25 May Saturday

ആശങ്കയുണര്‍ത്തുന്ന സംഘപരിവാര്‍ ഭീകരത

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2017

മതേതരത്വ നിലപാടുകള്‍, അന്ധവിശ്വാസത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍, ദളിത്-ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഇടപെടലുകള്‍, ആള്‍ദൈവങ്ങള്‍ക്കെതിരായ പ്രചാരണം തുടങ്ങി പുരോഗമനപരമായ എന്തും സംഘപരിവാറിന് ചതുര്‍ഥിയാണ്. ഇതെല്ലാം ഹൈന്ദവവിരുദ്ധമെന്ന വിചിത്ര പ്രചാരണമാണ് അവര്‍ നടത്തുന്നത്. ഭരണത്തണലില്‍ സംഘപരിവാര്‍ ശക്തികള്‍ കരുത്താര്‍ജിക്കുന്നുവെന്ന പ്രതീതി ഉണര്‍ന്നതോടെ വലതുപക്ഷ-വര്‍ഗീയ ശക്തികള്‍ മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊള്ളുന്നവരെ ഇല്ലാതാക്കാന്‍ വെമ്പുകയാണ്. വര്‍ഗീയതയ്ക്കെതിരെ ശബ്ദിക്കുന്നവരെ ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള ശ്രമം. അതിനു വഴങ്ങാത്തവരെ കൊന്നുതള്ളാന്‍ ഒരു മടിയുമില്ല ആര്‍എസ്എസിന്റെ വേട്ടനായ്ക്കള്‍ക്ക്.

'മധോരുഭാഗന്‍' എന്ന നോവല്‍ എഴുതിയതിന്റെ പേരിലാണ് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന്‍ തീവ്രഹിന്ദുത്വ സംഘടനകളുടെ ഭീഷണി നേരിട്ടത്. തിരുച്ചെങ്കോട് അര്‍ധനാരീശ്വരി ക്ഷേത്രത്തില്‍ കുടുംബാംഗങ്ങളുടെയും മറ്റും അനുമതിയോടെ നടന്നിരുന്ന ലൈംഗികബന്ധങ്ങള്‍ മുരുഗന്‍ നോവലില്‍ ചിത്രീകരിച്ചിരുന്നു. കുട്ടികളില്ലാത്ത ദമ്പതികളുടെ ദുഃഖം പ്രമേയമാക്കിയ നോവലാണ് 'മധോരുഭാഗന്‍'. കുട്ടികളില്ലാത്ത സ്ത്രീ ഭര്‍ത്താവിന്റെ അനുമതിയോടു കൂടി അന്യപുരുഷനുമായി ലൈംഗികബന്ധം പുലര്‍ത്തുന്ന 'നിയോഗധര്‍മം' എന്ന ആചാരമാണ് നോവല്‍ പ്രതിപാദിച്ചത്. ഇതിനെതിരെ ഹിന്ദുത്വശക്തികള്‍ ഭീഷണിയുമായി രംഗത്തെത്തി. തുടര്‍ന്ന് താന്‍ എഴുത്തുനിര്‍ത്തുകയാണെന്ന് പെരുമാള്‍ മുരുഗന്‍ പ്രഖ്യാപിച്ചു. 'പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ മരിച്ചു. ദൈവമല്ലാത്തതിനാല്‍ പുനര്‍ജന്മം ഉണ്ടാകില്ല. വിശ്വാസിയല്ലാത്തതിനാല്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുമില്ല. സാദാ സ്കൂള്‍ ടീച്ചര്‍ പി മുരുഗനായി ജീവിക്കും. ജീവിക്കാന്‍ അനുവദിക്കുക'- എന്നായിരുന്നു മുരുഗന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

എം എം കലബുര്‍ഗിയെ വധിച്ചതിന് തൊട്ടുപിന്നാലെയാണ് സംഘപരിവാര്‍ സാംസ്കാരികപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എസ് ഭഗവാനെതിരെ വധഭീഷണി മുഴക്കിയത്. കലബുര്‍ഗിയെ വധിച്ച ദിവസംതന്നെ അടുത്ത ഇര ഭഗവാനാണെന്ന് ബജ്രംഗ്ദള്‍ നേതാവ് ഭീഷണിസന്ദേശം ട്വീറ്റ് ചെയ്തു. വീട്ടിലേക്ക് ഭീഷണിക്കത്ത് അയക്കുകയുംചെയ്തു.

ഭഗവദ്ഗീത സംബന്ധിച്ച് മൈസൂരുവില്‍ നടത്തിയ പ്രഭാഷണത്തിന് ശേഷമാണ് കെ എസ് ഭഗവാന്‍ സംഘപരിവാറിന്റെ നോട്ടപ്പുള്ളിയായത്. മലയാളസാഹിത്യത്തിലെ മഹാമേരുവായ എം ടി വാസുദേവന്‍നായരും ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ അധിക്ഷേപത്തിന് ഇരയായി. നോട്ട് അസാധുവാക്കല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്ന് അഭിപ്രായപ്പെട്ടതിന്റെ പേരിലായിരുന്നു എം ടിക്കെതിരെയുള്ള ആക്ഷേപം. രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതിനെതിരെ സംഘപരിവാര്‍ രംഗത്തുവന്നു. 'മഹാഭാരതം' എന്ന പേരില്‍ രണ്ടാമൂഴം സിനിമയാക്കിയാല്‍ തിയറ്ററുകള്‍ ബാക്കി കാണില്ലെന്നായിരുന്നു ഭീഷണി. മാധവിക്കുട്ടി(കമല സുരയ്യ)യുടെ ജീവിതം ആസ്പദമാക്കി സിനിമ സംവിധാനംചെയ്യുന്നതിന്റെ പേരില്‍ സംവിധായകന്‍ കമലിന്റെ കൊടുങ്ങല്ലൂരിലെ വീട്ടിലേക്ക് ബിജെപി അക്രമാസക്തമായ മാര്‍ച്ച് നടത്തി. കമലിനെ പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മതം സൂചിപ്പിക്കുന്ന കമാലുദീന്‍ എന്ന പേരുതന്നെ ഉപയോഗിക്കണമെന്ന് നേതാക്കള്‍ നിര്‍ദേശം നല്‍കി.

വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീതപരിപാടി മുംബൈയില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിമുഴക്കി. തുടര്‍ന്ന് പരിപാടി റദ്ദാക്കി. എന്നാല്‍, ഗുലാം അലിക്ക് സംഗീത പരിപാടി അവതരിപ്പിക്കാന്‍ വേദിയൊരുക്കി കേരളത്തിലെ പുരോഗമ പ്രസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങി സംഘപരിവാര്‍ ഭീഷണിയുടെ മുനയൊടിച്ചു.

എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ചേതന തീര്‍ഥഹള്ളിക്കെതിരെയും ഭീഷണിയുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു.
കര്‍ണാടകയില്‍ ജാതിമേല്‍ക്കോയ്മക്കെതിരെ എഴുതിയതിന് യുവ കവിയും ദളിതനുമായ ഹുച്ചംഗി പ്രസാദ് സംഘപരിവാര്‍ ആക്രമണത്തിന് ഇരയായി. ജാതിവ്യവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് ഹുച്ചംഗി പ്രസാദ് 'ഒഡല്ല കിഛു' എന്ന പുസ്തകമെഴുതിയതാണ് ഹിന്ദുത്വതീവ്രവാദികളെ പ്രകോപിപ്പിച്ചത്. ഇനിയും എഴുതിയാല്‍ കൈവിരലുകള്‍ വെട്ടിമാറ്റുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.

യു ആര്‍ അനന്തമൂര്‍ത്തിയെന്ന വിഖ്യാത സാഹിത്യകാരനോട് പാകിസ്ഥാനിലേക്ക് പോകാന്‍ സംഘപരിവാര്‍ ആക്രോശിച്ചു. ജ്ഞാനപീഠം ജേതാവ് ഗിരീഷ് കര്‍ണാഡിനെയും വെറുതെ വിട്ടില്ല. പാകിസ്ഥാന്‍ മുന്‍ വിദേശമന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരിയുടെ പുസ്തകത്തിന്റെ പ്രകാശനം മുംബൈയില്‍ സംഘടിപ്പിച്ചതിന്റെ പേരിലാണ് എഴുത്തുകാരന്‍ സുധീന്ദ്രകുല്‍ക്കര്‍ണിയുടെ ദേഹത്ത് കരിഓയില്‍ ഒഴിച്ചത്. രാജ്യത്ത് വളരുന്ന അസഹിഷ്ണുതയില്‍ ആശങ്ക പ്രകടിപ്പിച്ചതിന്റെ പേരില്‍ ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാനും ആമിര്‍ ഖാനും സംഘപരിവാറിന്റെ ഭീഷണി നേരിടേണ്ടിവന്നു. ഇന്ത്യയില്‍ ജീവിക്കാന്‍ ഭയംതോന്നുന്നുവെന്ന പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ആമിര്‍ഖാനെതിരെ ഹിന്ദുത്വശക്തികള്‍ രംഗത്തെത്തിയത്.  കര്‍ക്കടകമാസത്തില്‍ രാമായണത്തെക്കുറിച്ച് ലേഖനപരമ്പര എഴുതിയതിന് അധ്യാപകനും പണ്ഡിതനുമായ ഡോ. എം എം ബഷീറിനെതിരെ കൊലവിളിയുമായി സംഘപരിവാര്‍ രംഗത്തെത്തി. സംഘപരിവാറിനെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശിച്ച അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ അസഭ്യവര്‍ഷം നടത്തി.

പ്രധാന വാർത്തകൾ
 Top