22 September Tuesday

രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ അവരെ അപഹസിക്കരുത്‌ പ്ലീസ്‌!

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

പിഎസ്‌സി വഴി ചരിത്രത്തിൽ ഏറ്റവും കൂടുതൽ നിയമനം നൽകിയ എൽഡിഎഫ്‌ സർക്കാരിനെ നുണകളുടെ കോട്ടയിൽ തളച്ചിട്ട്‌‌ തോൽപ്പിക്കാൻ ശ്രമിക്കുകയാണ്‌  മനോരമയടക്കമുള്ള ചില മാധ്യമങ്ങൾ.

പിഎസ്‌സിക്കെതിരെ കഴിഞ്ഞദിവസം മനോരമ കൊടുത്ത വാർത്തയിൽ ഒന്നടങ്കം ആക്ഷേപിച്ചത്‌ ആശ്രിത നിയമനം കിട്ടിയവരെ. പഠിച്ചു പാസാകുന്നവരെ ചതിക്കുന്ന ഏർപ്പാടാണ്‌ ആശ്രിതനിയമനം എന്നാണ്‌ പത്രത്തിന്റെ കണ്ടെത്തൽ. കേരളമൊന്നാകെ തേങ്ങിയ ചില സംഭവങ്ങളിൽ, കുടുംബത്തിന്‌ ജീവിതവഴി കാട്ടാൻ, സർക്കാർ അടുത്ത ആശ്രിതർക്ക്‌ ജോലി നൽകിയിട്ടുണ്ട്‌. മാൻഹോളിൽ മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീന, പത്രപ്രവർത്തകൻ കെ എം ബഷീറിന്റെ ഭാര്യ ജസീല, പെരുമ്പാവൂരിലെ ജിഷയുടെ സഹോദരി ദീപ എന്നിവർ ഇതിൽ ചിലർമാത്രം. പൊതുസമൂഹം ഒന്നാകെ ആവശ്യപ്പെട്ടിട്ടാണ്‌ ആ ജോലി നൽകിയത്‌. രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ അവരെ അപഹസിക്കരുത്‌ പ്ലീസ്‌!


 

ശ്യാംജിത്തിന്റെ കദനകഥയും കെട്ടിച്ചമച്ചത്‌

സി പ്രജോഷ്‌കുമാർ
മലപ്പുറം
ഉയർന്ന റാങ്ക്‌ കിട്ടിയിട്ടും പിഎസ്‌സി നിയമനം ലഭിച്ചില്ലെന്ന പേരിൽ ബുധനാഴ്‌ച മലയാള മനോരമ പ്രസിദ്ധീകരിച്ച നിലമ്പൂർ കരുളായി സ്വദേശി പി കെ ശ്യാംജിത്തിന്റെ കദനകഥ കെട്ടിച്ചമച്ചത്‌. സംവരണ വിഭാഗത്തിലെ സപ്ലിമെന്ററി ലിസ്‌റ്റുകളിൽ ഏറ്റവും പിറകിലുള്ള ഉദ്യോഗാർഥിക്കാണ്‌‌ ഉയർന്ന റാങ്ക്‌ ലഭിച്ചിട്ടും സർക്കാർ ജോലി നൽകിയില്ലെന്ന നുണക്കഥ മനോരമ നൽകിയത്‌.  പാലക്കാട്‌ സിവിൽ എക്‌സൈസ്‌ ഓഫീസർ (സ്‌പെഷൽ റിക്രൂട്ട്‌മെന്റ്‌), മലപ്പുറം എക്‌സൈസ്‌ ഗാർഡ്‌, മലപ്പുറം സഹകരണ ബാങ്ക്‌ ക്ലർക്ക്‌ എന്നീ റാങ്ക്‌ ലിസ്‌റ്റിലാണ്‌ ശ്യാംജിത്തുള്ളത്‌. മൂന്നിലും മെയിൻ ലിസ്‌റ്റിലല്ല. സപ്ലിമെന്ററി ലിസ്‌റ്റിലാകട്ടെ എസ്‌ടി വിഭാഗത്തിൽ ഏറ്റവും പിറകിലും.

പാലക്കാട്‌ ജില്ലയിൽ സിവിൽ എക്‌സൈസ്‌ ഓഫീസർ തസ്‌തികയിൽ പട്ടികജാതി/വർഗ വിഭാഗങ്ങൾക്കായുള്ള പ്രത്യേക നിയമനമായിരുന്നു.  ഒരു ഒഴിവിലേക്കാണ്‌‌‌ അപേക്ഷ ക്ഷണിച്ചത്‌. എസ്‌ടി ലിസ്‌റ്റിൽ ആകെയുള്ള മൂന്നുപേരിൽ അവസാന റാങ്കുകാരനായിരുന്നു ഇയാൾ. ഒന്നാം റാങ്കുകാരന്‌ നിയമനവും ലഭിച്ചു.  എക്‌സൈസ്‌ ഗാർഡ്‌ മലപ്പുറം ജില്ലാ ലിസ്‌റ്റിലെ സപ്ലിമെ​ന്ററി ലിസ്‌റ്റിൽ ആകെ നാലുപേരുള്ളതിൽ അവസാന റാങ്കുകാരനായിരുന്നു ശ്യാംജിത്ത്‌. ഇതിൽ മെയിൻ ലിസ്‌റ്റിനുപുറമെ സപ്ലിമെന്റി ലിസ്‌റ്റിൽ രണ്ടുപേർക്ക്‌ നിയമനവും ലഭിച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ക്ലർക്ക്‌/കാഷ്യർ ലിസ്റ്റിലും സപ്ലിമെന്ററിയിൽ നാലാം റാങ്കുകാരൻ.  ഒന്നാം റാങ്കുകാരന്‌ നിയമനം ലഭിച്ചു. യുഡിഎഫ്‌ നിയന്ത്രണത്തിലുള്ള ജില്ലാ സഹകരണ ബാങ്ക്‌ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരുന്നതാണ്‌ നിയമനം ലഭിക്കുന്നതിന്‌ തടസ്സമായത്‌. ഇതും പിഎസ്‌സിയുടെ പിടിപ്പുകേടായാണ്‌ മനോരമ അവതരിപ്പിക്കുന്നത്‌.

ശ്യാംജിത്തിന്റെ അച്ഛൻ പ്രാദേശിക കോൺഗ്രസ്‌ നേതാവാണ്‌. ശ്യാംജിത്ത്‌ കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദവും ആന്ത്രപ്പോളജിയിൽ ബിരുദാനന്തര ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ എംഫിലും നേടി എന്നാണ്‌ വാർത്തയിലുള്ളത്‌. എന്നാൽ, ബിരുദ യോഗ്യതയുള്ള ഒരു ലിസ്‌റ്റിൽപ്പോലും ഇയാളില്ല.


നൗഷാദിന്റെ വീടല്ലെ, ചേർത്തു പിടിക്കണ്ടേ നമ്മൾ?

എ പി സജിഷ
കോഴിക്കോട്‌
ആ മെയ്‌ 16 സഫ്രീനയുടെ മനസ്സിൽ ഇന്നുമുണ്ട്‌. കലക്ടറേറ്റിന്റെ പടികയറി വന്ന ഉടൻ സ്വീകരിക്കാൻ ഒരുപാടുപേർ. കണ്ണുനിറഞ്ഞ്‌ പുഞ്ചിരിക്കുന്ന പിതാവ്‌ തൊട്ടരികിൽ. നിറംവാർന്ന ജീവിതത്തിൽനിന്ന്‌ ഫയലുകളുടെ തിരക്കിലേക്ക്‌ സഫ്രീന നടന്നുകയറിയത്‌ അന്നാണ്‌. മരണത്തിന്റെ കിടങ്ങിലേക്ക്‌ പോയ പ്രിയപ്പെട്ടവനെ ഓർത്ത്‌ സങ്കടച്ചുഴിയിലായ സഫ്രീനയുടെ ജീവിതത്തിൽ അന്നുമുതൽ പ്രതീക്ഷകളും തളിരിട്ടു. രണ്ട്‌ പേരെ രക്ഷിക്കുന്നതിനിടയിൽ മാൻഹോളിൽ ജീവൻ പൊലിഞ്ഞ ഓട്ടോ ഡ്രൈവർ നൗഷാദിന്റെ ഭാര്യ സഫ്രീന ഈ ദിവസമാണ്‌‌ ജോലിയിൽ പ്രവേശിച്ചത്‌. 

‘‘ എനിക്കിപ്പം സുഖാണ്‌. ജോലി കിട്ടിയതോടെ സ്വന്തം കാലിൽ നിൽക്കാനായി. ജോലിതന്ന സർക്കാരിന്‌ നന്ദി’’ സഫ്രീന പറഞ്ഞു. മാനുഷികതയുടെ മറുപേരായി മാറിയ നൗഷാദ്‌ 2015 നവംബർ 26നാണ്‌ മാൻഹോളിൽ കുരുങ്ങി മരിക്കുന്നത്‌. പാളയം മാർക്കറ്റിനുസമീപം ജോലിക്കിടെ കുഴുങ്ങിൽ കുടുങ്ങിയ രണ്ട്‌ ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടയിലാണ്‌ അപകടം പിണഞ്ഞത്‌. തൊട്ടടുത്ത കടയിൽ ചായ കുടിക്കാൻ വന്നപ്പോഴാണ്‌ നൗഷാദ്‌  ദുരന്തം കാണുന്നത്‌. ഉടൻ ഓടിയെത്തി അവരുടെ ജീവൻ രക്ഷിക്കാൻ കുഴിയിലേക്ക്‌ നൗഷാദും കൈനീട്ടി. കുഴിയിൽ വീണുപോയ നൗഷാദിനെയടക്കം പുറത്തെടുക്കുമ്പോഴേക്കും മൂന്ന്‌ പേരും മരിച്ചിരുന്നു.

നൗഷാദിന്റെ കുടുംബം മാത്രമല്ല അന്ന്‌ തേങ്ങിയത്‌; കേരളമൊന്നാകെ കണ്ണീർ വാർത്തു. കുടുംബത്തെ പ്രാരാബ്‌ധത്തിന്റെ പടുകുഴിയിൽ നിന്ന്‌ കൈപിടിച്ചുയർത്തണമെന്ന്‌ പൊതുസമൂഹം ഒന്നാകെ ആവശ്യപ്പെട്ടു. സഫ്രീനക്ക്‌ എൽഡിഎഫ്‌ സർക്കാർ തുണയായെത്തി. കലക്ടറേറ്റിൽ റവന്യൂ വിഭാഗത്തിൽ ക്ലർക്കായിട്ടായിരുന്നു നിയമനം.  നൗഷാദിന്റെ മരണശേഷം വീട്ടിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ജോലി വാഗ്ദാനംചെയ്തത്. എന്നാൽ യുഡിഎഫ് സർക്കാർ ജോലി നൽകിയില്ല. തുടർന്ന്‌ അധികാരത്തിലേറിയ എൽഡിഎഫ്‌ സർക്കാരാണ്‌ നിയമനം നൽകിയത്‌.


ഇത്‌ ഞങ്ങൾക്ക്‌ ലഭിച്ച സഹായം; ആക്ഷേപിക്കരുതേ!

വേണു കെ ആലത്തൂർ
പാലക്കാട്‌
 ‘എന്തിന്‌ ഞങ്ങളെ അപമാനിക്കുന്നു. ഇറിഗേഷൻ വകുപ്പിൽ ആശ്രിത നിയമനം നേടിയ 19 പേരും പിൻവാതിൽ വഴി വന്നവരാണെന്നാണ്‌ മനോരമ പത്രം പറയുന്നത്‌. നിയമപരമായാണ്‌ നിയമനം നേടിയത്‌. അനധികൃതമായ ഒരു ഇടപെടലുമില്ല. ഡിഗ്രിക്ക്‌ പഠിക്കുന്ന സഹോദരി, ജോലിയില്ലാത്ത അമ്മ, ഇവരുടെ  ജീവിതം എന്റെ ചുമതലയാണ്‌. സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തെ സഹായിക്കാന്‍ ‌സർക്കാർ നൽകുന്ന സഹായമാണ് ആശ്രിത നിയമനം. അതിനെ ഇല്ലാതാക്കരുത്‌–-ജലസേചന വകുപ്പില്‍ ആശ്രിത നിയമനം ലഭിച്ച കുനിശേരി സ്വദേശി ആകാശ് എ കൃഷ്ണ പറയുന്നു. അഗളിയിലാണ്‌ ആകാശ്‌ ജോലി ചെയ്യുന്നത്‌.

ജലസേചന വകുപ്പില്‍ മലമ്പുഴ കനാൽ സെക്ഷനിൽ കൊടുവായൂരിൽ ജോലിയിലിരിക്കെയാണ് ആകാശിന്റെ അച്ഛന്‍ അശോക്‌കുമാർ  മരിച്ചത്. 2014 ഒക്ടോബറിലായിരുന്നു മരണം. ഭാര്യ ചന്ദ്രികയ്‌ക്ക്‌ ജോലിയില്ല. 21 വയസ്സുള്ള മകനും വിദ്യാർഥിയായ മകളും. ആർക്കും വരുമാനമില്ല.

ലാസ്റ്റ്‌ ഗ്രേഡ്‌ ലെസ്‌കർ തസ്‌തികയിൽ ജോലിചെയ്തിരുന്ന അശോക്‌കുമാറിന്റെ ശമ്പളം തുച്ഛം. ഇക്കാരണത്താൽ  സമ്പാദ്യവുമില്ല. ആശ്രിത നിയനത്തിന്‌ അർഹതയുള്ളതിനാൽ മകൻ ആകാശ്‌ എ കൃഷ്‌ണ അപേക്ഷ നൽകി. മൂന്നു‌ വർഷത്തിനുശേഷം 2017ല്‍ ജലസേചന വകുപ്പിൽ എൽഡി ക്ലർക്കായി ജോലി കിട്ടി.ശ്രീജ വീണ്ടും സ്വപ്‌നം കണ്ടുതുടങ്ങി


എം കെ പത്മകുമാർ
ആലപ്പുഴ
നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ആശ്രിതനിയമനം ലഭിച്ചാണ്‌ എസ്‌ ശ്രീജ ചേപ്പാട്‌ പഞ്ചായത്ത്‌ ഓഫീസിൽ എൽഡി ക്ലർക്കായത്‌. ദേവികുളങ്ങര പഞ്ചായത്തിലെ ജീവനക്കാരനായ ഭർത്താവ്‌ അമൃതരാജ്‌ 2016 നവംബറിൽ അപകടത്തിലാണ്‌ മരിച്ചത്‌. ആശ്രിത നിയമനാപേക്ഷയിൽ കഴിഞ്ഞമാസം 13നാണ്‌ നിയമന ഉത്തരവ്‌ ലഭിച്ചത്‌. 16ന്‌ എൽഡി ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. ആദ്യ ശമ്പളം ഈ മാസം ലഭിച്ചു.

മുതുകുളം ചേലിപ്പള്ളിൽ പടീറ്റതിൽ ശ്രീജ പ്രീഡിഗ്രിവരെ പഠിച്ചു.  ആക്രിക്കട നടത്തിയാണ് ഭർത്താവ്‌‌ അമൃതരാജ് കുടുംബം പുലർത്തിയത്‌. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അമൃതരാജിന്‌‌ സർക്കാർ ജോലി ലഭിച്ചപ്പോൾ ശ്രീജ സ്വപ്‌നം ഏറെക്കണ്ടു. 2016 നവംബർ മൂന്നിന്‌ കായംകുളത്തുവച്ച്‌ അമൃതരാജ്‌ ഓടിച്ച ബൈക്കിൽ കാറിടിച്ച്‌ ഗുരുതര പരിക്കേറ്റു. എറണാകുളം മെഡിക്കൽ ട്രസറ്റ്‌‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

അച്ഛൻ മരിക്കുമ്പോൾ ആദർശ്‌ എട്ടാം ക്ലാസിൽ. ആകാശ്‌ അഞ്ചിലും. പറക്കമുറ്റാത്ത കുട്ടികളുമായി രണ്ടുമുറി ഓടിട്ട വീട്ടിൽ ശ്രീജ. എന്തു ചെയ്യണമെന്നറിയില്ല. ആശ്രയിക്കാനാരുമില്ല.  വരുമാനമില്ല. കടം വാങ്ങിയും മറ്റുള്ളവരുടെ സഹായവുംകൊണ്ട്‌ കുറച്ചുനാൾ തള്ളിനീക്കി. പിന്നെ അടുത്തുള്ള ബേക്കറിയിൽ ജോലിക്ക്‌ പോയി. 

പഞ്ചായത്തിലെ ഭർത്താവിന്റെ സഹപ്രവർത്തകരാണ്‌ ആശ്രിത നിയമനത്തിന്‌ അപേക്ഷ നൽകാൻ പറഞ്ഞത്‌. ഒട്ടും വൈകാതെ അപേക്ഷിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാകാൻ നാലുവർഷമെടുത്തു. ഒടുവിൽ ഈ ജൂലൈയിൽ സർക്കാർ സർവീസിൽ കയറി.  കുട്ടികളെ നന്നായി പഠിപ്പിക്കണം. പിന്നെ ചെറിയൊരു വീടുയ്‌ക്കണം –- ഈ നാൽപ്പത്തിയഞ്ചുകാരി   ഭാവിയെക്കുറിച്ച്‌  സ്വപ്‌നം കാണുന്നു.

ആശ്രിതനിയമനംവഴി ജോലി ലഭിച്ച  രമ്യ  പറയുന്നു
ഏട്ടൻ പോയപ്പോൾ താങ്ങായത്‌ ഈ സർക്കാർ

അക്ഷിത രാജ്‌
തൃശൂർ
"ഏട്ടന്റെ അപ്രതീക്ഷിത മരണത്തെത്തുടർന്ന്‌ ഞങ്ങൾ മൂന്നു സ്‌ത്രീകൾക്കു ചുറ്റും എല്ലാം ശൂന്യമായിരുന്നു. ഈ ജോലി ഉള്ളതുകൊണ്ടു മാത്രമാണ്‌ ഇപ്പോൾ അമ്മയ്‌ക്കും ചേച്ചിക്കും താങ്ങായി നിൽക്കാൻ കഴിയുന്നത്'‌–- ആശ്രിതനിയമനംവഴി ജോലി ലഭിച്ച  നന്തിക്കര ഏങ്ങണ്ടിയൂർ വീട്ടിൽ ഇ എൻ രമ്യ പറയുന്നു‌. തൃശൂർ ഡിഇഒ ഓഫീസിൽ ക്ലർക്കാണ്‌ രമ്യ.
രമ്യയുടെ സഹോദരൻ രഞ്ജിത്ത്‌ കുമാർ ന്യൂമോണിയ ബാധിച്ച്‌ 2014ൽ ആണ്‌ മരിച്ചത്‌. അയ്യന്തോൾ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്യൂണായിരുന്നു. രഞ്ജിത്തിന്റെ മരണശേഷം അമ്മ രമണിയും രണ്ട്‌ സഹോദരിമാരും മാത്രമായി. ‌അച്ഛൻ നാരായണൻ വർഷങ്ങൾക്കു മുമ്പേ മരിച്ചിരുന്നു.

ആശ്രിത നിയമനംവഴി ജോലി ലഭിക്കാനുള്ള അപേക്ഷ നൽകി. മണ്ഡലം എംഎൽഎകൂടിയായിരുന്ന മന്ത്രി സി രവീന്ദ്രനാഥ്‌ കുടുംബത്തിന്‌ വേണ്ട സഹായങ്ങൾ ചെയ്‌തു. രണ്ടുവർഷംകൊണ്ട്‌  നിയമന  ഉത്തരവ്‌ ലഭിച്ചിരുന്നെങ്കിലും 2019 ആഗസ്ത്‌ ഒന്നിനാണ്‌ രമ്യ ജോലിയിൽ പ്രവേശിച്ചത്‌. 

മരിച്ചയാളുടെ സഹോദരിക്ക്‌ ജോലി നൽകുമ്പോൾ വിവാഹശേഷം അമ്മയെ നോക്കുമോ എന്ന സംശയം തടസ്സമായി ഉന്നയിച്ചു. എന്നാൽ, കൃത്യമായ അന്വേഷണത്തിനുശേഷമാണ്‌ രമ്യക്ക്‌ ജോലി ലഭിച്ചത്‌. ഇന്ന്‌ അമ്മയ്‌ക്കും ചേച്ചിക്കും താങ്ങായി രമ്യയുണ്ട്‌. ഈ കഴിഞ്ഞ ഏപ്രിലിലാണ്‌ രമ്യ വിവാഹിതയായത്‌. വിവാഹാഘോഷം ഒഴിവാക്കി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നൽകി.

ആശ്രിത നിയമനങ്ങളെച്ചൊല്ലിയുള്ള നിരവധി വ്യാജ പ്രചാരണങ്ങൾക്കിടയിൽ രമ്യയെപോലെ സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ ലഭിച്ച ജോലിയിലൂടെ‌ ജീവിതം തിരിച്ചുപിടിച്ച ഒരുപാട്‌ പേരുണ്ട്‌ ചുറ്റും.


 

ബഷീറിന്റെ ഭാര്യയ്‌ക്ക്‌ ജോലി നൽകിയത്‌ പുതിയ തസ്തിക സൃഷ്ടിച്ച്‌

മലപ്പുറം
ഐഎഎസ്‌ ഓഫീസർ  ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച്‌ കൊന്ന മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ ഭാര്യക്ക്‌ മലയാള സർവകലാശാലയിൽ സർക്കാർ നിയമനം നൽകിയത്‌ പുതിയ തസ്തിക സൃഷ്ടിച്ച്‌. കഴിഞ്ഞ വർഷം ആഗസ്ത്‌ 14ന്‌ ചേർന്ന മന്ത്രിസഭാ യോഗമാണ് ബഷീറിന്റെ ഭാര്യ സി ജസീലക്ക്‌‌ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നൽകിയത്‌.

സർവകലാശാല നിർവാഹക സമിതിക്കാണ്‌ (സിൻഡിക്കറ്റ്‌)‌ തസ്തിക സൃഷ്ടിക്കാനുള്ള അധികാരം. ‌എന്നാൽ സർക്കാർ തീരുമാനത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത്‌ നിർവാഹക സമിതിക്ക്‌‌‌ വിടാതെ വൈസ്‌ ചാൻസലറുടെ അധികാരം ഉപയോഗിച്ച്‌‌ തസ്തിക സൃഷ്ടിച്ച്‌ ഉത്തരവിറക്കി.‌ അന്നുതന്നെ ജസീല ജോലിയിലും പ്രവേശിച്ചു. 2019 ആഗസ്‌ത്‌ മൂന്നിനാണ്‌ സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയിരുന്ന ബഷീർ കൊല്ലപ്പെട്ടത്.


നാല്‌ ജീവിതങ്ങൾ വീണ്ടും തളിരിടുന്നു
കണ്ണൂർ
പട്ടുവം മംഗലശേരിയിലെ വീട്ടിൽ തളർന്നുകിടപ്പാണ്‌‌‌ റിട്ട. എസ്‌ ഐ രാജൻ. വിരമിക്കാൻ മൂന്നുവർഷം ബാക്കിനിൽക്കെയാണ്‌  നീതിമാനായ പൊലീസുദ്യോഗസ്ഥന്റെ  ജീവിതം ദുരന്തമായത്. മണൽ മാഫിയാസംഘത്തിന്റെ ആക്രമണത്തിൽ ഒരിക്കലും തിരിച്ചു വരാനാവാത്ത വിധം രാജൻ വീണുപോയപ്പോൾ തകർന്നത്‌  കുടുംബത്തിന്റെ ജീവനാഡിയാണ്‌.

അഞ്ചു‌ വർഷങ്ങൾക്കിപ്പുറം രാജന്റെ മകൻ  കെ എം സന്ദീപിന്‌ ആശ്രിതനിയമനത്തിലൂടെ ജോലിനൽകാൻ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചപ്പോൾ  തളിരിട്ടതും നാലുജീവിതങ്ങൾ‌.2015 മെയ്‌ 16ന്‌ പുലർച്ചെ പരിയാരം പാറോളിക്കടവിലെ മണൽക്കടത്ത്‌ പിടിക്കാനെത്തിയ പരിയാരം എസ്‌ഐ രാജനെ മണൽ മാഫിയ അതിക്രൂരമായാണ്‌  ആക്രമിച്ചത്‌. മണൽ ലോറിയിൽ കയറ്റി ജാക്കി ലിവർകൊണ്ട്‌ തലയ്‌ക്കടിച്ച്‌ റോഡിൽ വലിച്ചെറിഞ്ഞു. കോഴിക്കോട്‌ മിംസിലും  തുടർന്നു വെല്ലൂരിലും ദീർഘകാലം ചികിത്സ നടത്തിയെങ്കിലും നാഡി വ്യൂഹത്തിനേറ്റ മാരകമായ ക്ഷതം മാറ്റിയില്ല. ഭക്ഷണം ‌ ട്യൂബിലൂടെ മാത്രം. സംസാരം‌ വീട്ടുകാർക്ക്‌ മാത്രം മനസിലാകും.

സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ മകൻ സന്ദീപിന്‌  കിടപ്പിലായ അച്ഛനെയും അമ്മ ശ്രീജയെയും  പത്താംക്ലാസ്‌ കഴിഞ്ഞു നിൽക്കുന്ന അനിയത്തി നന്ദനയെയും ചേർത്തു പിടിച്ച്‌  ഇനിയും കുറേദൂരം പോകാനുണ്ട്‌. നഷ്ടങ്ങൾക്ക്‌ പകരമാവില്ലെങ്കിലും കൃത്യനിർവഹണത്തിനിടെ ആക്രമിക്കപ്പെട്ട പൊലീസുകാരന്റെ കുടുംബം അരക്ഷിതമാവരുതെന്ന എൽഡിഎഫ്‌ സർക്കാരിന്റെ നിലപാടാണ്‌ സന്ദീപിന്‌  സർക്കാർ ജോലി നൽകിയത്‌.

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top