27 May Wednesday

അമ്മമാരുടെ ‘കവർ’ പേജ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020


തൃശൂർ
വീട്ടിലെ സ്ത്രീകളെടുക്കുന്ന തൊഴിലിന് അളവുകോലില്ല. മുറ്റം അടിക്കൽ തുടങ്ങി രാത്രി ഉറങ്ങുംവരെ ദിവസംമുഴുവൻ പണികൾ. തൃശൂർ ചെമ്പൂക്കാവ് സ്വദേശി അനുജാത് എന്ന കൊച്ചു കലാകാരന്റെ മനസ്സിൽനിന്നുതിർന്ന ‘എന്റെ അമ്മയും അയൽവക്കത്തെ അമ്മമാരും' എന്ന ചിത്രത്തിലെ സ്ത്രീശക്തി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ മനസ്സിലേക്കും പടർന്നു.  ഈ ചിത്രം പ്രത്യേകം പരാമർശിച്ചാണ് സ്ത്രീകൾക്കായി 1509 കോടിയുടെ പദ്ധതികൾ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത്.

ശങ്കേഴ്സ് അക്കാദമിയുടെ അന്താരാഷ്ട്ര പെയിന്റിങ് മത്സരത്തിൽ ചിത്രം ഒന്നാംസ്ഥാനം നേടി. അമ്മ സിന്ധുവാണ് ചിത്രത്തിന് പേര് നിർദേശിച്ചത്.  പക്ഷേ, മത്സരഫലം വരുംമുമ്പേ അസുഖംമൂലം അമ്മ മരിച്ചു. തൃശൂർ ദേവമാതാ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയായ അനുജാതിന്  കേന്ദ്ര വനിതാശിശു വികസന മന്ത്രാലയത്തിന്റെത് അടക്കം നിരവധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. അച്ഛൻ വിനയ്‌ലാലും ചിത്രകാരനാണ്. 

ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി തന്റെ ചിത്രത്തെക്കുറിച്ച് പറഞ്ഞ വിവരം സ്കൂളിൽ ക്ലാസിലിരിക്കുമ്പോഴാണ് അനുജാത് അറിയുന്നത്. ചിത്രം ബജറ്റിൽ പരാമർശിച്ചതിൽ സന്തോഷമുണ്ടെന്നും അംഗീകാരം അമ്മയ്ക്ക് സമർപ്പിക്കുന്നവെന്നും അനുജാത്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top