07 July Tuesday

ഇല്ല, ഒന്നും ബാധിക്കില്ല

സ്വന്തം ലേഖകൻUpdated: Saturday Sep 7, 2019

അടുത്ത മാസത്തെ ഉപഗ്രഹവിക്ഷേപണമടക്കം എല്ലാം നിശ്ചിതസമയത്ത്‌ നടക്കുമെന്ന്‌ ഐഎസ്‌ആർഒ വൃത്തങ്ങൾ അറിയിച്ചു
 

തിരുവനന്തപുരം
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനുള്ള വിക്രം ലാൻഡർ ദൗത്യം പാളിയെങ്കിലും ഇത്‌ ഐഎസ്‌ആർഒയുടെ തുടർദൗത്യങ്ങളെ ബാധിക്കില്ല. അടുത്ത മാസത്തെ ഉപഗ്രഹവിക്ഷേപണമടക്കം എല്ലാം നിശ്ചിതസമയത്ത്‌ നടക്കുമെന്ന്‌ ഐഎസ്‌ആർഒ വൃത്തങ്ങൾ അറിയിച്ചു.

മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കാനുള്ള പദ്ധതി 2022ൽ ലക്ഷ്യമിടുന്നു. ഗഗൻയാൻ എന്ന ഈ പദ്ധതിയിൽ മൂന്നുപേരെ തദ്ദേശീയമായി വികസിപ്പിച്ച പ്രത്യേക പേടകത്തിൽ ബഹിരാകാശത്തെത്തിക്കും. ഒരാഴ്‌ച ഇവർ അവിടെ വിവിധ പരീക്ഷണം നടത്തും. തെരഞ്ഞെടുത്ത പത്ത്‌ വ്യോമസേനാ പൈലറ്റുമാരിൽനിന്ന്‌ മൂന്നുപേരാണ്‌ ദൗത്യത്തിലുണ്ടാകുക. പരിശീലനം നവംബറിൽ ആരംഭിക്കും. ആദ്യപരിശീലനം റഷ്യൻ ബഹിരാകാശ ഏജൻസി നൽകും. ഐഎസ്‌ആർഒയും റഷ്യൻ ഏജൻസി റോസ്‌കോസ്‌മോസും ഇതിനായി അടുത്തിടെ കരാർ ഒപ്പിട്ടിരുന്നു. തുടർപരിശീലനം ബംഗളൂരുവിലാകും. ബംഗളൂരു കേന്ദ്രീകരിച്ച്‌ ഇതിന്‌ പ്രത്യേക കേന്ദ്രം സ്ഥാപിച്ചു.

പരിഷ്‌കരിച്ച ജിഎസ്‌എൽവി മാർക്ക്‌ –-3 റോക്കറ്റ്‌ ഉപയോഗിച്ചാകും പേടകത്തെ ബഹിരാകാശത്ത്‌ എത്തിക്കുക. സൂര്യനെപ്പറ്റിയുള്ള പഠനത്തിന്‌ ആദിത്യഎൽ1 ദൗത്യം അടുത്ത വർഷം അവസാനമുണ്ടാകും. മുന്നൊരുക്കം തുടരുന്നു. ചന്ദ്രനിലെ പാറയും മണ്ണും ഭൂമിയിലേക്ക്‌ കൊണ്ടുവരാനുള്ള ചാന്ദ്രയാൻ 3 പേടകം  അഞ്ച്‌ വർഷത്തിനകം അയയ്ക്കാനാണ്‌ ആലോചന. രണ്ടാം ചൊവ്വാദൗത്യമായ മംഗൾയാൻ–-2, ശുക്രനെ പഠിക്കുന്നതിനുള്ള ശുക്രയാൻ തുടങ്ങിയവയെല്ലാം ആറുവർഷത്തിനിടെ ലക്ഷ്യമിടുന്നു. പുനരുപയോഗിക്കാനാകുന്ന വിക്ഷേപണവാഹനങ്ങൾ വികസിപ്പിക്കുന്നതിൽ പുതിയ ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌ ഐഎസ്‌ആർഒ. സ്വന്തമായി ബഹിരാകാശ നിലയത്തിനുള്ള ആലോചനയും തുടങ്ങി. ഭാരം കൂടിയ ഉപഗ്രഹ വിക്ഷേപണത്തിന്‌  ജിഎസ്‌എൽവി മാർക്ക്‌–-3 റോക്കറ്റിന്റെ പുതിയ പതിപ്പുകളും തയ്യാറാകുന്നു.

ഉപഗ്രഹവിക്ഷേപണ രംഗത്ത്‌ ഐഎസ്‌ആർഒയ്‌ക്ക്‌ വരുംമാസങ്ങൾ തിരക്കിന്റേതാണ്‌. ഇന്ത്യയുടെയും മറ്റ്‌ വിദേശരാജ്യങ്ങളുടെയും നിരവധി ഉപഗ്രഹവിക്ഷേപണത്തിനുള്ള സമയക്രമം തയ്യാറായി. വിദേശ രാജ്യങ്ങളുടെ ഉപഗ്രഹവിക്ഷേപണത്തിലൂടെ ഐഎസ്‌ആർഒ പ്രതിവർഷം 2000 കോടിയിലേറെ നേടും. അറുപതോളം രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നു ഐഎസ്‌ആർഒ.


 

95 ശതമാനം വിജയം: ഐഎസ്‌ആർഒ
ചാന്ദ്രയാൻ–-2 ദൗത്യം 95 ശതമാനം വിജയകരമെന്ന്‌ ഐഎസ്‌ആർഒ. ലാന്ററിൽ നിന്നുള്ള സിഗ്‌നൽ ലഭിച്ചില്ലെങ്കിലും പ്രധാന പേടകമായ ഓർബിറ്ററിൽ നിന്നുള്ള ചന്ദ്രപഠന വിവരങ്ങൾ തുടർച്ചയായി ലഭിക്കും. ഇതുവരെയുള്ള ചന്ദ്രദൗത്യത്തിൽ ഘടിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും ഉയർന്ന റെസലൂഷൻ ക്യാമറയാണ് ഓർബിറ്ററിലുള്ളത്–- വാർത്താകുറിപ്പിൽ പറഞ്ഞു.

ചാന്ദ്രയാൻ–-2 ദൗത്യം തുടരുകയാണ്‌
ചന്ദ്രനിൽ സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്യാനുള്ള ശ്രമത്തിൽ കാലിടറിയെങ്കിലും ചാന്ദ്രയാൻ–-2 ദൗത്യം തുടരുകയാണ്‌. പ്രധാന പേടകമായ ഓർബിറ്റർ ചന്ദ്രനെ നിശ്ചിതപഥത്തിൽ ചുറ്റുകയാണ്‌. ഏറ്റവും ആധുനിക പരീക്ഷണ ഉപകരണങ്ങളോടുകൂടിയ പേടകത്തിന്‌ ഒരു വർഷമാണ്‌ കാലാവധിയെങ്കിലും വർഷങ്ങളോളം ദൗത്യം തുടരുമെന്നാണ്‌ പ്രതീക്ഷ. ജൂലൈ 22ന്‌ വിക്ഷേപിച്ച ചാന്ദ്രയാൻ ദൗത്യപേടകത്തിൽനിന്ന്‌ സെപ്‌തംബർ രണ്ടിനാണ്‌ വിക്രം ലാൻഡർ വേർപെട്ടത്‌. ലാൻഡറിന്‌ ഭൂമിയുമായി ബന്ധപ്പെടാനുള്ള ഇടനിലക്കാരനാണ്‌ പേടകം. ധ്രുവകേന്ദ്രീകൃത ഭ്രമണപഥത്തിൽ ചന്ദ്രന്‌ അടുത്തുകൂടി സഞ്ചരിക്കുന്ന ഓർബിറ്റർ,  ചന്ദ്രന്റെ ദക്ഷിണധ്രുവത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്നാണ്‌ പ്രതീക്ഷ. ഒന്നാംദൗത്യമായ ചാന്ദ്രയാൻ–-1 ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തിയെങ്കിൽ ഇക്കുറിയും അത്ഭുതം പ്രതീക്ഷിക്കാം.

2379 കിലോ ഭാരമുള്ള ഓർബിറ്ററിൽ എട്ട്‌ പരീക്ഷണ ഉപകരണങ്ങളുണ്ട്‌. ചന്ദ്രഉപരിതലത്തിന്റെ വ്യത്യസ്‌ത ചിത്രമെടുക്കാൻ കഴിയുന്ന ടെറൈൻ മാപ്പിങ്‌ ക്യാമറ ഇതിൽ പ്രധാനമാണ്‌. മറ്റൊന്നായ ഓർബിറ്റർ ഹൈ റസലൂഷൻ ക്യാമറയ്‌ക്ക്‌ പാറക്കെട്ടുകളും ഗർത്തങ്ങളും കൃത്യമായും വ്യക്തതയോടും പകർത്താനാകും.  ധാതുക്കൾ, മൂലകങ്ങൾ എന്നിവ പഠിക്കാനുള്ള ലാർജ്‌ ഏരിയ സോഫ്‌റ്റ്‌ എക്‌സ്‌റേ സ്‌പെക്‌ട്രോമീറ്റർ, സോളാർ എക്‌സ്‌റേ മോണിറ്റർ എന്നിവയും ഉണ്ട്‌. ധാതുക്കൾ, ജലകണികകൾ തുടങ്ങിയവയുടെ സാന്നിധ്യം ഇമേജിങ്‌ ഐആർ സ്‌പെക്‌ട്രോ മീറ്റർ കണ്ടെത്തും. ജലസാന്നിധ്യം കണ്ടെത്താനുള്ള ഡ്യൂവൽ ഫ്രീക്വൻസി സിന്തറ്റിക്ക്‌ അപ്പർച്ചർ റഡാർ കൂടാതെ അന്തരീക്ഷപഠനത്തിനുള്ള അറ്റ്‌മോസ്‌ഫറിക്‌ കോംപോസിഷണൽ എക്‌സ്‌പ്ലോറർ–-2, ഡ്യൂവൽഫ്രീക്വൻസി റേഡിയോ സയൻസ്‌ എന്നിവയും ഉണ്ട്‌. ഇവയെല്ലാം വികസിപ്പിച്ചത്‌ വിവിധ പൊതു മേഖലാസ്ഥാപനങ്ങളാണ്‌. 
 

അതാ മംഗൾയാൻ; സജീവമായി
ഐഎസ്‌ആർഒയുടെ ആദ്യ ചൊവ്വാദൗത്യം ഇപ്പോഴും  ചുവന്ന ഗ്രഹത്തിന്റെ പഥത്തിലുണ്ട്‌. ആറുമാസംമാത്രം ആയുസ്സ്‌ പ്രവചിച്ച മംഗൾയാൻ ചൊവ്വയ്‌ക്ക്‌ നേരെ കണ്ണടയ്‌ക്കാതെ പൂർണ ‘ആരോഗ്യ’ത്തോടെ.  മംഗൾയാൻ വിക്ഷേപിച്ചത‌് 2013 നവംബർ അഞ്ചിന‌് ശ്രീഹരിക്കോട്ടയിൽനിന്ന‌്. പിഎസ‌്എൽവി റോക്കറ്റിൽ വിക്ഷേപിച്ച പേടകത്തെ പടപടിയായി 68 കോടി കിലോമീറ്റർ അകലെയുള്ള ചുവപ്പൻഗ്രഹത്തിന്റെ കാന്തികവലയത്തിലെത്തിച്ചു. 2014 സെപ‌്തംബർ 24ന്‌ ചൊവ്വാപഥത്തിലെത്തിയ മംഗൾയാൻ പ്രതിസന്ധികളെ അതിജീവിച്ച‌് ഭ്രമണം തുടരുന്നു. ആയിരക്കണക്കിന‌് തവണ ചൊവ്വയെ വലംവച്ച പേടകം നൂറുകണക്കിന‌്  അത്യപൂർവചിത്രങ്ങളുമയച്ചു. ചൊവ്വാ ഗ്രഹത്തിന്റെ രഹസ്യങ്ങളിലേക്ക‌് വെളിച്ചം വീശുന്ന ഒട്ടേറെ  വിവരങ്ങൾ ലഭിച്ചു.

 


പ്രധാന വാർത്തകൾ
 Top