26 May Tuesday

ഹൃദയരാഗം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

ശ്രീകുമാരൻതമ്പി,എം കെ അർജുനൻ, യേശുദാസ്

ദുരിതം നിറഞ്ഞ ജീവിത വഴികളിലൂടെയാണ്  എം കെ അർജുനന്റെ കുട്ടിക്കാലം കടന്നുപോയത്. ജീവിക്കാൻ കൂലിപ്പണിയെടുക്കേണ്ടിവന്നു. വിശ്രമവേളകളിൽ ഫോർടുകൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും സംഗീത കൂട്ടായ്മകളിൽ. കരിപ്പാലത്തെ പിഎസ് ക്ലബ്, ഫോർടു കൊച്ചിയിലെ പോൾസൺ ആർട്സ്, പീപ്പിൾസ് ലീഗ്. എല്ലായിടത്തും ഹാർമോണിയം വായനയും പാട്ടും. അമ്പതുകളുടെ രണ്ടാം പകുതിയോടെ ഹാർമോണിസ്റ്റ് എന്ന നിലയിൽ സ്വീകാര്യൻ. തുടർന്ന് നാടക ഗാനങ്ങൾ ചിട്ടപ്പെടുത്താൻ തുടങ്ങി. പറവൂർ പൗലോസ് രചിച്ച "പള്ളിക്കുറ്റം' നാടകത്തിലെ ഗാനങ്ങൾക്ക് ആദ്യമായി ഈണമിട്ടു. തുടർന്ന് പി ജെ ആന്റണി, സി പി ആന്റണി തുടങ്ങിയവരുടെ നാടകങ്ങൾക്കും പാട്ടൊരുക്കി. ഹാർമോണിയം വായിച്ചു. നെൽസൺ ഫെർണാണ്ടസ്, കരിപ്പാലം രവി എന്നിവരുടെ പാട്ടിനും ഈണമിട്ടു.


 

ദേവരാജന്റെ നേതൃത്വത്തിലുള്ള കാളിദാസ കലാകേന്ദ്രത്തിന്റെ "ഡോക്ടർ' നാടകത്തിന് ഹർമോണിയം വായിച്ചു. "നീലക്കുയിൽ' നാടകത്തിനും പാട്ടൊരുക്കി.  സൈക്കിളിൽ ഹാർമോണിയംവെച്ചുകെട്ടി നാടകത്തിനും കച്ചേരിക്കും പോകുന്ന അദ്ദേഹത്തിന്റെ ജീവിത പാഠങ്ങൾ വലുതായിരുന്നു. അതുല്യ പ്രതിഭകളായ യേശുദാസിനും എ ആർ റഹ്മാനും ഗുരുസ്ഥാനീയനായിരുന്നു  അർജുനൻ. ദേവരാജനും എം എസ് ബാബുരാജും ശോഭിച്ചുനിന്ന കാലത്താണ് വിനീതനായി കടന്നുവന്ന് സ്വന്തം ശബ്ദം കേൾപ്പിച്ചത്.

ആദ്യമായി ടേപ്പ് റെക്കോർഡർ വന്നകാലം. ശബ്ദം റെക്കോർഡ് ചെയ്തുവെച്ച് വീണ്ടും കേൾക്കാമെന്നത് വിദൂരമായ അറിവായിരുന്ന കാലം.  എന്തുകൊണ്ട് പാട്ട് റെക്കോർഡ് ചെയ്തുകൂട എന്നായി. പുതിയ നാടകത്തിലേക്കുള്ള വിപ്ലവഗാനം പൊൻകുന്നം ദാമോദരൻ എഴുതിയിട്ടുണ്ട്. ആരെക്കൊണ്ട് പാടിക്കും. അപ്പോഴാണ് സുഹൃത്ത് അഗസ്റ്റിൻ ജോസഫിന്റെ മകൻ പാടുമെന്നും തൃപ്പൂണിത്തുറയിൽ സംഗീത വിദ്യാർഥിയാണെന്നും അറിഞ്ഞത്. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോർഡ് ചെയ്തതും അദ്ദേഹം സ്വന്തം ഗാനം കേൾക്കുന്നതും അന്ന്.


 

ഹാർമോണിയവുമായി ഇറങ്ങിയപ്പോൾ നാടകമാണ് ആദ്യം വരവേറ്റത്. കോഴിക്കോട്ടെ "കൗമുദി' നാടകസംഘത്തിന്റെ "പള്ളിക്കുറ്റം' നാടകത്തിന് സംഗീതം ചെയ്യാനായിരുന്നു ക്ഷണം. റിഹേഴ്സൽ കൊച്ചിയിൽ. പറവൂർ പൗലോസാണ് നാടകകൃത്ത്. പാട്ടുകൾ എഴുതിയത് ടി എം കാസിം. മുൻ പരിചയമില്ലാത്തതിനാൽ ഏറ്റെടുക്കാൻ മടിച്ചെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി. "തമ്മിലടിച്ച തമ്പുരാക്കൾ...'ഗാനത്തിനാണ് ആദ്യം ഈണം പകർന്നത്. അതിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. "എന്നിട്ടും പള്ളിക്ക് കുറ്റം' ബദൽനാടകത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകാനുമുണ്ടായി ക്ഷണം. തുടർന്ന് തുടരെ നാടകങ്ങൾ.

കൊല്ലം കാളിദാസയിൽ എത്തിയയോടെ സംഗീതകാരൻ എന്ന പേരിൽ കൂടുതൽ അറിയപ്പെട്ടു. പിന്നീട് ഒട്ടുമിക്ക തീയേറ്ററുകൾക്കുവേണ്ടിയും പാട്ടുകൾ. മുന്നൂറു നാടകങ്ങളിലായി എണ്ണൂറിലധികംപാട്ടുകൾ. ഒ എൻ വി, തോപ്പിൽഭാസി, വയലാർ, ദേവരാജൻ തുടങ്ങിവരുമായി സൗഹൃദം. സിനിമയിലും സജീവമായെങ്കിലും നാടകം കൈവിട്ടില്ല.  നാടക ഗാനങ്ങൾക്ക് സംഗീതം കൊടുത്തതിന് കണക്കുവെച്ചില്ല. പാട്ടുകളുടെ റെക്കോഡുകളും സൂക്ഷിച്ചില്ല. അവസാനംവരെ കെപിഎസിക്കും സൗപർണിക തിയേറ്റേഴ്സിനും സംഗീതം ചെയ്തു. വളർത്തിയതും അംഗീകാരങ്ങൾ നേടിത്തന്നതും നാടകവേദിയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സംസ്ഥാനസർക്കാരിന്റേതുൾപ്പെടെ വിവിധ പുരസ്കാരങ്ങൾ ആദ്യം ലഭിച്ചതും രംഗവേദിയിൽനിന്ന്.  

അനശ്വരങ്ങളിൽ ചിലതുമാത്രം
ശ്രീകുമാരൻ തമ്പി‐ എം കെ ആർജുനൻ കൂട്ടുകെട്ടിൽ പിറന്ന പാടാത്ത വീണയും പാടും, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ചെമ്പകത്തൈകൾ പൂത്ത മാനത്തെ പൊന്നമ്പിളി, പാലരുവി കരയിൽ, മല്ലികപ്പൂവിൻ മധുരഗന്ധം, ആയിരം അജന്താ ചിത്രങ്ങളിൽ തുടങ്ങിയവ മലയാളത്തിലെ അനശ്വര ഗാനങ്ങളിൽ ചിലതുമാത്രം.


പ്രധാന വാർത്തകൾ
 Top