20 March Wednesday

ഇന്‍സൈറ്റ് ചൊവ്വയില്‍

സാബുജോസ്‌Updated: Thursday Dec 6, 2018

2018 മെയ്  അഞ്ചിനു വിക്ഷേപിച്ച നാസയുടെ ചൊവ്വ പര്യവേഷണ പേടകം ഇൻസൈറ്റ് (InSight) ഈ നവംബർ 25ന് ചൊവ്വയിലിറങ്ങി. ആറുമാസത്തെ ബഹിരാകാശ സഞ്ചാരത്തിനുശേഷമാണ് ഇൻസൈറ്റ് ലാൻഡർ ചൊവ്വയിലെ എലിസിയം പ്ലാന്റേഷ്യ എന്നുപേരിട്ടിരിക്കുന്ന പ്രദേശത്ത് ഇറങ്ങിയത്. ചൊവ്വാ ഗ്രഹത്തിന്റെ ആന്തരികഘടന പഠിക്കുന്നതിനുവേണ്ടിയാണ് ഇൻസൈറ്റ് (The Interior Exploration using seismic Investigations, Geodesy and Heat Transport -- InSight) വിക്ഷേപിച്ചത്.

48.3 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് ഇൻസൈറ്റ് ചൊവ്വയിലെത്തിയത്. നാസയുടെ ക്യൂരിയോസിറ്റി റോവർ പര്യവേഷണം നടത്തുന്ന ഗ്രേൽ ക്രേറ്ററിൽനിന്ന‌് ഏകദേശം 600 കിലോമീറ്റർ അകലെയാണ് ഇൻസൈറ്റ് ലാൻഡ്ചെയ്ത എലിസിയം പ്ലാന്റേഷ്യ. 358 കിലോഗ്രാം പിണ്ഡമുള്ള ഇൻസൈറ്റിന്റെ പ്രവർത്തനത്തിനാവശ്യമായ ഊർജം നൽകുന്നത് സോളാർ പാനലുകളാണ്.

ചൊവ്വയിലെ ഭൂകമ്പപ്രവർത്തനങ്ങൾ അളക്കുന്നതിനും ഗ്രഹാന്തർഭാഗത്തിന്റെ ത്രിമാനമോഡലുകൾ നിർമിക്കുന്നതിനും കഴിയുന്ന സീസ് (SEIS)  എന്ന ഒരു സീസ‌്‌മോമീറ്റർ സ്ഥാപിക്കുകയും ഗ്രഹരൂപീകരണ പരിണാമം പഠിക്കുന്നതിനുള്ള ഒരു താപഗവേഷക ഉപകരണം (HP3)  ഉപയോഗിച്ച് ആന്തര താപപ്രേഷണം അളക്കുകയുമാണ് ഇൻസൈറ്റ് ദൗത്യത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങൾ. ഇത്  കേവലം ചൊവ്വയുടെ രൂപീകരണസിദ്ധാന്തം രൂപീകരിക്കുന്നതിൽമാത്രം ഒതുങ്ങിനിൽക്കുന്നില്ല എന്നതാണ് ഇൻസൈറ്റ് ദൗത്യത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. ചൊവ്വയെപ്പോലെതന്നെ ഇന്നർ സോളാർ സിസ്റ്റത്തിലുള്ള ബുധൻ, ശുക്രൻ, ഭൂമി എന്നീ ഭൗമഗ്രഹങ്ങളെക്കുറിച്ചും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെക്കുറിച്ചും അവയുടെ രൂപീകരണത്തെക്കുറിച്ചും കൂടുതൽ അറിവുകൾ നൽകാൻ ഇൻസൈറ്റ് ദൗത്യത്തിന് കഴിയും. ഭൂമിയിലുണ്ടായതുപോലെ ഭ്രംശപാളികളുടെയും ശിലാഫലകങ്ങളുടെയും ചലനത്തിലൂടെ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ പാറകൾ നിറഞ്ഞ ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെട്ടു എന്നുമനസ്സിലാക്കാൻ ഭൂമിയേക്കാൾ അനുയോജ്യം ചൊവ്വയാണെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

ജിയോഫിസിക്കൽ മോണിറ്ററിങ‌് സ്റ്റേഷൻ എന്നപേരിലായിരുന്നു ഈ ദൗത്യം ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് 2012 ലാണ് നാസ ഈ പേരു മാറ്റി ഇൻസൈറ്റ് എന്ന് പുനർനാമകരണം ചെയ്തത്. 2010ൽ നാസ അവതരിപ്പിച്ച 28 ഡിസ‌്കവറി പ്രോഗ്രാം പ്രൊപോസലുകളിൽ മികച്ച മൂന്നിൽപ്പെട്ടതായിരുന്നു ഇൻസൈറ്റ് പദ്ധതി. അതുകൊണ്ടുതന്നെ പദ്ധതിയുടെ പ്രാരംഭ മുതൽമുടക്കായി മൂന്നു ദശലക്ഷം യുഎസ് ഡോളർ പദ്ധതിയുടെ തുടക്കത്തിൽത്തന്നെ ലഭിച്ചു. 2012 ആഗസ‌്തിൽത്തന്നെ ഇൻസൈറ്റിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. നാസയുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിലാണ് പേടകം നിർമിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നുളള ശാസ്ത്രജ്ഞർ ഈ പദ്ധതിയുമായി സഹകരിച്ചിട്ടുണ്ട്. 425 ദശലക്ഷം ഡോളറാണ് വിക്ഷേപണ വാഹനമുൾപ്പെടെ കണക്കാക്കിയിരുന്നത്. 2015 മെയ് അവസാന വാരത്തിൽ നിർമാണം പൂർത്തീകരിച്ചു.

സീസ‌്‌മോമീറ്ററിൽ ഉണ്ടായ ഒരു വാക്വം ലീക്ക് കാരണം പേടകത്തിന്റെ വിക്ഷേപണം നാസ 2016  മാർച്ചിൽനിന്നു 2018 മേയിലേക്ക് മാറ്റിവച്ചു. 2017 നവംബർ 22ന് ഇൻസൈറ്റ് ടിവിഎസി ടെസ്റ്റിങ‌് എന്ന പരീക്ഷണം പൂർത്തിയാക്കി. 2018 ജനുവരി 23ന് ഇൻസൈറ്റിലെ സോളാർപാനലുകൾ വിന്യസിച്ചു പരീക്ഷണം നടത്തി. ദൗത്യത്തിന്റെ പ്രചാരണത്തിനുവേണ്ടി 16 ലക്ഷം ആളുകളുടെ പേരുകൾ ഉൾക്കൊള്ളുന്ന സിലിക്കൺ ചിപ്പ് ലാൻഡറിൽ ചേർക്കപ്പെട്ടു. ശാസ്ത്രജ്ഞർമാരല്ലാത്ത നിരവധി സാധാരണക്കാരുടെ പേരുകൾ ഈ സിലിക്കൺ ചിപ്പിൽ ഉൾചേർക്കപ്പെട്ടു. ഇതിനായി നാസ ഒരു സൈറ്റ് തുറന്നിരുന്നു. ഈ 16 ലക്ഷം ആളുകളുടെ പേരുകളും ഇപ്പോൾ ഇൻസൈറ്റിനൊപ്പം ചൊവ്വയിലെത്തിക്കഴിഞ്ഞു. ബഹിരാകാശ പര്യവേഷണങ്ങളിൽ പൊതുജനങ്ങളുടെ താൽപ്പര്യം മനസ്സിലാക്കുന്നതിനും ആകർഷിക്കുന്നതിനും വേണ്ടിയാണ് നാസ ഇങ്ങനെയൊരു നീക്കം നടത്തിയത്. പിന്നീട് സൂര്യനെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച പാർക്കർ സോളാർ പ്രോബിലും പൊതുജനങ്ങളുടെ പേര് ആലേഖനംചെയ്ത സിലിക്കൺ ചിപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സീസ് (Seismic Experiment for Interior structure- SEIS), എച്ച്‌പി 3 (Heat flow and Physical Properties Package- HP3), റൈസ്‌ (Rotation and Interior Structure Experiment - RISE) എന്നിവയാണ് ഇൻസൈറ്റിലെ പ്രധാന ഉപകരണങ്ങൾ. ഫ്രഞ്ച് നിർമിതമായ സീസ് എന്ന ആധുനിക സീസ‌്‌മോമീറ്റർ ഒരു യന്ത്രക്കൈ ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിക്കും. വളരെ സൂക്ഷ്മമായ പ്രകമ്പനങ്ങൾവരെ രേഖപ്പെടുത്താൻ കഴിയുന്ന ഈ ഉപകരണം ഉപയോഗിച്ച് ചൊവ്വയിലെ ഓരോ ചെറിയ ഭ്രംശചലനങ്ങളും രേഖപ്പെടുത്തി സൂക്ഷിച്ചുവയ്ക്കും. ഈ കുലുക്കങ്ങൾ പഠനവിധേയമാക്കുന്നതുവഴി ചൊവ്വയുടെ അകക്കാമ്പിന്റെ ആഴം, ആന്തരികഘടന സാന്ദ്രത, മാന്റിലിനെക്കുറിച്ചുള്ള വിവരങ്ങൾ എന്നീ സുപ്രധാന കണ്ടുപിടിത്തങ്ങൾക്ക് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വയുടെ ഉള്ളിൽനിന്നും പുറത്തുവരുന്ന താപോർജം അളക്കുന്നതിനുവേണ്ടിയുള്ള ജർമൻനിർമിത മൊഡ്യൂൾ ആണ് എച്ച്പി 3. അകക്കാമ്പിലെ താപോർജം അളക്കുന്നതിലൂടെ ചൊവ്വയുടെ ആന്തരികഘടനയിലേക്ക് വെളിച്ചം വീശുന്ന കണ്ടുപിടിത്തം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വയുടെ ഉത്തരധ്രുവത്തിന്റെ ചാഞ്ചാട്ടം കണ്ടെത്താൻവേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് റൈസ്. ചൊവ്വയിൽനിന്ന് ഭൂമിയിലേക്കും തിരിച്ചും റേഡിയോതരംഗങ്ങൾ അയച്ച് തരംഗദൈർഘ്യത്തിലുള്ള വ്യത്യാസം ഡോപ്ളർ പ്രഭാവംവഴി അളക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. അതിലൂടെ ഉത്തരധ്രുവത്തിന്റെ ചാഞ്ചാട്ടം കണ്ടെത്താൻ കഴിഞ്ഞാൽ ചൊവ്വയുടെ അകക്കാമ്പിന്റെ വലിപ്പം കൃത്യമായി നിർണയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റുഗ്രഹങ്ങളിൽ ഭുകമ്പമാപിനി സ്ഥാപിക്കുന്നത് അത്ര എളുപ്പമല്ല.  നാസയുടെ വൈക്കിങ‌് þ1 ദൗത്യത്തിൽ ഇത്തരമൊരു സീസ‌്മോ മീറ്റർ ചൊവ്വയിൽ സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് വൈക്കിങ‌് þ2 പേടകത്തിൽ സ്ഥാപിച്ച സീസ‌്മോമീറ്ററിന്റെ പ്രവർത്തനം ഭാഗിക വിജയമായിരുന്നു. ഈ സീസ‌്മോമീറ്റർ ഉപയോഗിച്ചാണ് ചൊവ്വയുടെ പുറംപാളിയായ ക്രസ്റ്റിന്റെ കനം 14 മുതൽ 18 കിലോമീറ്റർ വരെയാണെന്ന് തിരിച്ചറിഞ്ഞത്. വൈക്കിങ‌് ദൗത്യത്തിനുശേഷം 20 വർഷംകഴിഞ്ഞ് നാസയുടെ പാത്ത്ഫൈൻഡർ ദൗത്യത്തിലാണ് റേഡിയോ ഡോപ്ളർ സാങ്കേതികവിദ്യ ചൊവ്വയിൽ ഉപയോഗിക്കുന്നത്. ചൊവ്വയുടെ കോറിനെക്കുറിച്ച് ഏകദേശധാരണ സ്വരൂപിക്കാൻ അതിലൂടെ കഴിഞ്ഞിരുന്നു. ഇപ്പോൾ ഇൻസൈറ്റിലുള്ള റൈസ് എന്ന ഉപകരണം ഉപയോഗിച്ച് ഉപരിപാളിയുടെ കനവും മാന്റിലിന്റെ വിസ്ക്കോസിറ്റിയും കോറിന്റെ സാന്ദ്രതയും വലുപ്പവും കൃത്യമായി കണക്കുകൂട്ടാൻ കഴിയുമെന്നാണ് പ്രതീക്ഷ. അപ്പോളോ 12,14,15,16 ദൗത്യങ്ങളിൽ ചന്ദ്രോപരിതലത്തിലും സീസ‌്മോമീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ഉപകരണങ്ങൾ ഉപയോഗിച്ച് 28 ചാന്ദ്രകമ്പനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. റിച്ചർ സ‌്കെയിലിൽ 5.5 രേഖപ്പെടുത്തിയ ചാന്ദ്രകമ്പനമാണ് ഇവയിൽ ഏറ്റവും വലുത്. ചന്ദ്രന്റെ ആന്തരികഘടന കൃത്യമായി മനസ്സിലാക്കാനും ഇതിലൂടെ സാധിച്ചു.

ഇൻസൈറ്റ് ലാൻഡ് ചെയ്യുന്ന പ്രദേശത്തെ കാലാവസ്ഥ അളക്കുന്നതിനുള്ള ട്വിൻസ് (TWINS) എന്ന സ്പാനിഷ്നിർമിത ഉപകരണവും ഇറ്റാലിയൻനിർമിത റിട്രോറിഫ്ളക്ടർ ലാറിയും (LaRRI, യന്ത്രക്കൈ ആയ ഇഡയും (IDA) രണ്ട് കളർ ക്യാമറകളും ട്രാക്കിങ്ങിനുവേണ്ടിയുള്ള രണ്ട് ക്യൂബ്സാറ്റുകളുമാണ് പേടകത്തിലുള്ള മറ്റ് അനുബന്ധ ഉപകരണങ്ങൾ.


പ്രധാന വാർത്തകൾ
 Top