24 September Thursday

ആ വെളിച്ചം തെളിച്ചത്‌‌ 12 ജീവിതം

എസ് ഇന്ദ്രജിത്ത്Updated: Saturday Aug 8, 2020

മണ്ണിടിച്ചിലിൽ മരിച്ച വിശാലിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തേക്ക്‌ കൊണ്ടുവരുന്നു



മൂന്നാർ
കുത്തിയൊലിച്ച്‌ പോയ മണ്ണിൽ മരണത്തോട്‌ മല്ലടിച്ച്‌ ഒരിറ്റുശ്വാസം വലിക്കാൻ പാടുപെട്ടവരെ രക്ഷിച്ച്‌ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌ നാട്ടുകാരുടെ ധീരത. അവസരോചിത ഇടപെടലിൽ രക്ഷപ്പെട്ടത് 12 പേർ‌. ബാറ്ററി ടോർച്ചിന്റെയും  പെട്രോമാക്‌സിന്റെയും വെളിച്ചത്തിൽ 200ഓളം നാട്ടുകാർ മൺവെട്ടി, പിക്കാസ്‌‌ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. വെള്ളിയാഴ്‌ച പുലർച്ചെ അഞ്ചോടെയാണ്‌ വിവരമറിഞ്ഞ്‌ കണ്ണൻദേവൻ തോട്ടത്തിലെ തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനിറങ്ങിയത്‌.

ലയത്തിന്‌ അടിയിൽപ്പെട്ടവരെ കയറുകൊണ്ട്‌ ഷീറ്റുകൾക്കിടയിൽ കൊരുത്ത്‌ ഉയർത്തിമാറ്റിയായിരുന്നു രക്ഷാപ്രവർത്തനം. പെട്ടിമുടിയിലെത്തണമെങ്കിൽ മൂന്നാറിൽനിന്ന്‌ 24 കിലോമീറ്ററും മറയൂരിൽനിന്ന്‌ 45 കിലോമീറ്ററും സഞ്ചരിക്കണം. ഏറ്റവും അടുത്തുള്ള ആശുപത്രി ടാറ്റാ ഹൈറേഞ്ച്‌ ആശുപത്രിയാണ്‌. പെട്ടിമുടിയിൽനിന്ന്‌ അന്തർ സംസ്ഥാന പാതയായ നയ്‌മക്കാട്‌  അഞ്ചാംമൈലിൽ ജീപ്പിലെത്തിച്ച്‌ എട്ടുകിലോമീറ്റർ അകലെയുള്ള ടാറ്റാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ക്യാന്റീനിൽ കഴിഞ്ഞിരുന്ന നാല് പേരെ രാത്രിതന്നെ കരയ്ക്കെത്തിച്ചു. സംഭവം അറിഞ്ഞ് ഇടമലക്കുടിയിൽനിന്നും ആദിവാസികളെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. രാജമലയിൽ മൂന്ന്‌ കിലോമീറ്റർ ഇപ്പുറവും മണ്ണിടിഞ്ഞിരുന്നു. ഇതെല്ലാം നീക്കിയാണ്‌ ഫയർഫോഴ്സും മാധ്യമപ്രവർത്തകരുമടങ്ങിയ ആദ്യസംഘം എത്തിയത്‌. ഇടുക്കിയിൽ നിന്നുള്ള ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top