21 July Sunday

പണ്ടേപോലെ ഫലിക്കുന്നില്ല

സാജൻ എവുജിൻUpdated: Monday Apr 8, 2019


ന്യൂഡൽഹി
സ്വന്തം പ്രതിച്ഛായ സംരക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്ന നിതീഷ‌്കുമാറിന്റെ പതിവ‌് തന്ത്രങ്ങൾ ഇപ്പോൾ ഫലിക്കുന്നില്ല. സംഘപരിവാർ കൂടാരത്തിലെ കാര്യസ്ഥന്റെ വേഷംമാത്രമാണ‌് ബിഹാർ മുഖ്യമന്ത്രിക്ക‌് അവകാശപ്പെടാൻ കഴിയുക. പഴയ സോഷ്യലിസ്റ്റ‌് സിംഹത്തിന‌് മുരളാൻപോലും കഴിയുന്നില്ല. പ്രധാനമന്ത്രി സ്ഥാനാർഥിയായിപ്പോലും മാധ്യമങ്ങൾ ചർച്ചചെയ‌്ത നിതീഷിന്റെ നിഴൽ മാത്രമാണിപ്പോൾ.

പട‌്നയിൽ എൻജിനിയറിങ‌് കോളേജ‌് വിദ്യാർഥിയായിരിക്കെ 1970കളുടെ മധ്യത്തിൽ രാഷ്ട്രീയത്തിൽ ആകൃഷ്ടനായ നിതീഷ‌് തന്റെ ഗുരുവായി കണ്ടത‌് ജയപ്രകാശ‌് നാരായണനെയാണ‌്. അടിയന്തരാവസ്ഥയിൽ ജയിലിലുമായി. തുടർന്ന‌്, പൊതുരംഗത്ത‌് സജീവമായ നിതീഷ‌് ആദ്യത്തെ രണ്ട‌് തെരഞ്ഞെടുപ്പു മത്സരങ്ങളിലും പരാജയം നുണഞ്ഞു. 1985ൽ ബിഹാർ നിയമസഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടു. അളന്നുകുറിച്ച‌ുമാത്രം സംസാരിക്കുന്ന നിതീഷ‌് 1987ൽ യുവ ലോക‌്ദൾ ദേശീയ അധ്യക്ഷസ്ഥാനത്തെത്തി. 1989ൽ ജനതാദൾ ജനറൽ സെക്രട്ടറിയുമായി. രാംലക്ഷ‌്മൺ സിങ‌് യാദവിനെ 1989ലെ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതോടെ നിതീഷിന‌് ജനകീയ നേതാവ‌് എന്ന പരിവേഷം ലഭിച്ചു.

വി പി സിങ‌് സർക്കാരിൽ കൃഷിസഹമന്ത്രിയായി നിയോഗിക്കപ്പെട്ടു. ബിഹാർ ജനതാദ‌‌ളിലെ ആഭ്യന്തരതർക്കങ്ങളിൽ ലാലുപ്രസാദ‌് യാദവിനൊപ്പമായിരുന്നു നിതീഷ‌്. 1994ൽ ലാലു പ്രസാദുമായി തെറ്റിയ നിത‌ീഷും ജോർജ‌് ഫെർണാണ്ടസും ചേർന്ന‌്‌ സമത പാർടി രൂപീകരിച്ചു. ജനതാദൾ, ബിജെപി, കോൺഗ്രസ‌് എന്നീ കക്ഷികളിൽനിന്ന‌് ബിഹാറിനെ രക്ഷിക്കുമെന്നായിരുന്നു സമതപാർടിയുടെ പ്രഖ്യാപനം. ബിഹാർ വിഭജനത്തെ അദ്ദേഹം ശക്തിയായി എതിർക്കുകയും ചെയ‌്തു. എന്നാൽ, കുർമി സമുദായത്തിന്റെമാത്രം പിന്തുണയുണ്ടായിരുന്ന സമത പാർടിക്ക‌് 1995ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 324ൽ ഏഴ‌് സീറ്റിൽ മാത്രമാണ‌് ജയിക്കാനായത‌്. ലാലു രണ്ടാം തവണയും മുഖ്യമന്ത്രിയായി.

ഒറ്റപ്പെടൽ  ഒഴിവാക്കാൻ നിതീഷ‌് അക്കാലത്ത‌് ബിഹാറിൽ കാര്യമായ സ്വാധീനമില്ലാതിരുന്ന ബിജെപിയുമായി സഖ്യത്തിലെത്തി. 1998 മുതൽ 2004 വരെ വാജ‌്പേയി സർക്കാരിൽ മന്ത്രിയാകാൻ ഇതുവഴി സാധിച്ചു. റെയിൽവേ, കൃഷി, ഉപരിതല ഗതാഗതം വകുപ്പുകൾ കൈകാര്യം ചെയ‌്തു. ഇതിനിടെ 2000 മാർച്ചിൽ ഏഴ‌് ദിവസം ബിഹാർ മുഖ്യമന്ത്രിയായി ഇരുന്നെങ്കിലും സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ രാജിവയ‌്ക്കേണ്ടിവന്നു. നിതീഷിന്റെ നേതൃത്വത്തിൽ 2005ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ എൻഡിഎ അധികാരത്തിൽ വന്നു. സമത പാർടി 2003ൽ ഐക്യജനതാദളായി(ജെഡിയു) .

ബിജെപി 2013ൽ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ നിതീഷിന്റെ പ്രതിച്ഛായബോധം ഉണർന്നു. ഗുജറാത്ത‌് വംശഹത്യക്ക‌് ഉത്തരവാദിയായ മോഡിയെ അംഗീകരിക്കാൻ കഴിയില്ലെന്ന വാദം ഉയർത്തി ബിജെപിബന്ധം ഉപേക്ഷിച്ചു. 2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിനു നേരിട്ട  പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം  ഏറ്റെടുത്ത‌് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞു. പകരം നിയോഗിച്ച ജിതേൻ മാഞ്ചി കളംവിട്ട‌് കളിച്ചപ്പോൾ വീണ്ടും അധികാരം ഏറ്റെടുത്തു. 2015ൽ ആർജെഡി, കോൺഗ്രസ‌് എന്നിവയുമായി മഹാസഖ്യം രൂപീകരിച്ച‌് ഭരണം നിലനിർത്തി.

അധികം വൈകാതെ ബിജെപിയുടെ കെണിയിൽ കുടുങ്ങിയ നിതീഷ‌് തെരഞ്ഞെടുപ്പ‌് സഖ്യകക്ഷികളെ ഉപേക്ഷിച്ചു. ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്നുവെങ്കിലും അഴിമതിയാരോപണങ്ങളും ഭരണപരാജയവും നിതീഷിന്റെ സ്വാധീനത്തിനു മങ്ങലേൽപ്പിച്ചിരിക്കുന്നു. ഉപതെരഞ്ഞെടുപ്പുകളിൽ പരാജയം നേരിട്ട എൻഡിഎയ‌്ക്ക‌് ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കനത്ത വെല്ലുവിളിയാണ‌്. തിരിച്ചടി ആവർത്തിച്ചാൽ ജെഡിയു–-ബിജെപി ബന്ധം ഉലയുമെന്ന‌് ഉറപ്പ‌്.


പ്രധാന വാർത്തകൾ
 Top