26 May Tuesday

മാഞ്ഞൂ, കസ്‌തൂരി മണം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

എറണാകുളം പള്ളുരുത്തിയിലെ വീട്ടിൽ എം കെ അർജുനന്റെ മൃതദേഹത്തിന്‌ സമീപം ഭാര്യ ഭാരതിയും മക്കളും ബന്ധുക്കളും ഫോട്ടോ: മനു വിശ്വനാഥ്‌

കൊച്ചി
ഉതിർക്കുന്ന മർമരവും സംഗീതസാന്ദ്രമാക്കുന്ന ഫോർട്ടുകൊച്ചി എന്നാണ് തന്റെ ജന്മദേശത്തെ അർജുനൻ മാഷ് വിശേഷിപ്പിച്ചിട്ടുള്ളത്. സാധാരണക്കാരായ മനുഷ്യരുടെയിടയിൽ പാടിനടന്ന മെഹ്ബൂബ് ഉൾപ്പെടെ കലാകാരന്മാരുടെ കൊച്ചിയാണ് അർജുനൻ മാഷിലെ സംഗീതത്തെയും വളർത്തിയത്.  

അച്ഛൻ കൊച്ചുകുഞ്ഞ് അറിയപ്പെടുന്ന മൃദംഗവിദ്വാനും കോൽക്കളി ആശാനുമായിരുന്നു. അർജുനൻ കുട്ടിയായിരിക്കുമ്പോൾ അദ്ദേഹം മരിച്ചു. അച്ഛനെക്കുറിച്ച് കേട്ട അറിവുമാത്രം. 14 മക്കളിൽ അവസാനയാളായാണ് ജനനം. പത്തു സഹോദരങ്ങളും വളരെമുമ്പെ മരിച്ചു. അമ്മ പാർവതിയും നാല് മക്കളും മാത്രമായി. ദാരിദ്ര്യം  സഹിക്കവയ്യാത്ത അവസ്ഥയിലെത്തിയപ്പോഴാണ് അർജുനനെയും ചേട്ടനെയും അമ്മ പഴനിയിലെ ആശ്രമത്തിലേക്ക് അയച്ചത്. നാരായണൻ എന്നൊരു മലയാളിയുടെതായിരുന്നു ആശ്രമം. ജീവകാരുണ്യാനന്ദ ആശ്രമത്തിൽ പ്രാർഥനയും നാമജപവുമൊക്കെയായിരുന്നു പരിപാടി. ചേട്ടൻ പ്രഭാകരനാണ് ഭജനയൊക്കെ ഉറക്കെ ചൊല്ലുന്നത്.

അടുത്ത വീട്ടിലെ കുട്ടികളെ സംഗീതം പഠിപ്പിക്കാൻ എത്തുമായിരുന്ന കുമരയ്യാപിള്ള ഭാഗവതരോട് സ്വാമി അർജുനന്റെയും ചേട്ടന്റെയും കാര്യം പറഞ്ഞത് വഴിത്തിരിവായി. അങ്ങനെ ആദ്യമായി ഗുരുമുഖത്തുനിന്ന് സംഗീതം പഠിച്ചു. ഏഴ് വർഷത്തോളം. ആശ്രമ നടത്തിപ്പ് പ്രതിസന്ധിയിലായതോടെ തിരിച്ച് നാട്ടിലേക്ക് പോന്നു.

തമിഴ്നാട്ടിൽ പോയി സംഗീതം പഠിച്ച രണ്ട് കുട്ടികൾ വന്നിട്ടുണ്ട് എന്ന പ്രചാരണത്തോടെ സുഹൃത്തുക്കൾ നാട്ടിൽ ഇടയ്ക്കൊക്കെ പരിപാടികൾ സംഘടിപ്പിച്ചു. പക്ഷേ, അതുകൊണ്ടൊന്നും  ജീവിച്ചുപോകാൻ കഴിയില്ലായിരുന്നു. അങ്ങനെയാണ് മറ്റു തൊഴിലുകളിലേക്കും തിരിഞ്ഞത്. അക്കാലത്ത് ഫോർട്ടുകൊച്ചിയിൽ വ്യാപാരികളും വ്യവസായികളുമായ സായിപ്പുമാരുമുണ്ട്. അവരുടെ ബംഗ്ലാവുകളിൽ കാര്യസ്ഥൻ, കുശിനിക്കാരൻ, തോട്ടക്കാരൻ, ഡ്രൈവർ എന്നിങ്ങനെ പണികൾ പലതും ഏറ്റെടുത്തു. സംഗീതപഠനം തുടരാനുള്ള ആഗ്രഹം അപ്പോഴും ഉള്ളിലുണ്ടായിരുന്നു. ഒഴിവുസമയത്ത് വിജയരാജൻ ഭാഗവതരുടെയും തൃപ്പൂണിത്തുറ രാഘവമേനോന്റെയും അടുത്തുപോയി പഠനം ആരംഭിച്ചു. ഹാർമോണിയം പഠനവും ഇതോടൊപ്പം ആരംഭിക്കുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top