18 September Wednesday

നവരസങ്ങളുടെ നെയ്ത്തുകാരന്റെ ഓര്‍മയ്ക്ക് എട്ടാണ്ട്

വെബ് ഡെസ്‌ക്‌Updated: Sunday Aug 6, 2017

തിരുവനന്തപുരം > അഭിനയപ്രതിഭ ഭരത് മുരളി വിടപറഞ്ഞിട്ട് എട്ടുവര്‍ഷം. 2009 ആഗസ്ത്് ആറിനാണ് അഭിനയ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളെ കണ്ണീരണിയിച്ച് മുരളി കാലയവനികയ്ക്കു പിന്നിലേക്ക് മറഞ്ഞത്.

സിനിമകളിലൂടെയും നാടകങ്ങളിലൂടെയും തെന്നിന്ത്യയുടെ ഹൃദയം കീഴടക്കിയ നടന്‍. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി 165ഓളം സിനിമ. സ്വാഭാവികാഭിനയത്തില്‍ മറ്റെല്ലാ നടന്മാരെയും പിന്നിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നായകന്‍, വില്ലന്‍, സഹനടന്‍, സ്വഭാവ നടന്‍ തുടങ്ങി ഏതു തട്ടിലായാലും കഥാപാത്രത്തെ ജീവസുറ്റതാക്കാനുള്ള കഴിവ് മുരളിയെ വ്യത്യസ്തനാക്കി.

'ഞാറ്റടി'മുതല്‍ 'മഞ്ചാടിക്കുരുവരെ' അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ എന്തെങ്കിലും ഒന്ന് അവിസ്മരണീയമാക്കാന്‍ മുരളിക്ക് കഴിഞ്ഞു. മീനമാസത്തിലെ സൂര്യന്‍, നീയെത്ര ധന്യ, പഞ്ചാഗ്നി തുടങ്ങി നെയ്ത്തുകാരന്‍, പുലിജന്മം, ദേവദൂതന്‍, നാരായം അങ്ങനെ മുരളിയെന്ന നടന്റെ അഭിനയത്തില്‍ വിടര്‍ന്ന ക്ളാസിക്കുകള്‍ നിരവധിയുണ്ട്. നെയ്ത്തുകാരനിലൂടെ ദേശീയ പുരസ്കാരവും ആധാരം, കാണാക്കിനാവ്, താലോലം, നെയ്ത്തുകാരന്‍, അമരം, വീരാളിപ്പട്ട് തുടങ്ങിയ സിനിമകളിലൂടെ സംസ്ഥാന അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.

താരപ്പൊലിമയുടെ കുത്തൊഴുക്കിലൊന്നും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. എന്നും തന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു. രാഷ്ട്രീയം പറയാന്‍ സിനിമാക്കാര്‍ മടിച്ചുനിന്ന കാലത്തുപോലും ഇടതുപക്ഷത്തിന്റെ പതാകവാഹകനായി അദ്ദേഹം പൊതുരംഗത്ത് സജീവമായി. ആലപ്പുഴയില്‍നിന്ന് ലോക്സഭയിലേക്ക് എല്‍ഡിഎഫിനുവേണ്ടി പോരാട്ടത്തിനിറങ്ങി.

നരേന്ദ്രപ്രസാദിനൊപ്പം നാടകരംഗത്ത് സജീവമായിരുന്ന മുരളി സി എന്‍ ശ്രീകണ്ഠന്‍നായരുടെ 'ലങ്കാലക്ഷ്മി' നാടകത്തിലെ രാവണനെ അനശ്വരമാക്കി. എഴുത്തുകാരനെന്ന നിലയിലും തിളങ്ങി. സംഗീതനാടക അക്കാദമി അവാര്‍ഡ് നേടിയ 'അഭിനേതാവും ആശാന്റെ കവിതകളും', 'അഭിനയത്തിന്റെ രസതന്ത്രം' എന്നീ പുസ്തകങ്ങള്‍ രചിച്ചു.

വലുപ്പച്ചെറുപ്പമില്ലാത്ത സൌഹൃദം മറ്റൊരു പ്രത്യേകതയായിരുന്നു. എന്നും നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പം ചെലവഴിക്കാനായിരുന്നു ഇഷ്ടം. അരുവിക്കര ഡാമിന് സമീപം മുരളിയുടെ സ്വപ്നഗൃഹമായ 'ശാന്തി'യില്‍ അതിഥികള്‍ നാട്ടുകാരും പ്രിയപ്പെട്ട കൂട്ടുകാരും മാത്രമായിരുന്നു. കളത്തറയിലെ 'ശാന്തി' എന്ന വീടിനോടു ചേര്‍ന്നുതന്നെയാണ് മുരളി അന്ത്യവിശ്രമം കൊള്ളുന്നത്.

എട്ടാം ചരമവാര്‍ഷികദിനത്തിലും സുഹൃത്തുക്കള്‍ കളത്തറയിലെ വീട്ടില്‍ ഒത്തുകൂടുന്നുണ്ട്. ഭരത് മുരളി ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മുരളിയുടെ ഉറ്റസുഹൃത്തുകൂടിയായ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി മുഖ്യപ്രഭാഷണം നടത്തും. ചിന്ത പബ്ളിഷേഴ്സ് പുറത്തിറക്കുന്ന 'ഭരത് മുരളി' പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

പ്രധാന വാർത്തകൾ
 Top