20 September Friday

മുമ്പും പരാജയപ്പെട്ടു; പക്ഷെ തോറ്റില്ല

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019


തിരുവനന്തപുരം
തുമ്പയിൽ ആദ്യകാല സൗണ്ടിങ്‌ റോക്കറ്റുകളുടെ  പരാജയങ്ങളിൽനിന്ന്‌ പാഠം പഠിച്ച്‌ പടിപടിയായ വളർച്ച. ചൊവ്വവരെ എത്തിനിൽക്കുന്ന  ബഹിരാകാശമുന്നേറ്റം.  ഗോളാന്തരപര്യവേക്ഷണങ്ങൾക്ക്‌ സമയക്രമം പ്രഖ്യാപിച്ച്‌  കഠിനാധ്വാനം. ചെലവുകുറഞ്ഞ സാങ്കേതികവിദ്യയിലൂടെ വമ്പന്മാരെ ഞെട്ടിച്ച കരുത്ത്‌. അറുപതോളം ലോകരാജ്യങ്ങൾ തങ്ങളുടെ ഉപഗ്രഹം വിക്ഷേപിക്കാൻ വിശ്വാസപൂർവം ഏൽപ്പിക്കുന്ന ബഹിരാകാശ ഏജൻസി... അതെ, ഐഎസ്‌ആർഒയ്‌ക്ക്‌ അനുഭവങ്ങളുടെയും സാങ്കേതികമികവിന്റെയും കരുത്താണുള്ളത്‌.

അരനൂറ്റാണ്ടിന്റെ  ചരിത്രത്തിൽ മുമ്പും പ്രതീക്ഷിച്ച വിജയം കൈയെത്തുംദൂരെ നഷ്ടമായിട്ടുണ്ട്‌.  വിക്ഷേപണസമയത്തെ പാളിച്ചകളായിരുന്നു ഇതിൽ ഭൂരിഭാഗവും. അറുപതുകളിലും എഴുപതുകളിലും തുമ്പയിൽനിന്നുള്ള ചെറുറോക്കറ്റുകളുടെ വിക്ഷേപണം പലതും പരാജയപ്പെട്ടു. ഇവ പൊട്ടിച്ചിതറി കടലിലും കരയിലും പതിച്ചു.
ആദ്യ വിക്ഷേപണവാഹനം എസ്എൽവി 3ന്റെ ആദ്യപരീക്ഷണം 79 ലായിരുന്നു; അത്‌ പരാജയപ്പെട്ടു.  എന്നാൽ, ഇതേ റോക്കറ്റ്‌ ഉപയോഗിച്ച് ഒരുവർഷത്തിനകം രോഹിണി ആർഎസ് 1 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു. രണ്ട്‌ എഎസ്‌എൽവിയും പരാജയപ്പെട്ടു. ആദ്യ ഇൻസാറ്റ്‌ വിക്ഷേപണവും പരാജയമായി.

 

ഐഎസ്‌ആർഒയുടെ പടക്കുതിരയായി മാറിയ പിഎസ്‌എൽവിയുടെ ആദ്യവിക്ഷേപണവും പരാജയത്തിന്റെ രുചിയറിഞ്ഞു. പിന്നീട്‌  തുടർവിജയങ്ങളാണ്‌ പിഎസ്‌എൽവി സമ്മാനിച്ചത്‌. പിഎസ്‌എൽവിയുടെ വിശ്വസ്‌തമായ വിക്ഷേപണവാഹനമാണിതിന്ന്‌. ഭാരംകൂടിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ജിഎസ്‌എൽവിയും വികസിപ്പിച്ചു. മൂന്ന്‌ ജിഎസ്‌എൽവികൾ പരാജയപ്പെട്ടെങ്കിലും പിന്നീടിവ കരുത്തുകാട്ടി. 50വർഷ ചരിത്രത്തിൽ ഐഎസ്‌ആർഒയ്‌ക്ക്‌ വിജയഗാഥകളാണ്‌ ഏറെയും. പരാജയങ്ങൾ കുറവും.


പ്രധാന വാർത്തകൾ
 Top