10 August Monday

എവിടെയും ആവർത്തിക്കാം

എൻ എസ്‌ അർജുൻUpdated: Saturday Dec 7, 2019

 ‘ഏറ്റുമുട്ടലിന്‌ ഇരയാകുന്നവരുടെ പട്ടിക ഒരിക്കലും സ്ഥിരമായിരിക്കില്ല. ഇന്നലെ അത്‌ ഭീകരവാദിയെന്ന്‌ ആരോപിക്കപ്പെടുന്നവരാകാം. ഇന്ന്‌ ‘കുപ്രസിദ്ധ കുറ്റവാളികൾ’ ആകാം. നാളെ ബലത്സംഗ കേസ്‌ പ്രതികളാകാം. കുറച്ചുദിവസങ്ങൾ കഴിഞ്ഞാൽ മോഷ്ടാക്കളും പോക്കറ്റടിക്കാരും ആകാം. അടുത്തദിവസം അത്‌ പണിമുടക്കുന്ന തൊഴിലാളികളാകാം... പിശാചായി ചിത്രീകരിക്കാവുന്ന ആരുമാകാം... അത്‌ സാവകാശം നമ്മളെയെല്ലാം വിഴുങ്ങാനെത്തും’.


പൊലീസ്‌ നടത്തുന്ന ‘ഏറ്റുമുട്ടൽക്കൊലപാതകങ്ങൾ’ തെലങ്കാനയ്‌ക്കോ മുൻ അവിഭക്ത ആന്ധ്രപ്രദേശിനോ പുതിയ കാര്യമല്ല. വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗംചെയ്‌ത്‌ നിഷ്‌ഠുരമായി കൊലപ്പെടുത്തിയ കേസിലെ നാല്‌ പ്രതികളെ വെള്ളിയാഴ്‌ച പുലർച്ചെ കൊലപ്പെടുത്തിയ പൊലീസുകാരുടെ നായകനായ സൈബറാബാദ്‌ പൊലീസ്‌ കമീഷണർ വിശ്വനാഥ്‌ സി സജ്ജനാറിനും ഇത്‌ പുതിയ കാര്യമല്ല. എന്നാൽ, ഇതിനെ ഏറ്റുമുട്ടൽക്കൊലപാതകം എന്ന്‌ വിശേഷിപ്പിക്കുന്നത്‌ പരിഹാസ്യമാണ്‌. ഇത്‌ നിർലജ്ജമായ കസ്റ്റഡി കൊലപാതകമാണ്‌. കൊല്ലപ്പെട്ട പ്രതികളെ 48 മണിക്കൂർമുമ്പുമാത്രമാണ്‌ കോടതി പൊലീസ്‌ കസ്റ്റഡിയിൽ വിട്ടത്‌.

പൊലീസ്‌ നിയമവിരുദ്ധമായി നടത്തിയ കൊലപാതകത്തേക്കാൾ നടുക്കമുളവാക്കുന്നത്‌ ഇതിനോട്‌ ജനങ്ങളുടെ പ്രതികരണമാണ്‌. സംഭവവസ്ഥലത്ത്‌ തടിച്ചുകൂടിയ ആഹ്ലാദഭരിതരായ ജനക്കൂട്ടം കൊലപാതകത്തിൽ പങ്കെടുത്ത പൊലീസുകാരെ വീരനായകരെയെന്നപോലെ എടുത്തുയർത്തി. സമീപത്തെ പാലത്തിനു മുകളിൽനിന്ന്‌ ജനങ്ങൾ അവർക്കുമേൽ പുഷ്‌പവൃഷ്ടി നടത്തി. ‘ഝടിതിയിൽ നീതി നടപ്പാക്കിയതിന്‌’ ഹൈദരാബാദിൽ ആരാധകർ സജ്ജനാറിന്റെ ചിത്രത്തിൽ പാലഭിഷേകം നടത്തി. നിയമവാഴ്‌ചയ്‌ക്കു നേരെയുണ്ടായ അപായകരമായ പ്രഹരം തെലങ്കാന ഹൈക്കോടതിയിലെ ഒരു വിഭാഗം വനിതാ അഭിഭാഷകർ ആഘോഷിച്ചത്‌ പൊലീസുകാർക്ക്‌ മധുരം നൽകിയാണ്‌.

വെള്ളിയാഴ്‌ച സജ്ജനാർ നടത്തിയ വാർത്താസമ്മേളനം മറ്റ്‌ ഏത്‌ ഏറ്റുമുട്ടൽക്കൊലപാതകത്തിലുമെന്നപോലെ നിശ്ചിത രൂപത്തിലായിരുന്നു. ‘ഞങ്ങളുടെ ആയുധങ്ങൾ തട്ടിയെടുത്തു, ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അവരെ വെടിവയ്‌ക്കുകയല്ലാതെ മറ്റ്‌ വഴിയുണ്ടായിരുന്നില്ല. പ്രതികൾ കല്ലെറിഞ്ഞപ്പോൾ രണ്ട്‌ പൊലീസുകാർക്ക്‌ പരിക്കേറ്റു. ഒരാൾ ഐസിയുവിൽ ചികിത്സയിലാണ്‌!’ ഈ കൊലപാതകങ്ങൾ ദേശീയ മനുഷ്യാവകാശ കമീഷൻ (എൻഎച്ച്‌ആർസി) സ്വമേധയാ പരിഗണിക്കുന്നത്‌ സംബന്ധിച്ച്‌ മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോൾ ആര്‌ പരിഗണിച്ചാലും മറുപടി നൽകുമെന്നായിരുന്നു കമീഷണറുടെ പ്രതികരണം.

ഇതേ അഭ്യാസത്തിലൂടെ മുമ്പും കടന്നുപോയിട്ടുണ്ട്‌ എന്നതാണ്‌ ഇക്കാര്യത്തിൽ കമീഷണറുടെ കൂസലില്ലായ്‌മയ്‌ക്ക്‌ കാരണം. 2008 ഡിസംബർ രണ്ടാംവാരത്തിൽ അദ്ദേഹം വാറങ്കൽ ജില്ലാ പൊലീസ്‌ സൂപ്രണ്ടായിരിക്കെ മൂന്ന്‌ യുവാക്കളെ പൊലീസ്‌ വെടിവച്ചുവീഴ്‌ത്തിയിരുന്നു. ഒരു ആസിഡ്‌ ആക്രമണക്കേസിൽ ഇവരെ പിടിച്ച്‌ ഏതാനും മണിക്കൂറുകൾ കഴിഞ്ഞായിരുന്നു അത്‌. വൈ എസ്‌ രാജശേഖര റെഡ്ഡിയായിരുന്നു അന്ന്‌ മുഖ്യമന്ത്രി. അന്നും ഇദ്ദേഹത്തെ ആ ഏറ്റുമുട്ടൽക്കൊലപാതകങ്ങൾക്ക്‌ പലരും സ്‌തുതിച്ചു. ആക്രമണരംഗം ‘പുനഃസൃഷ്ടിക്കാൻ’ ഇപ്പോൾ സംഭവിച്ചതുപോലെ അന്നും പ്രതികളെ സംഭവസ്ഥലത്ത്‌ കൊണ്ടുപോയിരുന്നു.

നിയമവാഴ്‌ചയോടുള്ള  ഈ അവഹേളനത്തെയും ഇത്തരം കസ്റ്റഡി കൊലപാതകങ്ങൾ പൊതുജനങ്ങൾ ആഘോഷിക്കുന്നതിനെയും വിവേകമുള്ളവർ എതിർത്തിട്ടുണ്ട്‌. ജനങ്ങൾക്ക്‌, വിശേഷിച്ച്‌ മധ്യവർഗത്തിന്‌ നീതിന്യായ സംവിധാനത്തിൽ തീർത്തും വിശ്വാസമില്ലാതായി എന്ന നഗ്നയാഥാർഥ്യമാണ്‌ ഈ സംഭവം തുറന്നുകാണിക്കുന്നത്‌. ‘കാഫ്‌കാലാൻഡ്‌: നിയമം, മുൻവിധി, ഇന്ത്യയിലെ ഭീകരവിരുദ്ധനടപടികൾ’ എന്ന പുസ്‌തകത്തിന്റെ രചയിതാവായ മനീഷ സേഥി ചൂണ്ടിക്കാട്ടിയതുപോലെ  ‘ഒരിക്കൽ നിയമവാഴ്‌ചയുടെ പടി താഴ്‌ത്തിയാൽ പിന്നെ കുറ്റവാളിയും നിരപരാധിയും തമ്മിൽ വേർതിരിവുണ്ടാകില്ല’. അവരുടെ മുന്നറിയിപ്പ്‌ വളരെ പ്രസക്തമാണിന്ന്‌.

‘ഏറ്റുമുട്ടലിന്‌ ഇരയാക്കാവുന്നവരുടെ പട്ടിക ഒരിക്കലും സ്ഥിരമായിരിക്കില്ല. ഇന്നലെ അത്‌ ഭീകരവാദിയെന്ന്‌ ആരോപിക്കപ്പെടുന്നവരാകാം. ഇന്ന്‌ ‘കുപ്രസിദ്ധ കുറ്റവാളികൾ’ ആകാം. നാളെ ബലത്സംഗ കേസ്‌ പ്രതികളാകാം. കുറച്ചുദിവസങ്ങൾ കഴിഞ്ഞാൽ മോഷ്ടാക്കളും പോക്കറ്റടിക്കാരും ആകാം. അടുത്തദിവസം അത്‌ പണിമുടക്കുന്ന തൊഴിലാളികളാകാം... പിശാചായി ചിത്രീകരിക്കാവുന്ന ആരുമാകാം... അത്‌ സാവകാശം നമ്മളെയെല്ലാം വിഴുങ്ങാനെത്തും’.

ഇന്ത്യൻ നീതിന്യായ സംവിധാനത്തിൽ കുറ്റം ചുമത്താൻമാത്രമേ പൊലീസിന്‌ അധികാരമുള്ളൂ. ആരോപണം ശരിയാണോ എന്ന്‌ തീരുമാനിക്കേണ്ടത്‌ കോടതിയാണ്‌. എന്നാൽ, എളുപ്പത്തിൽ കുടുക്കാവുന്ന സമുദായങ്ങളിൽനിന്നുള്ള യുവാക്കളെ നിസ്സാരമായി പിടികൂടി പൊതുജനരോഷം ശമിപ്പിക്കാൻ പൊലീസ്‌ കുറ്റംചുമത്തുന്നത്‌ ഇന്ത്യയിൽ അസാധാരണമല്ല. അടുത്തിടെ ഹരിയാനയിലെ റയാൻ ഇന്റർനാഷണൽ സ്‌കൂളിലുണ്ടായ കൊലപാതകത്തിൽ സംഭവിച്ചത്‌ ഇതിന്‌ ഉദാഹരണമാണ്‌. രണ്ടാംക്ലാസ്‌ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ ബസ്‌ കണ്ടക്ടർ കുറ്റം സമ്മതിച്ചതായി പൊലീസ്‌ പറഞ്ഞു. എന്നാൽ, കേസ്‌ സിബിഐ ഏറ്റെടുത്തപ്പോൾ കണ്ടക്ടറെ കള്ളക്കേസിൽ കുടുക്കിയതാണെന്ന്‌ കണ്ടു. പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർഥിയാണ്‌ പ്രതിയെന്ന്‌ അവർ കണ്ടെത്തി. പരീക്ഷ മാറ്റിവയ്‌പിക്കാനാണത്രേ ആ കൊലപാതകം നടത്തിയത്‌.

(തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകനാണ്‌ ലേഖകൻ)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top