18 February Tuesday

മൂന്നാറിന്റെ കുളിരിൽ വിരിഞ്ഞ അഗ്നിപൂക്കൾ

എൻ എസ് അരുൺകുമാർUpdated: Thursday Aug 8, 2019

ക്യത്യമായ ഇടവേളകളിൽ മുറതെറ്റാതെ പൂക്കുന്ന നീലക്കുറിഞ്ഞികൾക്കൊപ്പം മൂന്നാർ മേഖലയിലെ പ്രധാന ആകർഷണമായി മാറിയിരിക്കുന്നത് കൂട്ടമായിപൂവിട്ടുനിൽക്കുന്ന മറ്റൊരിനം ചെടികളാണ്. ക്രോക്കോസ്മിയ എന്നാണ് ഇവയുടെ വിളിപ്പേര്. ഓറഞ്ച്, കടുംചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളാണ് ഇവയുടെ പൂവുകൾക്ക്. അതുകെണ്ട് ഇവ കൂട്ടമായി പൂത്തുനിൽക്കുന്ന ഇടങ്ങളെ ദൂരെനിന്നു നോക്കിയാൽ കാടിനു തീപിടിച്ചിരിക്കുകയാണെന്ന് തോന്നും. ഇക്കാരണത്താൽ ഇംഗ്ളീഷ്നാടുകളിൽ അഗ്നിനക്ഷത്രം, അഗ്നിരാജൻ എന്നീ പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. ഇതിൽനിന്നുതന്നെ ഒരു കാര്യം വ്യക്തമാണ്: ഇതൊരു വിദേശ സസ്യമാണ്. സ്വദേശം വടക്കേ അമേരിക്ക. അതുകൊണ്ടുതന്നെ ഇതിനെ ഒരു അധിനിവേശസസ്യമായാണ് കണക്കാക്കുന്നത്. അതായത് നമ്മുടെ നാട്ടിലേക്ക് അതിക്രമിച്ചുകയറുകയും  തദ്ദേശീയസസ്യങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാവുകയും ചെയ്യുന്ന സസ്യങ്ങൾ. എന്നാൽ, പ്രയോജനരഹിതമെന്നു കരുതി തള്ളിക്കളയാവുന്നതല്ല ക്രോക്കോസ്മിയ ചെടികൾ.

ഒരു വർഷംമുമ്പ്, പ്രമേഹ(ടൈപ്പ് 2 ഡയബറ്റിസ്)ത്തിനെതിരെ പാർശ്വഫലങ്ങളില്ലാത്ത ഔഷധം സ്യഷ്ടിക്കുന്നതിനായി ശാസ്ത്രജ്ഞർ അതിബ്യഹത്തായ ഗവേഷണപദ്ധതിക്ക് തുടക്കംകുറിച്ചു. ഔഷധമായി കണ്ടെത്തിയത് മോൺട്ബ്രെറ്റിൻഎ ((MontbretinA) എന്ന പേരിലുള്ള ഒരേയൊരു ജൈവതന്മാത്രയെയായിരുന്നു. മോൺട്ബ്രേഷ്യ എന്നായിരുന്നു ആ ഉദ്യാനസസ്യത്തിന്റെ പേര്. അതിശയമെന്നുപറയട്ടെ, യൂറോപ്പിൽ ഈ പേരിൽ അറിയപ്പെടുന്ന ഈ ചെടിതന്നെയാണ് ഇപ്പോൾ മൂന്നാറിൽ കൂട്ടത്തോടെ പൂവിട്ടുനിൽക്കുന്ന ക്രോക്കോസ്മിയ ക്രോക്കോസ്മിഫ്ളോറ. ഇതേ ചെടിയുടെ ഇംഗ്ളീഷ് വ്യവഹാരനാമമാണ് മോൺട്ബ്രേഷ്യ. ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിലേയും കനേഡിയൻ ജീനോമിക്സ് നെറ്റ്വർക്കിലേയും ഗവേഷകരായിരുന്നു നിർണായകമായ ഈ കണ്ടെത്തൽ നടത്തിയത്. ദ പ്ളാന്റ് സെൽ എന്ന ഗവേഷണജേർണലിൽ ഈ കണ്ടെത്തൽ സംബന്ധമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.


 

പക്ഷേ, ക്രോക്കോസ്മിസ് ചെടി എന്തിനാണ് അതിന്റെ കിഴങ്ങിൽ മോൺട്ബ്രെറ്റിൻ എന്ന ജൈവസംയുക്തത്തെ സ്യഷ്ടിക്കുന്നത്? ഉത്തരം ആ ചെടിയുടെ അതിജീവനവുമായി ബന്ധപ്പെട്ട ഒന്നാണ്. കിഴങ്ങ് അഥവാ ഭൂകാണ്ഡം വഴിയാണ് ക്രോക്കോസ്മിസിന് വേഗത്തിൽ പ്രജനനം നടത്താനാവുന്നത്. വിത്തിലൂടെ നടക്കുന്നതിനെക്കാൾ എളുപ്പമാണത്. കാരണം ചെടി ജീവിച്ചിരിക്കുമ്പോൾത്തന്നെ അതിന്റെ കിഴങ്ങിൽനിന്നും പുതിയ ചെടി മുള പൊട്ടുന്നു. ഒന്നല്ല. ഒന്നിലധികം തൈച്ചെടികൾ. അവ ഒരുമിച്ചുവളരുന്നു. അങ്ങനെയുള്ള ഒത്തുചേരലിലൂടെ അവയ്ക്ക് കൂടുതൽ ഈർപ്പം പിടിച്ചുനിറുത്താനാവുന്നു. പോഷകങ്ങൾ പങ്കുവെയ്ക്കാനാവുന്നു. അവ ഒരുമിച്ചുപൂക്കുന്നതിനും ഒരേസമയത്തുള്ള ഈ പിറവിയെടുക്കൽ കാരണമാവുന്നു. അതേസമയം എല്ലാ തൈച്ചെടികളും പ്രകാശസംശ്ലേഷണത്തിലൂടെ സ്വന്തമായി ആഹാരമുണ്ടാക്കാൻ കഴിവാർജിക്കുന്നതുവരെ അവയ്ക്ക് സംഭ്യതാഹാരമായി അന്നജം കിട്ടിക്കൊണ്ടേയിരിക്കണം.

ഇതിനായി വലിയ അളവിൽ അന്നജം കിഴങ്ങിനുള്ളിൽ സംഭരിക്കേണ്ടതുണ്ട്. എന്നാൽ ഈ അന്നജം അഥവാ അമൈലോസ് വിഘടിച്ച് ഗ്ളൂക്കോസ് ആയി മാറിപ്പോവാനുള്ള സാധ്യതയുണ്ട്. അമൈലേസ് എന്ന രാസാഗ്നി അമൈലോസിനെ തകർത്തുകളയും. ഈ കുഴപ്പം പരിഹരിക്കാനായി ചെടിതന്നെ കണ്ടെത്തിയതാണ് മോൺട്ബ്രെറ്റിൻ. ഈ ജൈവതൻമാത്ര അമൈലേസ് എന്ന രാസാഗ്നിയുടെ പ്രവർത്തനത്തെ തടയും. ഇതേ ജൈവതൻമാത്രയ്ക്ക് ഇതേ ജോലി മനുഷ്യശരീരത്തിലും നിർവ്വഹിക്കാനാവും. അതായത് ശരീരത്തിലെത്തുന്ന അന്നജത്തെ ആവശ്യാനുസരണമല്ലാതെ ഗ്ളൂക്കോസാക്കി മാറ്റുന്ന അവസ്ഥയെ, രോഗാവസ്ഥയെ, പ്രമേഹത്തെ അത് തടയും. ഇങ്ങനെയാണ് മോൺട്ബ്രെറ്റിൻ പ്രമേഹത്തിനുള്ള ഔഷധമായി പ്രവർത്തിക്കുന്നത്.

എന്നാൽ ഈ ഔഷധം പ്രമേഹചികിത്സയിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വിപണിയിൽ ലഭ്യമായിട്ടില്ല. വ്യാവസായിക ഉത്പാദനം സാധ്യമാവുന്നതിന് ഉയർന്ന അളവിൽ ക്രോക്കോസ്മിയ ചെടികളിൽനിന്നും ഈ ജൈവതൻമാത്ര ലഭ്യമാകുന്നില്ല. മോൺട്ബ്രെറ്റിൻഎ എന്ന ജൈവസംയുക്തത്തെ ഉത്പാദിക്കുന്നതിനായി ക്രോക്കോസ്മിസ് ചെടിയിൽ നിലവിലിരിക്കുന്ന ജനിതകവ്യവസ്ഥ അത്രകണ്ട് കാര്യക്ഷമമല്ല. ഉദ്യാനസസ്യമായി രൂപാന്തരണം വരുത്താനായി തുടർച്ചയായി നടത്തിയ വർഗസങ്കരണങ്ങൾ ഇതു സംബന്ധമായി ഉണർന്നു പ്രവർത്തിക്കേണ്ട ജീനുകളെ ദുർബലമാക്കിയതാണ് കാരണം. അതുകൊണ്ട് ക്രോക്കോസ്മിസ് എന്ന ഉദ്യാനസസ്യത്തിന്റെ പൂർവ്വികസസ്യത്തെ തിരയുകയാണ് ശാസ്ത്രജ്ഞരിപ്പോൾ. അതിനിടെ അപ്രതീക്ഷിതമായാണ് മൂന്നാറിലെ ക്രോക്കോസ്മിസ് ചെടികളുടെ പൂവിടൽ വാർത്തയായിരിക്കുന്നത്. എന്നാൽ, ഇപ്പോഴും അറിയപ്പെടാതെ തുടരുന്ന വസ്തുതയാണ് ക്രോക്കോസ്മിസ് ചെടിയുടെ ആദിമപൂർവ്വികൻ എന്ന് വിശ്വസിക്കപ്പെടുന്ന ട്രിറ്റോണിയ പോട്ട്സി നമ്മുടെ പശ്ചിമഘട്ടത്തിൽ കാട്ടുചെടിയായി വളരുന്നുണ്ട് എന്നത്. എ എൻ ഹെൻറി, വി ചിത്ര, എൻ പി ബാലക്യഷ്ണൻ എന്നിവർ ചേർന്നു തയ്യാറാക്കി 1989ൽ പ്രസിദ്ധീകരിച്ച തമിഴ്നാട്ടിലെ സസ്യജാലം എന്ന പുസ്തകത്തിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top