30 May Saturday

ആരോഗ്യം വിളയും, കാരുണ്യം തുടരും

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

മറ്റ്  ആരോഗ്യ പദ്ധതികളിൽ  ഉൾപ്പെടാത്ത കുടുംബങ്ങൾക്ക്‌ പഴയ കാരുണ്യ ബനവലന്റ്‌ സ്കീമിന്റെ ആനുകൂല്യങ്ങൾ തുടർന്നും ലഭ്യമാക്കും. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിയിൽ പെടാത്തവർക്കും ഈ ആനുകൂല്യം ലഭിക്കും.

കാരുണ്യ ബനവലന്റ്‌ സ്കീമിൽ ഒരു കുടുംബത്തിന് ജീവിതത്തിൽ ആകെ രണ്ടുലക്ഷം രൂപയാണ് ചികിത്സാ ധനസഹായം ലഭിക്കുന്നത്. പദ്ധതിയും മറ്റ്‌ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതികളും സംയോജിപ്പിച്ച്‌ 2019 ഏപ്രിൽ ഒന്നുമുതലാണ് സംസ്ഥാന സർക്കാർ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി നടപ്പാക്കിയത്‌. പ്രതിവർഷം കുടുംബങ്ങൾക്ക്‌ അഞ്ച്‌ ലക്ഷംരൂപവരെ കിടത്തിച്ചികിത്സയ്ക്കായി ലഭിക്കുന്നു. പദ്ധതി നടപ്പാക്കാൻ 700 കോടിരൂപ ആവശ്യമായി വരുന്നതിൽ 140 കോടി മാത്രമാണ്‌ കേന്ദ്ര സഹായമായി ലഭിക്കുന്നത്‌.

മരുന്ന്‌ വില കുത്തനെ കുറയും
അവയവ മാറ്റ ശസ്ത്രക്രിയക്ക്‌ശേഷം ഉപയോഗിക്കേണ്ട മരുന്നുകളുടെ വില കുത്തനെ കുറയും.  പ്രതിദിന മരുന്നിനായി ശരാശരി 250 രൂപ ചെലവാകും. ഇത്‌ 28 രൂപയായി കുറയ്ക്കും. കേരള സ്‌റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിലെ നോൺ ബീറ്റ ലാക്ടം പ്ലാന്റുകൾ ഏപ്രിലിൽ ഉദ്‌ഘാടനം ചെയ്യും.

ഓങ്കോളജി പാർക്ക്‌
ക്യാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക്‌ ലഭ്യമാക്കുന്നതിനായി ആലപ്പുഴയിൽ ഓങ്കോളജി പാർക്ക്‌ നിർമിക്കും. ഈ വർഷം തന്നെ പാർക്ക്‌ സ്ഥാപിക്കും.

താലൂക്ക്‌ ആശുപത്രികളിൽ ട്രോമ കെയർ
വിദഗ്‌ധ ആരോഗ്യസേവനങ്ങൾ താഴേത്തട്ടിലും ലഭ്യമാക്കാനുള്ള ശ്രമം തുടരും. ജില്ലാ ആശുപത്രികളിൽ ഹൃദ്രോഗ ചികിത്സാ സൗകര്യം ഉറപ്പാക്കും. ട്രോമ കെയർ സംവിധാനവും ഡയാലിസിസ്‌ സംവിധാനവും എല്ലാ താലൂക്ക്‌ ആശുപത്രിയിലും ലഭ്യമാക്കും. സംസ്ഥാനത്തെ 80 ശതമാനം ക്യാൻസർ രോഗികൾക്കും ഉടൻതന്നെ സർക്കാർ സംവിധാനത്തിൽ ചികിത്സ ലഭ്യമാക്കും. ഇതിനായി ചികിത്സാ സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വിപുലീകരിക്കും. ആർദ്രം പദ്ധതിയുടെ  ഭാഗമായി ദ്വിതീയ, ത്രിതീയ ആശുപത്രികൾ യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിക്കുന്നു. മുഴുവൻ ജനങ്ങളുടെയും ആരോഗ്യ ഡാറ്റാബേസ്‌ തയ്യാറാക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top