26 May Sunday

ജനാധിപത്യ ഇന്ത്യ നിലനിൽക്കണം

ബാലചന്ദ്രൻ ചുള്ളിക്കാട്‌Updated: Monday Apr 8, 2019


ജനാധിപത്യ ഇന്ത്യയെ തകർത്ത‌് സവർണാധിപത്യത്തിലും ചാതുർവർണ്യ വ്യവസ്ഥയിലും അധിഷ്ഠിതമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക, മൻമോഹൻ സിങ‌് തുടക്കമിട്ട ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും സമ്പൂർണമാക്കുക, ഇന്ത്യയുടെ ദേശീയ സമ്പത്ത്‌ ബഹുരാഷ്ട്ര കുത്തകകൾക്ക‌് അടിയറവയ്ക്കുക, ഇന്ത്യൻ സംസ്കാരത്തിൽനിന്ന‌് മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നീ ആശയങ്ങൾ തുടച്ചുനീക്കുക–- ഇതാണ‌് സംഘപരിവാർ രാഷ്ട്രീയം. ഈ രാഷ്ട്രീയം നമ്മുടെ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമുദായ മൈത്രിയുടെയും അന്ത്യം കുറിക്കും. എല്ലാ മനുഷ്യർക്കും തുല്യനീതിയും അവകാശങ്ങളും ഉറപ്പ‌ുനൽകുന്ന ഭരണഘടന തകർക്കപ്പെടും. അതിനാൽ ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ജനാധിപത്യ ഇന്ത്യയുടെ നിലനിൽപ്പിന‌് അനിവാര്യമാണ‌്.

നരസിംഹറാവു സർക്കാരിന്റെ ഒത്താശയോടെയാണ‌് ബാബ‌്റി മസ്ജിദ‌് തകർക്കപ്പെട്ടത‌്. അതാണ‌് ഹിന്ദുത്വശക്തികൾ മേൽക്കൈ നേടാൻ കാരണം. നിർണായക ഘട്ടങ്ങളിലെല്ലാം വർഗീയശക്തികളെ മാറിമാറി പ്രീണിപ്പിക്കുന്ന കോൺഗ്രസ‌് രാഷ്ട്രീയം ഹിന്ദുത്വശക്തികളുടെ വളർച്ചയെ സഹായിക്കുകയാണ‌് ചെയ്തത‌്. സോഷ്യലിസ്റ്റ‌് കാഴ‌്ചപ്പാട‌് പൂർണമായും കൈയൊഴിഞ്ഞ മൻമോഹൻ –- സോണിയ കോൺഗ്രസിന്റെ സാമ്പത്തികനയം തന്നെയാണ‌് മോഡി സർക്കാർ തുടരുന്നത‌്.

ബഹുരാഷ്ട്ര കുത്തകകളുടെ കൊള്ളയ്ക്കും ചൂഷണത്തിനും എതിരായി സംഘടിക്കുന്നതിൽനിന്ന‌് ജനങ്ങളെ തടഞ്ഞ‌് അവരെ ഭിന്നിപ്പിച്ചു തമ്മിലടിപ്പിക്കുക എന്നതാണ‌് മതരാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ദൗത്യം. തൊഴിലാളികളുടെയും കർഷകരുടെയും സാധാരണക്കാരുടെയും പൊതുവായ ജീവിതപ്രശ്നങ്ങളെ പരിഗണിക്കുന്നത‌് വർഗരാഷ്ട്രീയമാണ‌്. വർഗീയ രാഷ്ട്രീയമല്ല. അതിനാൽ ജാതി മതാതീതമായ വർഗരാഷ്ട്രീയത്തെയാണ‌് ശക്തിപ്പെടുത്തേണ്ടത‌്.
കേരളത്തിൽ സവർണാധിപത്യത്തെയും ജന്മിത്തത്തെയും തകർത്ത മുഖ്യശക്തി കമ്യൂണിസ്റ്റ‌് പ്രസ്ഥാനമാണ‌്. മതത്തിനും ജാതിക്കും അതീതമായി പാവപ്പെട്ടവരെ ഒരുമിപ്പിച്ചത‌് കമ്യൂണിസ്റ്റ‌് പാർടിയാണ‌്. മതേതര ജനാധിപത്യ സോഷ്യലിസ്റ്റ‌് ഇന്ത്യയ്ക്ക‌ുവേണ്ടി  ഇന്ന‌് നിലകൊള്ളുന്നത‌് ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനം മാത്രമാണ‌്. അതുകൊണ്ട‌് ഓരോ വോട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക‌്.


പ്രധാന വാർത്തകൾ
 Top