19 November Tuesday

ഒരു കുപ്പിയും ‘കൊച്ചല്ല’

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019


കുന്നംകുളം
കുത്തിവയ്പിനുശേഷം ആശുപത്രികളിൽ  കുഞ്ഞുകുപ്പികൾ വലിച്ചെറിയേണ്ട. ഈ കൊച്ചുമിടുക്കിക്ക്‌ നൽകൂ. അവൾ ദീപഗോപുരം ഒരുക്കും. ഇഞ്ചക്ഷൻകുപ്പികൾ നിരത്തി നിരത്തി  അവൾ നിലകൾ ഒരുക്കും. പ്ലാസ്റ്റിക് സ്പൂൺ തിരികളുടെ നാവാകും. കുഞ്ഞു ബൾബുകൾ വിളക്ക്പോലെ തെളിയും.  പാഴ് വസ്തുക്കളാൽ പുതുവസ്തുക്കളുടെ നിർമാണ മത്സരത്തിനെത്തിയ പാലക്കാട് കല്ലടി കുമരംപുത്തൂർ എച്ച്എസ്എസിലെ നിഹാല ഷെറിൻ കൊണ്ടുവന്ന വസ്തുക്കളൊന്നും പാഴാക്കാതെ പുത്തൻ ഉൽപ്പന്നങ്ങൾ പിറന്നു. പല വലുപ്പത്തിലുള്ള ഇഞ്ചക്ഷൻ കുപ്പികളടക്കം 17 പാഴ്‌വസ്തുക്കൾ കൊണ്ടാണ് ദീപഗോപുരം നിർമിച്ചത്. കേബിൾ ചുറ്റുന്ന പ്ലാസ്റ്റിക് റിങ്ങാണ് അടിത്തറ. വൃത്താകൃതിയിലുള്ള ചില്ലുകളും   ഇൻജക്ഷൻ കുപ്പികളും നിലകളായി അടുക്കിയാണ് ഗോപുരം തീർത്തത്. ബാറ്ററിയുടെ സഹായത്തോടെ വിളക്കും തെളിച്ചു.

പച്ചക്കറിക്കുട്ടകൾ അടുക്കി  സോഫയും നിർമിച്ചു. മനോഹരമായ തുണികളാൽ പൊതിഞ്ഞ് സ്പോഞ്ചും പിടിപ്പിച്ച് ഇരിപ്പിടങ്ങളും കൈപ്പിടിയും നിർമിച്ചതോടെ സൂപ്പർ സോഫയായി.  ടയറുകൾ അടുക്കി വച്ച് മുകളിൽ ഗ്ലാസ് സ്ഥാപിച്ച് ടേബിൾ മേശ നിർമിച്ചു.  സോളാർ കുക്കറും നിർമിച്ചിട്ടുണ്ട്.  റൊട്ടേഷണൽ മോഷൻ, മൊമന്റം എന്നീ പഠന സഹായികളും ഒരുക്കി. ശ്വസന വ്യവസ്ഥയും വിസർജന വ്യവസ്ഥയും ചിത്രീകരിച്ചിട്ടുമുണ്ട്. പാഴ് വസ്തുക്കൾ പരമാവധി പ്രയോജനപ്പെടുത്തി ഭൂമി സംരക്ഷിക്കുക എന്നതാണ് നിഹാലയുടെ സന്ദേശം.


പ്രധാന വാർത്തകൾ
 Top