11 July Saturday

കൃഷിയും സമ്പാദ്യമാണ്‌; ഇത്‌ പള്ളിയാക്കൽ മാതൃക

അമൽ ഷൈജുUpdated: Wednesday May 6, 2020


കൊച്ചി
കാർഷിക സ്വയംപര്യാപ്തതയെന്ന സർക്കാർ ലക്ഷ്യത്തിന് 11 കോടി രൂപയാണ് കോവിഡ്‌ കാലത്ത്‌ പള്ളിയാക്കൽ സഹകരണ ബാങ്കിന്റെ കരുതൽ. പ്രവർത്തനപരിധിയിലെ മുഴുവൻ പേരെയും കൃഷിയിലേക്ക്‌ നയിക്കാൻ ബൃഹത് പദ്ധതി തയ്യാറാക്കിയാണ്‌ ഇവർ മാതൃകയാവുന്നത്‌.  5–-10 വനിതാ അംഗങ്ങളുള്ള 100–-150 സംഘങ്ങൾ രൂപീകരിക്കും. ഇതിലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള അംഗത്തിന്‌ 50,000 രൂപ വായ്പ നൽകും. ഒപ്പം ഓരോ ഗ്രൂപ്പിനും ഏത് കൃഷിയാണ് താൽപ്പര്യമെന്ന് മനസ്സിലാക്കി  നാലുശതമാനം പലിശയിൽ കാർഷികവായ്പയും വിത്തും വളവും സബ്‌സിഡി നിരക്കിലും നൽകും. കാർഷികയന്ത്രങ്ങളുടെ സഹായവും ലഭ്യമാക്കും. ജൂൺ അവസാനം കൃഷി ആരംഭിക്കും

കർഷകരുടെ ഉൽപ്പന്നങ്ങൾ ബാങ്കുതന്നെ ശേഖരിച്ച് വിൽക്കും. ബാങ്കിന്റെ പ്രവർത്തനപരിധിയിലെ 2500 വീടുകളിൽ പകുതിയിലധികം വീടുകളിലും  വിവിധ സംഘങ്ങളുടെ നേതൃത്വത്തിൽ കൃഷിയുണ്ട്. പുതിയ പദ്ധതി വഴി എല്ലാ വീടുകളിലേക്കും കൃഷി എത്തിക്കാനാണ് ലക്ഷ്യമെന്ന്  പ്രസിഡന്റ് എം എസ് ജയചന്ദ്രനും സെക്രട്ടറി എം പി വിജയനും പറഞ്ഞു.

പഴം, പച്ചക്കറി, പാൽ,  മുട്ടക്കോഴി, മത്സ്യം, പൊക്കാളി, ഔഷധസസ്യം, പുഷ്പകൃഷി  മേഖലകളിലെല്ലാം സ്വയംപര്യാപ്തമാണ്‌ ഈ സഹകരണസ്ഥാപനം. രണ്ടരക്കോടി രൂപയുടെ വരുമാനവും ഈ മേഖലകളിൽനിന്ന്‌ പ്രതിവർഷം നേടുന്നു.  രണ്ടുപതിറ്റാണ്ടായി കാർഷിക മേഖലയിൽ  വലിയമുന്നേറ്റവും ഇതിലൂടെ ഇവർക്ക്‌ കരസ്ഥമായി.

കർഷക ഗ്രൂപ്പുകൾ
ബാങ്കിന്റെ കീഴിൽ 28 കർഷക ഗ്രൂപ്പുകളിൽ ആയിരത്തോളം പേർ അംഗങ്ങളാണ്. വിവിധ കൃഷി  നടത്തുന്ന സ്വയംസഹായ സംഘങ്ങളുണ്ട്. കൃഷിക്കാർക്കും കൃഷിയിൽ താൽപ്പര്യമുള്ളവർക്ക് എവിടെയായാലും എല്ലാ സൗകര്യവും ബാങ്ക് എത്തിക്കും.  28 കർഷക ഗ്രൂപ്പുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കർഷകരെ ഉൾപ്പെടുത്തി ‘അഗ്രി ടൂറിസം’  ആരംഭിച്ചിരുന്നു. ഇതിനെക്കുറിച്ച് അറിയാനും പള്ളിയാക്കൽ മോഡൽ കൃഷിരീതി നേരിട്ടുകണ്ട് പഠിക്കാനും ഇതിനകം 56 രാജ്യങ്ങളിലെ കാർഷികവിദഗ്ധർ എത്തി. കഴിഞ്ഞവർഷം സ്വിറ്റ്‌സർലൻഡ്‌, ജപ്പാൻ എന്നീ രാജ്യങ്ങളിലെ സർവകലാശാലകളിൽനിന്ന്‌ അധ്യാപകരും വിദ്യാർഥികളും കൃഷിരീതിയും സ്വയംസഹായ സംഘങ്ങളുടെ പ്രവർത്തനവും പഠിക്കാൻ എത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top