14 July Tuesday

ആപ്പിൽ അടച്ചുപൂട്ടൽ അതിജീവിച്ച്‌...

എം കെ പത്മകുമാർUpdated: Friday May 8, 2020

ഓൺലൈൻ പച്ചക്കറി സംരഭകനായ നിഷാദ്‌ തൊഴിലാളികൾക്കൊപ്പം തോട്ടത്തിൽ വിളവെടുക്കുന്നു ഫോട്ടോ: ഷിബിൻ ചെറുകര


ആലപ്പുഴ
കോവിഡ്‌ കാലത്ത്‌  കുടുംബങ്ങൾ മുറിയടച്ചിരുന്നപ്പോൾ മൊബൈൽ ആപ്പ്‌വഴി ഓർഡർ സ്വീകരിച്ചാണ്‌ നിഷാദ്‌ പച്ചക്കറികൾ വീട്ടിലെത്തിച്ചത്‌.  ന്യൂജനറേഷൻ ബാങ്കിലെ ജോലി ഉപേക്ഷിച്ച്‌‌  പച്ചക്കറി കൃഷി തുടങ്ങിയ മാരാരിക്കുളം ചെറുവാരണം സരസ്വതി നിവാസിലെ ഈ യുവാവ്‌ അടച്ചുപൂട്ടലിൽ ആധുനിക സാങ്കേതിക വിദ്യ അതിജീവനമാർഗമാക്കുകയായിരുന്നു.  ‘മാരാരി ഫ്രഷ്’‌ മൊബൈൽ ആപ്പിലൂടെ ദിവസം 2000പേർക്ക്‌ വരെ പച്ചക്കറിയെത്തിച്ചു.

സ്വന്തം കൃഷിക്കുപുറമെ    പാലക്കാട്ടെ എരിത്തേംപതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലെ കർഷകരിൽനിന്ന്‌‌ പച്ചക്കറി സംഭരിച്ച്‌ വിപണനം നടത്തി. പ്രതിദിനം ഒന്നര ടണ്ണോളം പച്ചക്കറിയാണ്‌ സംഭരിച്ചത്‌. കോവിഡ്‌ പ്രതിസന്ധി ഘട്ടത്തിൽ കർഷകർക്ക്‌ കൈതാങ്ങുമായി.  ഓൺലൈൻ പച്ചക്കറി വിപണനം ജൂൺ 20 മുതൽ തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ലഭിക്കും. നിലവിൽ ഈ ആപ്പ്‌ വഴി ആലപ്പുഴ ടൗൺമുതൽ ആലുവവരെ 2000 പേർക്കാണ് പച്ചക്കറി നൽകുന്നത്‌.  ‌

ബംഗളൂരുവിൽ എൽഎൽബിക്ക്‌ പഠിക്കുന്നതിനിടെ കൂട്ടുകാരോടൊത്ത്‌ കർണാടകത്തിലെ‌ ഹൊസൂരിലെ മുളകുപാടത്തിറങ്ങിയതാണ്‌ കൃഷിയിലേക്ക്‌ തിരിയാൻ പ്രേരിപ്പിച്ചത്‌‌. വിഷം വിതറിയ ആ പാടത്തെ അന്തരീക്ഷം മനംപുരട്ടുന്നതായിരുന്നുവെന്ന്‌ നിഷാദ്‌. തുടർന്നുള്ള ചിന്ത വിഷരഹിത പച്ചക്കറി കൃഷിയെക്കുറിച്ചായിരുന്നു. മണ്ണുത്തിയിൽനിന്ന്‌ 150 ചുവട്‌ പച്ചമുളക്‌ തൈ വാങ്ങി. വീട്ടുപറമ്പിൽ കൃഷി തുടങ്ങി. നല്ല വിളവ്‌ ലഭിച്ചു. മാരാരിക്കുളത്ത്‌ പതിനായിരം ചുവട്‌ മുളക്‌ തൈ നട്ടു. വിളവ്‌ ഒട്ടും മോശമായില്ല.‌ പ്രതിദിനം 200 കിലോവരെ മുളക്‌ പറിച്ചു.

കൃഷി നഷ്ടക്കച്ചവടമല്ലെന്ന്‌ സ്വയം തിരിച്ചറിഞ്ഞതോടെ മറ്റു പച്ചക്കറികളിലേക്ക്‌ കടന്നു. സ്ഥലം പാട്ടത്തിനെടുത്ത്‌ വ്യാപകമായി കൃഷി തുടങ്ങി. ഇപ്പോൾ നാല്‌ തോട്ടങ്ങളിലും രണ്ടു പാടങ്ങളിലുമായി 12 ഏക്കറിലാണ്‌ കൃഷി. രക്തശാല അരിയും കൃഷി ചെയ്യുന്നു. 30 ഇനം പച്ചക്കറികൾക്കു പുറമെ  ആറിനം പഴവർഗങ്ങളും നിഷാദിന്റെ തോട്ടങ്ങളിലുണ്ട്‌.

2018ൽ വെബ്‌സൈറ്റ്‌ തുടങ്ങി. ഫോണിലും ഓർഡർ സ്വീകരിച്ചു. ആലപ്പുഴയ്‌ക്കു പുറമെ എറണാകുളം ജില്ലയിലും പച്ചക്കറി എത്തിച്ചു.  ബന്ധു രാജീവ്‌ കൃഷ്‌ണനുമായി ചേർന്ന്‌ മാരാരി ഫ്രഷ്‌ ആപ്‌  മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കി.

പച്ചക്കറിക്കും പഴവർഗങ്ങൾക്കും പുറമെ അരിയും അച്ചാറും ചേമ്പിൻതാളും വാഴപ്പിണ്ടിയും ആവശ്യക്കാർക്ക്‌ എത്തിച്ചുനൽകും.  വടകരപ്പതിയിൽ 25 ഏക്കർ പാട്ടത്തിനെടുത്ത്‌ കൃഷി ചെയ്യാനിരിക്കയാണ്‌‌. കൊഴിഞ്ഞമ്പാറയിൽ സംഭരണ കേന്ദ്രവും തുടങ്ങുമെന്നും നിഷാദ്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top