെ തുടർന്ന് വീടുകളിൽ വെള്ളം കയറുന്നതിനാൽ  ജനജീവിതം ദുരിതപൂർണമാണ്. സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്തായി നൂറുമീറ്ററോളം കടൽഭിത്തിയുടെ കല്ലിടിഞ്ഞു.  ഈ ഭാഗത്ത് ശക്തമായ കടൽക്കയറ്റമാണ്.  കുഴുപ്പിള്ളിയിൽ പതിവില്ലാത്തവിധം വെള്ളം കയറി. പുതുവൈപ്പ്, വളപ്പ് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്. കിഴക്കേ കായൽത്തീരവും വെള്ളക്കെട്ടിലാണ്.

ഏലൂർ ഇടമുളയിൽ വെള്ളം കയറിയതിനെതുടർന്ന്‌ കൈയിൽ കിട്ടിയതുമായി ക്യാമ്പിലേക്ക്‌ പോകുന്നവർ

ഏലൂർ ഇടമുളയിൽ വെള്ളം കയറിയതിനെതുടർന്ന്‌ കൈയിൽ കിട്ടിയതുമായി ക്യാമ്പിലേക്ക്‌ പോകുന്നവർ


 

മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ പിറവത്തും രാമമംഗലത്തും കനത്ത ജാഗ്രത.  മണീട് പഞ്ചായത്തിലെ നീർക്കുഴി, വെട്ടിത്തറ, നെച്ചൂർ, കാരൂർക്കാവ് മേഖലകളിൽ വെള്ളം കയറിയിട്ടുണ്ട്. പിറവം നഗരസഭയിലെ കളമ്പൂർ മത്സ്യക്കോളനി പ്രദേശത്ത് ജലനിരപ്പ് ഉയർന്നു. കൂത്താട്ടുകുളം നഗരസഭയിലെ താഴ്‌ന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങൾ വെള്ളത്തിലായി. കിഴകൊമ്പ്, ശ്രീധരീയം ഭാഗം, ഇടയാർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ഇടയാർ പള്ളിപ്പടിയിൽ റോഡിൽ വെള്ളം കയറി. പല പ്രദേശങ്ങളിലും തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു.

പുത്തൻവേലിക്കര പഞ്ചായത്തിലെ തേലത്തുരുത്ത്, കോഴിത്തുരുത്ത്, തെനപ്പുറം,  ചെറുകടപ്പുറം,സ്റ്റേഷൻകടവ് തുടങ്ങിയ പ്രദേശങ്ങളാണ്‌ വെള്ളത്തിലായത്. പുഴയും തോടും കരകവിഞ്ഞൊഴുകി.  വെള്ളപ്പൊക്കസാധ്യത മുന്നിൽക്കണ്ട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ളവർ വീട്ടുപകരണങ്ങൾ മുകളിലെ നിലയിലേക്കും വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥലത്തേക്കും മാറ്റി.  കെഎംകെ കവല–പുല്ലംകുളം റോഡ്, കേസരി റോഡ്, മൂകാംബി റോഡ് തുടങ്ങി ഒട്ടേറെ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.  പറവൂർ–ആലുവ റൂട്ടിലെ വെടിമറ പ്രദേശത്തും രൂക്ഷമായ വെള്ളക്കെട്ടാണ്‌. 

ചെല്ലാനം വേളാങ്കണ്ണി ചർച്ചിനുസമീപ പ്രദേശങ്ങൾ കടൽ കയറിയപ്പോൾ

ചെല്ലാനം വേളാങ്കണ്ണി ചർച്ചിനുസമീപ പ്രദേശങ്ങൾ കടൽ കയറിയപ്പോൾ


 

കടുങ്ങല്ലൂർ പഞ്ചായത്തിൽ 14, 15, 16 വാർഡുകളിൽപ്പെട്ട പാലറ, ആലുങ്കൽ, മേക്കരപള്ളം എന്നിവിടങ്ങളിൽനിന്നായി 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.  കീഴ്മാട് പഞ്ചായത്തിൽ നാല്, ആറ്, 17 വാർഡുകളിലെ 26 വീടുകളിലാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. നാലാംവാർഡ് പറോട്ട് ലെയിൻ റോഡിൽ വെള്ളം കയറി. ഇവിടെയുള്ള ഒമ്പത് വീട്ടുകാരും ആറാം വാർഡ് മണ്ണായി ഭാഗത്തെ അഞ്ചു വീട്ടുകാരും ബന്ധുക്കളുടെ വീടുകളിലേക്ക് മാറി. 17–--ാം വാർഡ് വിന്റേജ് വാലിയിലെ 12 വീടുകളിലും  കീഴ്മാട് തുമ്പിച്ചാൽ റോഡിലും വെള്ളം കയറി. 

തുരുത്ത്, പുറയാർ, കിഴക്കേ ദേശം നിവാസികൾ പ്രളയഭീതിയിലാണ്‌. ഒറ്റരാത്രികൊണ്ടുതന്നെ പെരിയാറിലെ ജലനിരപ്പ് നാലടിയിലേറെ ഉയർന്നു. ചില ഭാഗങ്ങളിൽ കരകവിയുകയും ഉണ്ടായി.  ഞതുരുത്തിലെ ഏക്കർ കണക്കിന് പാടശേഖരങ്ങൾ വെള്ളം നിറഞ്ഞു. ഇനിയും ജലനിരപ്പ് ഉയർന്നാൽ പാടങ്ങളോടുചേർന്നുള്ള റോഡുകൾ വെള്ളത്തിനടിയിലാകും. കിഴക്കേ ദേശം ശാസ്ത്ര ക്ഷേത്രത്തിന് സമീപം കടവിൽ നദി കരകവിഞ്ഞ് റോഡിലേക്ക് വെള്ളം കയറിത്തുടങ്ങി.

കടവന്ത്ര പി ആൻഡ് ടി കോളനിയിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 20 കുടുംബങ്ങളെ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. പെരിയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയർന്നതോടെ നെടുമ്പാശേരി മേഖലയിലെ താഴ്ന്നപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. നെടുമ്പാശേരി പഞ്ചായത്തിലെ കുന്നിശേരിയിൽ പെരിയാറിന്റെ കൈവഴിയായ പുത്തൻതോട് കരകവിഞ്ഞ് 12 വീടുകളിൽ വെള്ളം കയറി.  ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ മള്ളുശേരി പുനരധിവാസകേന്ദ്രത്തിലെ 27 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top