07 August Friday
നാളെ ശതാഭിഷേകം

മോഹനവർമ ഇനി കഥ ‘പറയും’, യുട്യൂബിലൂടെ

ടി ആർ അനിൽകുമാർUpdated: Tuesday Jul 7, 2020

കൊച്ചി
‘ഓഹരി’യും ‘ക്രിക്കറ്റും’ മലയാളി മറന്നിട്ടില്ല. പ്രമേയത്തിനോടുള്ള അടുപ്പംകൊണ്ടുമാത്രം ആനുകാലികങ്ങളിലേക്കും പുസ്‌തകത്തിലേക്കും പലരും തിരിഞ്ഞ കാലം. പുതുമയുള്ള പ്രമേയങ്ങളിലൂടെ നോവൽസാഹിത്യം തിരുത്തിക്കുറിച്ച കെ എൽ മോഹനവർമ ഇനി യുട്യൂബ്‌ ചാനലിലൂടെമാത്രം കഥ പറയും. ശബ്‌ദവും വരയും ചലനവുംമുതൽ നിർമിതബുദ്ധിയുടെ സാധ്യതകൾവരെ ഉപയോഗിച്ചാവും ആസ്വാദകരുമായി ഇനി സംവദിക്കുകയെന്ന്‌ ബുധനാഴ്‌ച ശതാഭിഷിക്തനാകുന്ന മോഹനവർമ പറഞ്ഞു. ആദ്യഘട്ടമായി യുട്യൂബ്‌ ചാനൽ തുടങ്ങുകയും അതിലേക്ക്‌ പരിപാടികൾ തയ്യാറാക്കുകയും ചെയ്യുന്ന തിരക്കിലാണ്‌ ഈ കോവിഡ് ‌കാലത്ത്‌ അദ്ദേഹം. പുതിയ എഴുത്തുകാർക്കായി ഓൺലൈൻ പരിശീലനക്കളരിയും തുടങ്ങി.

പത്രങ്ങളിൽ എഴുതിയിരുന്ന ‘കറിയാച്ചന്റെ ലോകം’ വർത്തമാനകാല ആക്ഷേപഹാസ്യ പരമ്പര‌ യുട്യൂബ്‌ ചാനലിൽ പരമ്പരയായി അവതരിപ്പിക്കും. തുടർന്ന്‌ കഥയും വർത്തമാനങ്ങളും രാഷ്‌ട്രീയവും സ്‌പോർട്‌സും ഭക്ഷണവുമെല്ലാം വിഷയങ്ങളാകും. പുതിയ സാങ്കേതികവിദ്യയിലേക്ക്‌ ചുവടുമാറുന്നതിനു മുന്നോടിയായി നടൻ മധുപാലുമായി ചേർന്ന്‌ ‘സൈക്കിൾ മായൻ’ എന്ന ഡോക്യുഫിലിം ചെയ്‌തു. കൊച്ചിയിൽ വെജിറ്റേറിയൻ രുചിയുമായി എത്തിയ ബിടിഎച്ച്‌ സ്ഥാപകൻ ഗോവിന്ദറാവുവിനെക്കുറിച്ചാണ്‌ ഡോക്യുചിത്രം.

ജീവിതത്തിൽ യാദൃച്ഛികതകളും പുതുമകളുമാണ്‌ ഇഷ്ട‌മെന്ന്‌ മോഹനവർമ പറയുന്നു. ഓഡിറ്റ്‌ വകുപ്പിൽ ഉദ്യോഗസ്ഥനായി മധ്യപ്രദേശിൽ എത്തുംവരെ ഒരക്ഷരം എഴുതിയില്ല. അവിടെവച്ച്‌  31–-ാംവയസ്സിൽ ആദ്യകഥ ‘പാരസമണി’ പ്രസിദ്ധീകരിക്കുംവരെ എഴുത്തുകാരനാകണമെന്ന്‌ സ്വപ്‌നവുമില്ല. കൊച്ചിയിലേക്ക്‌ സ്ഥലംമാറ്റം ലഭിച്ചതോടെ എഴുത്തിൽ വഴിത്തിരിവായി. തൊണ്ണൂറുകളുടെ ആദ്യം എഴുതിയ നോവൽ ‘ഓഹരി’ മാതൃഭൂമിയിൽ നാലുലക്കം ആയപ്പോൾ പ്രചാരമേറി.  അത്‌ ഹിറ്റായതോടെ കലാകൗമുദി പുതിയ നോവൽ ചോദിച്ചു. വിഷയം തേടുമ്പോഴാണ്‌ ട്രെയിൻ യാത്രയിൽ യാത്രക്കാർ തലേന്നത്തെ ക്രിക്കറ്റ്‌ മാച്ചിനെക്കുറിച്ച്‌ ചർച്ച ചെയ്യുന്നത്‌ കേട്ടത്‌. അങ്ങനെ ‘ക്രിക്കറ്റ്‌ ’പിറന്നു. കൊച്ചിയും നോവലിന്‌ വിഷയമായി. കമല സുരയ്യയുമായി ചേർന്ന്‌ ‘അമാവാസി’ എഴുതിയതും വിജയിച്ച പരീക്ഷണം. അവസാനമായി കഴിഞ്ഞവർഷം ചിന്ത പബ്ലിഷേഴ്‌സ്‌ പ്രസിദ്ധീകരിച്ച നോവൽ ‘ശിവറാംജിയുടെ ഡയറിക്കുറിപ്പു’കൾ ചർക്കയും റാട്ടും ജീവിതവും
സമരവുമായി സമന്വയിപ്പിച്ചതാണ്‌. അമ്പതോളം നോവൽ ഉൾപ്പെടെ അറുപത്താറോളം പുസ്‌തകങ്ങൾ. പല നോവലുകളും ഇംഗ്ലീഷിലും മറ്റ്‌ ഇന്ത്യൻ ഭാഷകളിലും വിവർത്തനം ചെയ്‌തു.

മറ്റുള്ളവർക്ക്‌ കാണാൻ കഴിയാത്ത ദുരിതം എഴുത്തുകാരന്‌ കാണാനാകണം. അത്‌ പുറത്തുകൊണ്ടുവരലാണ്‌ സാഹിത്യകാരന്റെ കടമ. കോവിഡ്‌ കാലം പഠിപ്പിക്കുന്നതും അതാണ്‌. ഭയം മാറാനാണ്‌ ആശുപത്രികളെയും അമ്പലങ്ങളെയും ആശ്രയിക്കുന്നത്‌. എന്നാൽ, അവനവനോടും കുടുംബത്തോടും സമൂഹത്തോടുമുള്ള സ്‌നേഹംകൊണ്ട്‌ ഭയം അകറ്റാനാകുമെന്ന്‌ മനുഷ്യർ മനസ്സിലാക്കിത്തുടങ്ങി–- ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവിൽ എറണാകുളം‌ ലോട്ടസ്‌ അപ്പാർട്ടുമെന്റ്‌സിലിരുന്ന്‌ മോഹനവർമ പറഞ്ഞു.  ഭാര്യ രാധാവർമയ്‌ക്കും മക്കൾ സുഭാഷിനും കവിതയ്‌ക്കും മരുമക്കൾ ആശയ്‌ക്കും അരവിന്ദിനും കൊച്ചുമക്കൾക്കുമൊപ്പം ആഘോഷങ്ങളില്ലാതെയാകും എൺപത്തിനാലാം പിറന്നാളും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top