15 July Wednesday

വരികയേ വേണ്ടൂ... ആരോഗ്യവകുപ്പ് സുസജ്ജം

വെബ് ഡെസ്‌ക്‌Updated: Thursday May 7, 2020


തിരുവനന്തപുരം
വിദേശത്തുനിന്ന്‌ മടങ്ങുന്ന പ്രവാസികൾക്ക് മികച്ച ചികിത്സയും പ്രതിരോധവും ഉറപ്പാക്കി ആരോഗ്യവകുപ്പ് സുസജ്ജം. വിമാനത്താവളത്തിൽ ഇറങ്ങുന്നതുമുതൽ പരിശോധിച്ച് ആവശ്യമുള്ളവർക്ക് മികച്ച ചികിത്സയും പരിചരണവും നൽകാൻ എല്ലാ സൗകര്യവുമൊരുക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 

207 ആശുപത്രികൾ
രോഗലക്ഷണമുള്ളവരെ ചികിത്സിക്കാൻ പ്ലാൻ എ, ബി,സി എന്നിങ്ങനെ തിരിച്ച് 27 കോവിഡ് ആശുപത്രി ഉൾപ്പെടെ 207 സർക്കാർ ആശുപത്രികൾ സജ്ജം.  125 സ്വകാര്യ ആശുപത്രികളും സമ്മതം അറിയിച്ചിട്ടുണ്ട്. 11,084 ഐസൊലേഷൻ കിടക്കയും 1679 ഐസിയു കിടക്കയും ഒരുക്കിയിട്ടുണ്ട്‌.  

പുതിയ ഡോക്ടർമാർ
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടർമാരെ പിഎസ്‌സി വഴി നിയമിച്ചിരുന്നു. കാസർകോട്‌ മെഡിക്കൽ കോളേജ് ആശുപത്രിക്കായി 273 തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിവരുന്നു. 980 ഡോക്ടർമാരെ മൂന്നു മാസക്കാലയളവിൽ നിയമിക്കും. ഇതുകൂടാതെ എൻഎച്ച്എം വഴി  3770 തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിവരുന്നു.

വിവരങ്ങൾ അറിയാൻ ആരോഗ്യ ആപ്
എല്ലാ വിമാനത്താവളങ്ങളിലും വന്നിറങ്ങുന്നവർക്കായി പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകൾ തയ്യാറാക്കി. തിരുവനന്തപുരത്ത്‌ കരുതൽ ആപ്, എറണാകുളത്ത്‌ ആയുർരക്ഷാ ആപ്, കോഴിക്കോട്ട്‌ ആഗമനം ആപ് എന്നിങ്ങനെയാണ് ‌പേര്‌. കണ്ണൂരിലെ ആപ്പ്‌ അടുത്തദിവസം തയ്യാറാകും. നോർക്ക വഴി രജിസ്റ്റർ ചെയ്‌തവരുടെ പൂർണവിവരം ഈ ആപ്പിൽ ലഭ്യമാണ്.

വിമാനത്തിൽ മാസ്‌ക്‌ ധരിക്കണം
യാത്രക്കാരെ മാസ്‌ക് ധരിപ്പിച്ച് സിഗ്‌സാഗ് പാറ്റേണിലാകും വിമാനത്തിൽ ഇരുത്തുക. വിമാനം ഇറങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് വിമാനത്താവളത്തിലും തുടർന്ന് ക്വാറന്റൈനിലും പാലിക്കേണ്ട കാര്യങ്ങൾ അനൗൺസ്‌ ചെയ്യും.


 

 

1,63,303 കിടക്ക സജ്ജം
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളിൽനിന്നും എത്തുന്ന പ്രവാസികളെ പാർപ്പിക്കാൻ സംസ്ഥാനത്ത്‌ 1,63,303 കിടക്ക തയ്യാറായി. 2,50,683 കിടക്ക ഒരുക്കാനുള്ള സ്ഥലവും പൊതുമരാമത്തു വകുപ്പ്‌ കണ്ടെത്തി‌. ആവശ്യമെങ്കിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകളും നിരീക്ഷണകേന്ദ്രങ്ങളാക്കും.

പ്രവാസികൾ വ്യാഴാഴ്‌ചമുതൽ എത്തുന്ന സാഹചര്യത്തിൽ കണ്ടെത്തിയ മുറികളിൽ  സൗകര്യങ്ങൾ ഒരുക്കിതുടങ്ങി. ഭക്ഷണം കഴിക്കാനുള്ള പാത്രം, ഗ്ലാസ്‌, സോപ്പ്‌, ബെഡ്‌ ഷീറ്റ്‌, പേസ്‌റ്റ്‌ എന്നിവ മുറികളിലുണ്ട്‌.  വിമാനത്താവളങ്ങളിൽ എത്തുന്നവരെ അവരവരുടെ ജില്ലകളിലെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക്‌ മാറ്റും.



 


പ്രധാന വാർത്തകൾ
 Top