17 October Thursday

ആഴങ്ങളിൽ ജീവന്റെ കരങ്ങളായ‌ി

ശ്രീരാജ് ഓണക്കൂർUpdated: Saturday Jul 6, 2019

ശ്വാസംമുട്ടാത്ത സ‌്കൂബ
സ‌്കൂബ എന്നതിന്റെ മുഴുവൻ പേര‌് സെൽഫ‌് കണ്ടയിൻഡ‌് അണ്ടർ വാട്ടർ ബ്രീത്തിങ‌് അപ്പാരറ്റസ‌് എന്നാണ‌്. വെള്ളത്തിനടിയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന‌് ഉപയോഗിക്കുന്ന ഉപകരണമാണ‌് സ‌്കൂബ. സ‌്കൂബ ‌സെറ്റിൽ മുഖത്തുവയ‌്ക്കുന്ന മാസ‌്ക‌്, അതിൽ ഘടിപ്പിച്ചിട്ടുള്ള ഡിമാൻഡ‌് വാൽവ‌്, വായുനിറച്ച സിലിൻഡർ,  ബോയൻസി കൺട്രോളിങ‌് ഡിവൈസ‌് (ബിസിഡി)‌‌ എന്നിവ ഉൾപ്പെടും. ഡിമാൻഡ‌് വാൽവിന്റെ സഹായത്തോടെയാണ‌് സിലിൻഡറിൽനിന്നുള്ള വായു ശ്വസിക്കുക‌. 2220 ലിറ്റർ വായുവാണ‌് ഒരു സിലിൻഡറിലുള്ളത‌്. അഞ്ച‌ു ലക്ഷത്തോളം രൂപയാണ‌് ഒരു സ‌്കൂബ സെറ്റിന്റെ വില. ഇത്തരത്തിൽ 150 സ‌്കൂബ സെറ്റുകളാണ‌് അടുത്തിടെ സംസ്ഥാനത്തെ ഫയർസ‌്റ്റേഷനുകൾക്ക‌് എൽഡിഎഫ‌് സർക്കാർ അനുവദിച്ചത‌്. യൂറോപ്യൻ നിലവാരത്തിലുള്ള ഇവ ഉപയോഗിച്ച‌് 120 അടി ആഴത്തിൽവരെ രക്ഷാപ്രവർത്തനം നടത്താം.

മുങ്ങിത്തപ്പാൻ ഈയവും ബലൂണും
ബിസിഡിയിൽ വായു നിറയുന്നതിനനുസരിച്ചാണ‌് വെള്ളത്തിലേക്ക‌് താഴുന്നതും പൊങ്ങുന്നതും. വിവിധതരം ബിസിഡികളുണ്ട‌്. വിങ‌് ടൈപ്പും ജാക്കറ്റ‌് ടൈപ്പുമാണ‌് കൂടുതലും ഉപയോഗിക്കുന്നത‌്. വിങ് ടൈപ്പിന‌് അധികം ആഴത്തിൽ മുങ്ങാൻ സാധിക്കില്ല. സാഹസിക വിനോദസഞ്ചാരമേഖലയിലാണ‌്  കൂടുതലും ഉപയോഗം. രക്ഷാപ്രവർത്തനങ്ങൾക്ക‌് ജാക്കറ്റ‌് ടൈപ്പാണ‌് ഉപയോഗിക്കുന്നത‌്. കൂടുതൽ ഒഴുക്കുള്ളപ്പോൾ ഇത‌് പ്രയോജനപ്പെടും. ആഴത്തിൽ നീന്തിയുള്ള രക്ഷാപ്രവർത്തനവും സാധ്യമാണ‌്. 

ഇൻഫ‌്ളേറ്റർ–-ഡിഫ്ളേറ്റർ സംവിധാനമുള്ള സ്വിച്ച‌് ഉപയോഗിച്ചാണ‌് ഇത‌് നിയന്ത്രിക്കുക. സ്വിച്ച‌് ഉപയോഗിക്കുന്നതിന‌് വിദഗ‌്ധ പരിശീലനം ആവശ്യമാണ‌്. സ‌്കൂബ സെറ്റ‌് ധരിച്ച‌് വെള്ളത്തിൽ ഇറങ്ങിയാൽ പൊങ്ങിക്കിടക്കും. വെള്ളത്തിനടിയിലേക്ക‌് പോകണമെങ്കിൽ കൂടുതൽ ഭാരം ഘടിപ്പിക്കും. ബിസിഡിയുടെ പോക്കറ്റിൽ ഈയത്തിന്റെ കട്ടകൾ ഇടുകയാണ‌് പതിവ‌്. അല്ലെങ്കിൽ ഈയക്കട്ടകൾ അരയോടു ചേർത്ത‌് ബെൽറ്റ‌് വഴി ബന്ധിപ്പിക്കും. ഇത്തരത്തിലാണ‌് വെള്ളത്തിനടിയിലേക്ക‌് പോകുന്നത‌്. തിരിച്ച‌് മുകളിലെത്താൻ ബിസിഡിയുടെ ഉള്ളിലുള്ള ബലൂൺ സംവിധാനംവഴി സാധിക്കും. ഈ ബലൂണിൽ വായു വന്നുനിറയും. സാവധാനത്തിൽ ഇൻഫ‌്ളേറ്റർ–-ഡിഫ്ളേറ്റർ സ്വിച്ച‌് ഉപയോഗിച്ച‌് ബലൂണിലുള്ള വായു പുറത്തേക്ക‌് തള്ളിക്കളയുന്നതനുസരിച്ച‌് മുകളിലേക്ക‌് പൊങ്ങിവരാം.വായു തീർന്നാലും പെടാപ്പാടില്ല
സ‌്റ്റാൻഡ‌്ബൈ ശ്വസന സംവിധാനവും ഇതിലുണ്ട‌്. ഇതിനെ ഒക‌്ടോപസ‌് എന്നാണ‌് വിളിക്കുക. സിലിൻഡറിലെ  വായു തീർന്നാൽ സഹപ്രവർത്തകന്റെ സിലിൻഡറിൽ ഘടിപ്പിച്ച‌്  ശ്വാസമെടുക്കാം. നിലവിൽ ഉപയോഗിക്കുന്ന മാസ‌്കിലെ ഡിമാൻഡ‌് വാൽവ‌് തകരാറിലായാലും ഈ സംവിധാനത്തിലൂടെ ശ്വാസമെടുക്കാം. 20 മീറ്റർ ആഴത്തിലാണ‌് രക്ഷാപ്രവർത്തനം നടത്തുന്നതെങ്കിൽ സിലിൻഡറിലെ വായു ഒരു മണിക്കൂർ ഉപയോഗിക്കാൻ സാധിക്കും. ആഴം കൂടുന്നതിനനുസരിച്ച‌് സമയത്തിൽ വ്യത്യാസം വരും.

ആദ്യം അടിവസ‌്ത്രമിട്ട‌് കുളത്തിൽ ചാടി, പിന്നെ സ‌്കൂബ
തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ച കഥയാണ‌് പരിശീലനകേന്ദ്രത്തിന്റെ ചുമതലയുള്ള വൈപ്പിൻ സ്വദേശി ‌എ ടി  ജോഷിക്ക‌് പറയാനുള്ളത‌്. 1998ൽ ഫയർമാനായി ജോലി ചെയ്യവേ ജോഷി പറവൂരിൽ രക്ഷാപ്രവർത്തനത്തിന‌് പോയി. അന്ന‌് രക്ഷാപ്രവർത്തനത്തിന‌് ആധുനിക സംവിധാനങ്ങളില്ല. അടിവസ‌്ത്രം മാത്രമണിഞ്ഞ‌് കുളത്തിൽ ചാടി. മുങ്ങി അടിത്തട്ടിലെത്തിയപ്പോൾ യുവാവ‌് വെള്ളത്തിനടിയിൽ കിടക്കുന്നത‌് കണ്ടു. എടുക്കാനായി കൈ നീട്ടി. ചെളിയും പായലും കാരണം ഏറെ പണിപ്പെട്ടാണ‌്  അടുത്തെത്തിയത‌്. കൈയിൽ പിടിച്ചപ്പോൾ ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്ന‌് മസസ്സിലായി. കരയിലെത്തിക്കാൻ ശരിക്കും ബുദ്ധിമുട്ടി. പണിപ്പെട്ട‌് മുകളിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനത്തിന‌് ആധുനിക സംവിധാനങ്ങൾ വേണമെന്നത‌് അഗ‌്നിശമന വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഈ സംഭവം കാരണമായി. പക്ഷേ, പണമായിരുന്നു പ്രശ‌്നം. ജോഷിയുടെ അച്ഛൻ അന്ന‌് ലക്ഷദ്വീപിലെ ഹാർബറിൽ ജോലി ചെയ്യുകയായിരുന്നു. 3000  രൂപ ശമ്പളമുള്ള ജോഷി അച്ഛന്റെ സഹായത്തോടെ 25‌,000 രൂപ മുടക്കി എയർ സിലിൻഡറും മാസ‌്കും വാങ്ങി ആദ്യ സ‌്കൂബ നിർമിച്ചു. സർവീസിൽ കയറുംമുമ്പ‌് ഡൽഹി ഓറിയന്റ‌് അണ്ടർ വാട്ടർ റെസ‌്ക്യു എന്ന കമ്പനിയിൽ രക്ഷാപ്രവർത്തകനായി ജോലിചെയ‌്ത പരിചയവും ജോഷിക്ക‌് തുണയായി.കൈപിടിച്ചുയർത്താൻ പരിശീലനം
സ‌്കൂബ ഡൈവിങ് പരിശീലനം 2010ലാണ‌് സംസ്ഥാനത്ത‌് ആദ്യമായി മട്ടാഞ്ചേരി കേന്ദ്രീകരിച്ച‌് തുടങ്ങുന്നത‌്. ആദ്യമായി വാങ്ങിയത‌് അഞ്ച‌് സ‌്കൂബ സെറ്റുകൾ. ജില്ലയിൽ മൂവാറ്റുപുഴ, കോതമംഗലം മേഖലയിൽ നിന്നുള്ള അഗ‌്നിശമന സേനാംഗങ്ങൾക്കായിരുന്നു ആദ്യ പരിശീലനം. പിന്നീട്‌ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവർക്ക‌് പരിശീലനം നൽകി. 2018ലാണ‌് എൽഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് ഫോർട്ട‌് കൊച്ചിയിൽ പരിശീലനകേന്ദ്രം ആരംഭിച്ചത‌്.

ആഗസ‌്തിലുണ്ടായ മഹാപ്രളയത്തിൽ ആലുവയിലും കരുമാല്ലൂരും വടക്കൻ പറവൂരിലും രക്ഷാപ്രവർത്തനം നടത്താൻ സ‌്കൂബ ടീം മുന്നിട്ടിറങ്ങിയിരുന്നു. എല്ലാ സജ്ജീകരണങ്ങളുമുള്ള സ‌്കൂബ വാനും പരിശീലനകേന്ദ്രത്തിൽ സജ്ജമാണ‌്. രക്ഷാപ്രവർത്തനത്തിനുപയോഗിക്കുന്ന ബോട്ടായ എയർ ഡിങ്കിയും അതു പ്രവർത്തിപ്പിക്കാനുള്ള ഔട്ട‌് ബോർഡ‌് എൻജിനും വായു നിറച്ച സിലിൻഡറുകളും സ‌്കൂബ സെറ്റുകളും കൊണ്ടുപോകാൻ സാധിക്കുന്ന 12 ലക്ഷം രൂപ വിലയുള്ള സ‌്കൂബവാൻ പരിശീലന കേന്ദ്രത്തിലുണ്ട‌്. നിലവിൽ എട്ട‌് സ‌്കൂബ സെറ്റുകളുണ്ട‌്. ഫോർട്ട‌് കൊച്ചിയിലെ പരിശീലന കേന്ദ്രത്തിലുള്ള കുളത്തിലും മട്ടാഞ്ചേരി പാലസ‌ിനു സമീപമുള്ള ക്ഷേത്രക്കുളത്തിലുമാണ‌് സ‌്കൂബ ഡൈവിങ്ങിൽ ആദ്യഘട്ട പരിശീലനം നൽകുന്നത‌്. തൃപ്പൂണിത്തുറ മാമലയിലുള്ള ക്വാറിയിലാണ‌് ആഴത്തിലുള്ള സ‌്കൂബ ഡൈവിങ്‌ പരിശീലനം. അവസാനഘട്ടം ഞാറക്കൽ ബീച്ചിലാണ‌്.


പ്രധാന വാർത്തകൾ
 Top