19 June Wednesday

താമരക്കൈയിലല്ലോ മമ ഹൃദയം

ആർ ജയസൂര്യൻUpdated: Friday Feb 8, 2019

കോൺഗ്രസ‌് മുക്തഭാരതം എന്നായിരുന്നു 2014ലെ പൊതുതെരഞ്ഞെടുപ്പിന‌ുശേഷം ബിജെപി ഉയർത്തിയ മുദ്രാവാക്യം. ഇതു കേൾക്കാൻ കാത്തിരിക്കുകയായിരുന്നു കോൺഗ്രസുകാരെന്ന‌് തോന്നിപ്പോകും പിന്നീടുണ്ടായ സംഭവവികാസങ്ങൾ വീക്ഷിക്കുമ്പോൾ.  വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ‌് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേക്കേറാൻ തുടങ്ങിയതോടെ നരേന്ദ്ര മോഡിക്കും അമിത‌് ഷായ‌്ക്കും കാര്യങ്ങൾ വിചാരിച്ചതിലും എളുപ്പമായി. ബിജെപി പാളയത്തിൽ ചേക്കേറിയവരിൽ മുൻ കേന്ദ്രമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ, ഗവർണർമാർ, പിസിസി പ്രസിഡന്റുമാർമുതൽ പ്രാദേശിക നേതാക്കൾവരെ. കോൺഗ്രസ‌് നിയമസഭാകക്ഷിയെ ഒന്നാകെ കൂറുമാറ്റിയാണ‌് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബിജെപി കാവി പുതപ്പിച്ചത‌്. 2014ൽ ബിജെപി എംപിമാരായ 282 പേരിൽ 100ൽ ഏറെപ്പേർ മുൻ കോൺഗ്രസുകാരായിരുന്നു. തെരഞ്ഞെടുപ്പ‌് ഘട്ടത്തിൽ സിറ്റിങ‌് എംപിമാരുൾപ്പെടെ നിരവധി നേതാക്കൾ ബിജെപിയിൽ അഭയംതേടി.

കോൺഗ്രസിന്റെ ദേശീയ നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായിരുന്ന എസ‌് എം കൃഷ‌്ണ‌, വിജയ‌് ബഹുഗുണ, ജഗദാംബികാ പാൽ എന്നിവർക്ക‌് ബിജെപിയിലേക്ക‌് പോകാൻ ഒട്ടും മടിയുണ്ടായില്ല. യുപിയിലെ പിസിസി പ്രസിഡന്റായിരുന്ന റീത്ത ബഹുഗുണ ജോഷി ഇപ്പോൾ യോഗി ആദിത്യനാഥ‌് മന്ത്രിസഭയിൽ മന്ത്രി. യുപിയിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഗവർണറുമൊക്കെയായിരുന്ന എൻ ഡി തിവാരി അവസാനകാലത്ത‌് സകുടുംബം ബിജെപിയിൽ അഭയംതേടി. തെലങ്കാനയിലെ കോൺഗ്രസ‌് നേതാവും ആന്ധ്ര മുൻ ഉപമുഖ്യമന്ത്രിയുമായ ദാമോദർ രാജ നരസിംഹ റെഡ്ഡിയുടെ ഭാര്യ പത്മിനി റെഡ്ഡി ഇപ്പോൾ ബിജെപി നേതാവാണ‌്.

അരുണാചൽ പ്രദേശിലെ ബിജെപി നിയമസഭാകക്ഷിയിലെ 47 പേരിൽ 42 പേരും കോൺഗ്രസുകാരാണ‌്. മണിപ്പുരിലെ ബിജെപി മുഖ്യമന്ത്രി എൻ ബൈറെൻ സിങ‌് കഴിഞ്ഞതവണ കോൺഗ്രസ‌് മന്ത്രിയായിരുന്നു. അരുണാചൽ പ്രദേശ‌്  മുഖ്യമന്ത്രി പേമ ഖണ്ഡുവും മുൻ കോൺഗ്രസ‌് നേതാവാണ‌്. ഇദ്ദേഹത്തിന്റെ അച്ഛൻ ഡോർജി ഖണ്ഡു മുൻ മുഖ്യമന്ത്രിയും കോൺഗ്രസ‌് നേതാവുമായിരുന്നു.

 

യുപിഎ മന്ത്രിസഭയിൽ എ കെ ആന്റണിക്കുകീഴിൽ  പ്രതിരോധ സഹമന്ത്രിയായിരുന്ന  റാവു ഇന്ദ്രജിത‌് സിങ‌്  ഇപ്പോൾ ബിജെപി നേതാവും  മോദി മന്ത്രി സഭയിൽ കരുത്തനായ സഹമന്ത്രിയുമാണ‌്. ഹരിയാനയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന റാവു ബീരേന്ദ്രസിങ്ങിന്റെ മകനായ ഇന്ദ്രജിത‌് സിങ‌്. നാലു വണ കോൺഗ്രസ‌് എംഎൽഎയും  പിന്നീട‌് എംപിയും മൂന്ന‌്  തവണ മന്ത്രിയുമായിരുന്നു.   2014 ൽ ആണ‌് ബിജെപിയിലേക്ക‌് ചേക്കേറിയത‌്.

മേഘാലയയിലെ ആരോഗ്യമന്ത്രി അലക‌്സാണ്ടറും കോൺഗ്രസ‌് മുൻ നേതാവാണ‌്. അസമിലെ മന്ത്രിമാരായ ഹിമന്ത ബിശ്വ ‌ശർമയും പല്ലഭ‌് ലോചൻ ദാസും ബിജെപിയിലെ മുൻ കോൺഗ്രസുകാരാണ‌്.

യൻതുങ്കോ നാഗാലാൻഡിൽ മന്ത്രിപദവി ലഭിച്ച മുൻ കോൺഗ്രസ‌് നേതാവാണ‌്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നോർത്ത‌് ഈസ്റ്റ‌് ഡെമോക്രാറ്റിക‌് അലയൻസിലൂടെ ബിജെപി ഭരണത്തിലെത്തിയത‌് കോൺഗ്രസ‌് നേതാക്കളെ പണംകൊടുത്ത‌് വിലയ‌്ക്കുവാങ്ങിയാണ‌്. ഉത്തരാഖണ്ഡിലെ കോൺഗ്രസ‌് നേതാക്കളായിരുന്ന സത്യപാൽ മഹാരാജ‌്, ഭാര്യ അമൃത റാവത‌്, മുൻ സ‌്പീക്കർ യശ‌്പാൽ ആര്, മുൻ മന്ത്രി ഹരക‌് സിങ‌് റാവത‌്, സുബോധ‌് ഉണ്യാൽ, പ്രണവ‌്സിങ‌് തുടങ്ങിയവർ ഇപ്പോൾ ബിജെപിയിലാണ‌്.

ഗോവയിലെ മുൻ കോൺഗ്രസ‌് എംഎൽഎമാരായ വിജയ‌് പൈ ഖോട്ട‌്, പ്രവീൺ ജാൻടെ, പാണ്ടുരങ്ക‌് എന്നിവർ 2017ൽ ബിജെപി സ്ഥാനാർഥികളായി. ഗോവയിൽ 2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌് സ്ഥാനാർഥിയായി മത്സരിച്ച‌് വിജയിച്ച വിശ്വജിത‌് റാണെ ഇപ്പോൾ ബിജെപി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയാണ‌്. ഗുജറാത്തിൽ അടുത്തിടെ രാജിവച്ച കോൺഗ്രസ‌് എംഎൽഎ ആശാപട്ടേലും ബിജെപിയിലെത്തി. വിജയ‌് രൂപാനി മന്ത്രിസഭയിൽ മന്ത്രിയായ കുൻവർജിത‌് ബാവാലിയ കോൺഗ്രസ‌് എംഎഎൽഎയും എംപിയുമായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top