30 November Monday

തോട്ടത്തിന്റെ തിരി നുള്ളി കേന്ദ്ര ബജറ്റ്‌

കെ എസ്‌ ഷൈജുUpdated: Thursday Feb 6, 2020


വലിയ പ്രതീക്ഷയിലായിരുന്നു തോട്ടം മേഖല. പ്രളയക്കെടുതിയിൽനിന്ന്‌ മെല്ലെ കരകയറുന്നതേയുള്ളൂ. നഷ്ടമായതെല്ലാം മണ്ണിൽ അധ്വാനിച്ച്‌ തിരികെപ്പിടിക്കാമെന്ന്‌ ആത്മവിശ്വാസമുണ്ടായിരുന്നു. അപ്പോഴാണ്‌ ഇരുട്ടടിപോലെ കേന്ദ്ര ബജറ്റ്‌ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിയത്‌. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌  മുതൽക്കൂട്ടായ തോട്ടം മേഖലയുടെ അടിസ്ഥാനപ്രശ്‌നങ്ങൾ പോലും പരിഹരിക്കാനുള്ള നിർദേശങ്ങൾ ബജറ്റിലില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വലുതും ചെറുതുമായി നിരവധി തോട്ടം അടഞ്ഞുകിടക്കുന്നുണ്ട്‌. ഉൽപ്പാദനച്ചെലവുപോലും ലഭിക്കാതെ പലതും നഷ്ടത്തിലാണ്‌.   തൊഴിലാളികൾ കടുത്ത ദുരിതത്തിലും. ഇത്തരം തോട്ടങ്ങളെ സംരക്ഷിക്കാനും തൊഴിലാളികളെ നിലനിർത്താനും ബജറ്റിൽ പദ്ധതി ഉണ്ടായില്ല. പകരം, കൂടുതൽ സമ്മർദങ്ങൾ അടിച്ചേൽപ്പിച്ചു.

താങ്ങുവില നൽകാൻ പണമില്ല
തോട്ടവിളകൾക്ക്‌ താങ്ങുവില നൽകാൻ നിലവിൽ പണമില്ല. റബർ ബോർഡിന്‌ മുമ്പ്‌ 221.34 കോടി നൽകിയിരുന്ന സ്ഥാനത്ത്‌ 20.66 കോടിയുടെ നാമമാത്ര വർധന മാത്രം. ആവർത്തനക്കൃഷി സബ്‌സിഡിയടക്കം റബർ ബോർഡ്‌  ആവശ്യപ്പെട്ട തുക അനുവദിച്ചില്ല. കാപ്പിക്ക്‌ ചുമത്തിയ നികുതി കുറച്ചില്ല. ടീ ബോർഡിന്‌ കഴിഞ്ഞതവണ 200 കോടി അനുവദിച്ചിടത്ത്‌ 2.36 കോടിയുടെ  വർധന മാത്രം. ഈ തുക ചെറുകിട തേയില കർഷകരെ സഹായിക്കാൻ പര്യാപ്‌തമല്ല.


 

രാജ്യത്തെ തോട്ടവിള ഉൽപ്പാദനത്തിന്റെ 47.98 ശതമാനവും കേരളത്തിൽനിന്നാണ്‌. സ്പൈസസ്‌ ബോർഡ്‌, കോഫി ബോർഡ്‌, ടീ ബോർഡ്‌, റബർ ബോർഡ്‌ എന്നിങ്ങനെ കമ്മോഡിറ്റി ബോർഡുകൾക്കെല്ലാം ചേർന്ന്‌ 2000 കോടിയിലേറെ രൂപയാണ്‌ ആറു വർഷം മുമ്പ്‌ ലഭിച്ചിരുന്നത്‌. ബിജെപി സർക്കാർ അത്‌ പടിപടിയായി വെട്ടിക്കുറച്ചു.
സർക്കാർ സഹായമില്ലാതെ തോട്ടം തൊഴിലാളികൾക്ക്‌ പാർപ്പിടം, ചികിത്സ, കുട്ടികൾക്ക്‌ വിദ്യാഭ്യാസം, ശൗചാലയം എന്നിവ ഒരുക്കാനാകില്ല. കേരളത്തിൽ മാത്രമാണ്‌ അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹ–-മരണാനന്തര സഹായങ്ങൾ, അപകട നഷ്ടപരിഹാരം എന്നിവ പ്ലാന്റേഷൻ റിലീഫ്‌ കമ്മിറ്റി മുഖേന  നൽകുന്നത്‌. ഈ തുക വർധിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌.

കേന്ദ്ര ബജറ്റിനെതിരെ വലിയ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്ന്‌ കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി പി എസ്‌ രാജൻ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top