22 September Tuesday

ഇത്ര നിയമിച്ച സർക്കാർ വേറെയില്ല; പ്രതീക്ഷയാണുള്ളത്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

തെരുവിൽ വിൽപ്പന നടത്തുന്ന സുഭാഷ്‌


തൃശൂർ
സംസ്ഥാന സർക്കാരിൽ നല്ല വിശ്വാസമുണ്ടെന്നും നിലവിലുള്ള റാങ്ക്‌ലിസ്‌റ്റ്‌ അനുസരിച്ച്‌ തനിക്കും ജോലി കിട്ടുമെന്ന്‌ പ്രതീക്ഷയുണ്ടെന്നും 18 റാങ്ക്‌ ലിസ്‌റ്റിൽ ഇടം നേടിയ യുവാവ്‌.  തനിക്ക്‌ ഇടം കിട്ടിയ പിഎസ്‌സിയുടെ 18 ൽ 11 റാങ്ക് ലിസ്റ്റിന്റെയും കാലാവധി പൂർത്തിയായി. തന്നേക്കാൾ ഉയർന്ന റാങ്കുകാർക്കാണ്‌ ജോലി ലഭിച്ചത്‌.  ശേഷിക്കുന്ന ഏഴ്‌ റാങ്ക് ലിസ്റ്റിലേതെങ്കിലും ഒന്നിൽനിന്ന്‌ താനും ജോലിക്ക്‌ കയറുമെന്നാണ്‌ ഉത്തമ വിശ്വാസമെന്നും ഒളരി പുല്ലഴി ശിവരാമപുരം സ്വദേശി കിടങ്ങ് വീട്ടിൽ സുഭാഷ്  പറഞ്ഞു.

2010 പൊലീസ് ഡ്രൈവർ പരീക്ഷ എഴുതിയെങ്കിലും 2013മുതലാണ്‌ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു തുടങ്ങിയത്‌. നിയമന നിരോധനവും ചെലവ് ചുരുക്കലും മൂലം അന്ന് യുഡിഎഫ് സർക്കാർ നിയമനം നടത്തിയില്ല. ഈ സർക്കാർ  വന്നതോടെ പ്രതീക്ഷയായി. പിഎസ്സി വഴി ഇത്രയധികം നിയമനം നടത്തിയ മറ്റൊരു സർക്കാരിനെക്കുറിച്ച്‌ തനിക്കറിയില്ല.  പ്രളയവും വെള്ളപ്പൊക്കവും മഹാമാരിയും വന്നുപെട്ടിട്ടും തൊഴിൽ നൽകുന്നതിൽ വീഴ്ച വരുത്തിയില്ല.

കേരള സിറാമിക്സ് ആൻഡ് പ്ലാന്റേഷൻ കോർപറേഷനിൽ ഡ്രൈവർ ലിസ്‌റ്റിൽ നാലാണ്‌ റാങ്ക്‌.  മൂന്ന് പേർക്ക് നിയമനം കിട്ടി. അടുത്ത  വേക്കൻസിയിൽ കയറാനാകുമെന്ന വിശ്വാസത്തിലാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഈ ചെറുപ്പക്കാരൻ. ആലപ്പുഴ എച്ച്‌ ടി വി യിൽ ഗ്രേഡ് 2, കൊല്ലത്തു നടന്ന സ്പെഷ്യൽ റിക്രൂട്ട്മെൻറ്  ലിസ്റ്റുകളിലും പ്രതീക്ഷയുണ്ട്.

നിയമനം പ്രതീക്ഷിച്ച്‌ വെറുതെയിരിക്കുകയാണ്‌ സുഭാഷ്‌ എന്ന്‌ ആരും കരുതണ്ട. കുറേക്കാലം ഓട്ടോറിക്ഷ ഓടിച്ചു. ലോക് ഡൗണിൽ  ഓട്ടോ വീട്ടിലിട്ട്‌  മത്സ്യക്കച്ചവടം നടത്തി.  ട്രോളിങ് നിരോധനവും രോഗവ്യാപന സാധ്യതയും കണക്കിലെടുത്ത്‌  അതുമുപേക്ഷിച്ചു. ഇപ്പോൾ കുത്താമ്പുള്ളിയിൽനിന്ന് തുണിയെടുത്ത്‌ തെരുവിൽ  വിൽപ്പന നടത്തുന്നു.  ഈ വരുമാനത്തിൽ നിന്നാണ് അസുഖബാധിതനായ അച്ഛൻ ഉൾപ്പെടെയുള്ള കുടുംബത്തെ പോറ്റുന്നത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top