12 October Saturday

അഭിമാന താരകങ്ങൾ, ചെറുത്തുനില്‍പ്പിന്റെ പ്രതീകങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 6, 2023

സഞ്ജുക്ത സേഥി, രേവതി, ഫുലോറ മൊണ്ടൽ, കമലേഷ്, ഷീല ബുട്ടാന, വി പി മൻസിയ എന്നിവർ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെക്കൊപ്പം


(എം സി ജോസഫൈൻ ന​ഗർ) 
തിരുവനന്തപുരം
കരുത്തുറ്റ വാക്കുകളിലൂടെയും നിലപാടുകളിലൂടെയും ചെറുത്തുനിൽപ്പിലൂടെയും സ്‌ത്രീപോരാട്ടത്തിന്റെ പ്രതീകമായ ആറുപേർക്ക് ആ​ദരമേകി ജനാധിപത്യ മഹിളാ അസോസിയേഷൻ.  സഞ്ജുക്ത സേഥി, രേവതി, ഫുലോറ മൊണ്ടൽ, കമലേഷ്, ഷീല ബുട്ടാന, വി പി മൻസിയ എന്നിവരെയാണ് 13–-ാം അഖിലേന്ത്യ സമ്മേളനം ആദരിച്ചത്.

ശാസ്ത്രീയ നർത്തകിയായ മൻസിയ  മുസ്ലിം–- ഹിന്ദു മതമൗലികവാദികളുടെ വിലക്കുകൾക്ക് വിധേയയായി. അമ്മയുടെ സംസ്കാരച്ചടങ്ങുകൾ പള്ളിക്കമ്മിറ്റിയും മൻസിയയുടെ നൃത്താവതരണം ക്ഷേത്രക്കമ്മിറ്റിയും വിലക്കി. കേരള സംഗീത നാടക അക്കാദമി  എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക്‌ സർക്കാർ മൻസിയയെ നോമിനേറ്റ് ചെയ്‌തു.

കോവിഡ് കാലത്ത് അധിക പലിശ ഈടാക്കിയ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കെതിരെ പോരാട്ടം നടത്തിയ അസോസിയേഷൻ നേതാവാണ് സഞ്ജുത സേഥി. ഒഡീഷയിലെ തന്റെ ​ഗ്രാമത്തിലെ സ്ത്രീകളുടെ ഉന്നമനത്തിന് സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുകയും ബാങ്കിൽനിന്ന് വായ്പ ലഭിക്കാഞ്ഞതോടെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്ന് വായ്പ തേടുകയുമായിരുന്നു.

പശ്ചിമബം​ഗാളിലെ തൃണമൂൽ ​ഗുണ്ടകളുടെ ഇടതുവിരുദ്ധതയ്ക്കും കൊലപാതകങ്ങൾക്കുമെതിരെ ധീരമായി പ്രതിഷേധിച്ച വനിതയാണ് ഫുലോറ മൊണ്ടൽ. ഇതോടെ ഇവരെ നിരവധി കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടച്ചു.   മഹിളാ അസോസിയേഷൻ  സംസ്ഥാന കമ്മിറ്റി അംഗമാണ്‌.  
തമിഴ്നാട് കടലൂരിലെ രേവതി പൊലീസ് കസ്റ്റഡിയിൽ മരിച്ച ഭർത്താവിന്റെ മരണകാരണം തെളിയിക്കാനുള്ള പോരാട്ടത്തിലൂടെയാണ് ശ്രദ്ധേയയായത്. സാധാരണ വീട്ടമ്മയായിരുന്ന രേവതി ഏഴുവർഷം നീണ്ട പോരാട്ടത്തിലൂടെയാണ് തന്റെ ഭർത്താവ് സുബ്രഹ്മണ്യത്തിന്റെ മരണത്തിൽ നീതി നേടിയെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ കടലൂർ ജില്ലാ ട്രഷററാണ്‌ രേവതി.

ഹരിയാനയിലെ ദളിത് അങ്കണവാടി വർക്കറായ കമലേഷ് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പർ യൂണിയന്റെ ഭാഗമായി സ്ത്രീകളെ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. ജാതി അടിച്ചമർത്തലും ഉയർന്ന ജാതിക്കാരുടെ ആക്രമണങ്ങളും ആവർത്തിച്ച് നേരിട്ടു. 

ഹരിയാന ബുട്ടാന ഗ്രാമത്തിലെ ഷീല ചരിത്രം സൃഷ്ടിച്ച ഡൽഹി കർഷക സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സ്ത്രീകളെ സംഘടിപ്പിച്ച നേതാവാണ്. നാട്ടിലെ യാഥാസ്ഥിതിക ആചാരങ്ങളിലൊന്നായ ഗുംഗട്ട് ധരിക്കുന്നത് അവസാനിപ്പിച്ച് മറ്റുള്ളവർക്കു കൂടി പ്രചോദനമായി. ഗ്രാമത്തിൽ വെള്ളത്തിനും വൈദ്യുതിക്കും വേണ്ടിയുള്ള സമരങ്ങൾക്ക്‌ നേതൃത്വം നൽകിയതോടെ  ഷീലയ്ക്കെതിരെ കള്ളക്കേസുകൾ ചുമത്താനും ബിജെപി സർക്കാരിനെ നിർബന്ധിതരാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top