15 November Friday

മാന്തോപ്പിൽനിന്ന്‌ ഐഎസ്‌ആർഒ തലപ്പത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

ബംഗളൂരു
ലോകം ഉറക്കമൊഴിച്ച്‌ ഉറ്റുനോക്കിയ ചാന്ദ്രയാൻ നൊടിനേരംകൊണ്ട്‌ സഞ്ചാരപഥത്തിൽനിന്ന്‌ തെന്നിയകന്നപ്പോൾ ആദ്യം നിറഞ്ഞത്‌ ദൗത്യത്തിന്റെ മുഖ്യശിൽപ്പിയായ ഡോ. ശിവന്റെ കണ്ണുകളാണ്‌. രാജ്യം കാതോർത്ത സദ്‌വാർത്തയ്‌ക്കു പകരം പറയാൻ വാക്കുകളില്ലാതെ ഒരു സാധാരണക്കാരനായി അദ്ദേഹം വിതുമ്പി. നട്ടുനനച്ചതെല്ലാം കാറ്റെടുത്തുപോയ കർഷകന്റെ മനസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്‌. ഐഎസ്‌ആർഒ ചെയർമാൻ ഡോ. ശിവന്റെ ജീവിതം നിരന്തര പരിശ്രമത്തിന്റേതാണ്‌. ആ കഠിനാധ്വാനമാണ്‌ കർഷകന്റെ മകനായ അദ്ദേഹത്തെ ഐഎസ്‌ആർഒയുടെ തലപ്പത്ത്‌ എത്തിച്ചത്‌.

തമിഴ്‌നാട്ടിലെ സാധാരണ കുടുംബത്തിൽ ജനിച്ച ശിവന്റെ ബാല്യകൗമാരങ്ങൾ കഷ്‌ടപ്പാടു നിറഞ്ഞതായിരുന്നു. വിദ്യാർഥിയായിരിക്കെ പിതാവിന്റെ മാവിൻതോട്ടത്തിൽ സഹായിക്കാന്‍ പോയി. താൻ പോകുന്ന ദിവസം അച്ഛന്‌ ഒരു ജോലിക്കാരൻ കുറച്ചു മതിയെന്ന്‌ അദ്ദേഹം പറയാറുണ്ട്‌. കൃഷിക്ക് സഹായമാകുമെന്നു കരുതിയാണ്‌ വീടിനു അടുത്തുള്ള കോളേജിൽ ചേർത്തത്‌. പഠനം കഴിഞ്ഞു വന്നാലുടൻ കൃഷിപ്പണിക്കിറങ്ങും.

മദ്രാസ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ എയ്‌റോസ്‌പേയ്‌സ്‌ എൻജിനിയറിങ്ങിനു പോയപ്പോഴാണ്‌ ആദ്യമായി ചെരിപ്പിട്ടതെന്നും രണ്ടു പാന്റുകളാണ്‌ ഉണ്ടായിരുന്നതെന്നും അദ്ദേഹം വാർത്താചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതുവരെ മുണ്ടുടുത്താണ്‌ കോളേജിൽ പോയത്‌. വളരെ കഷ്‌ടപ്പെട്ടായിരുന്നു മൂന്നുനേരം മാതാപിതാക്കൾ വയറു നിറയെ ആഹാരം തന്നത്‌. ആഗ്രഹം പോലെ എൻജിനിയറിങ്ങിന്‌ പഠിക്കാനുള്ള ഫീസ്‌ അടയ്‌ക്കാനാവാത്തതിനാൽ ബിഎസ്‌സി ഗണിതത്തിനു ചേർന്നു. ബി ടെക്കിന് ചേര്‍ക്കാന്‍ കര്‍ഷകനായ പിതാവ് കൃഷിയിടം വിറ്റു.

എയറോനോട്ടിക്കൽ എൻജിനിയറിങ് കഴിഞ്ഞപ്പോൾ ജോലി സാധ്യതയും കുറവായിരുന്നു. വീണ്ടും ഉപരിപഠനത്തിനു പോയി. ആഗ്രഹിച്ച വിഭാഗത്തിലല്ല ജോലി കിട്ടിയതെങ്കിലും ലഭ്യമായ അവസരത്തിലെല്ലും പരമാവധി കഠിനപ്രയത്‌നം നടത്തി. സാറ്റലൈറ്റ്‌ സെന്ററിൽ ചേരാനാണ്‌ ഇഷ്‌ടപ്പെട്ടത്‌. കിട്ടിയത്‌ വിക്രം സാരാഭായി സെന്ററിൽ. എയ്‌റോഡൈനാമിക്‌സിലായിരുന്നു താൽപ്പര്യം. പക്ഷേ, പിഎസ്‌എൽവി പ്രോജക്‌ടിലാണ്‌ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top