22 May Wednesday

തെരഞ്ഞെടുപ്പ്‌ ചൂടിൽ ഉണരാതെ അമേഠി

വി ജയിൻUpdated: Friday Apr 5, 2019

അമേഠി > രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായിട്ടും അമേഠിയിൽ ഇനിയും  തെരഞ്ഞെടുപ്പുചൂട‌്  ഉയർന്നിട്ടില്ല. കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ‌്മൃതി ഇറാനിയുമാണ‌് ഇവിടെ ഏറ്റുമുട്ടുന്നത‌്. രാഹുലിന്റെ പ്രതിനിധിയായി ഡിസിസി അധ്യക്ഷൻ യോഗേന്ദ്ര മിശ്ര ഒരു സന്ദേശയാത്ര നടത്തുന്നു. ഇതൊഴിച്ചാൽ മണ്ഡലത്തിലെവിടെയും കോൺഗ്രസിന്റെ സാന്നിധ്യം ദൃശ്യമല്ല. അമേഠി പട്ടണത്തിൽ രാഹുൽ ഗാന്ധിയുടെ പോസ്റ്റർ പോലുമില്ല.

സ്മൃതി ഇറാനി ചില യോഗങ്ങളിൽ പങ്കെടുക്കുന്നു. സലോണിൽ കിസാൻ മോർച്ചയുടെയും തിലോയിയിൽ പട്ടികജാതി പട്ടികവർഗ മോർച്ചയുടെയും സമ്മേളനങ്ങളിൽ അവർ പങ്കെടുത്തു. യോഗങ്ങൾക്ക‌് ആഡംബര ബസുകളിൽ ആളെയിറക്കി ഭക്ഷണവും വെള്ളവുമെല്ലാം യഥേഷ്ടം നൽകുന്നു.

ജില്ലാ ആസ്ഥാനമായ ഗൗരിഗഞ്ചിലും തണുപ്പൻ മട്ട്. രാഹുൽ ഗാന്ധിയുടെ ജനസമ്പർക്കകേന്ദ്രവും അമേഠി ഡിസിസി ഓഫീസും അടുത്തടുത്ത്. ഡിസിസി ഓഫീസ് മിക്കവാറും അടഞ്ഞുകിടക്കുമെന്ന് സമീപത്തുള്ള വ്യാപാരികൾ പറഞ്ഞു. ഗൗരിഗഞ്ച് -സുൽത്താൻപുർ റോഡിൽ ബിജെപി ഓഫീസിൽ തിരക്കുണ്ട‌്. റായ്ബറേലി, അമേഠി മണ്ഡലങ്ങളിൽ എസ‌്പി, ബിഎസ‌്പി സഖ്യം സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.

ഗൗരിഗഞ്ച്, അമേഠി, ജഗദീഷ‌്‌പുർ, തിലോയ്, സലോൺ  നിയമസഭാ മണ്ഡലങ്ങളിലൂടെ ഏറെ ദൂരം സഞ്ചരിച്ചിട്ടും പ്രചാരണത്തിന്റേതായി ഒന്നും കണ്ടില്ല. വിഐപി മണ്ഡലമായതിനാൽ എപ്പോഴെങ്കിലും വരുന്ന സ്ഥാനാർഥിയെയും എംപിയെയും കണ്ടാണ് അമേഠിക്കാർക്ക് ശീലം. രാഹുൽ ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ പദ്ധതികൾ പൊതുവെ കുറവ്.

തിലോയ് നിയമസഭാ മണ്ഡലത്തിൽ അലായ്പുർ ചൗരാഹ എന്ന സ്ഥലത്ത് 1.60 ലക്ഷം ചെലവഴിച്ച ഒരു ബസ് വെയിറ്റിങ് ഷെഡ് നിർമിച്ചിട്ടുണ്ട‌്. സ്റ്റോപ്പിൽ ബസ് നിർത്താത്തതിനാൽ അത് ആർക്കും പ്രയോജനപ്പെടുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
മുൻഷിഗഞ്ചിലെ സഞ്ജയ് ഗാന്ധി കണ്ണാശുപത്രിയുടെ അടുത്തുള്ള ഗസ്റ്റ് ഹൗസിലാണ് രാഹുൽ അമേഠിയിലെത്തിയാൽ താമസം. വിഐപി അടുത്തെങ്ങും വരുന്നതായി അറിയില്ലെന്ന് ജീവനക്കാർ.

വിദ്യാഭ്യാസമേഖലയും പിന്നോക്കം
അമേഠി
ജഗ്ദീഷ‌്‌പുർ നിയമസഭാ മണ്ഡലത്തിലെ ഗുംഗെമാവു ഗ്രാമത്തിലുള്ള സർക്കാർ പ്രാഥമിക വിദ്യാലയത്തിൽ വിദ്യാർഥികൾ  77. അഞ്ചാം ക്ലാസിൽ എട്ടുപേർ.  അധ്യാപകർ മൂന്ന്. അമേഠിയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ നേർചിത്രമാണിത‌്. ഈ അവസ്ഥതന്നെയാണ‌് മണ്ഡലത്തിൽ  എവിടെയും. ഹൈസ്കൂളിൽ പഠിക്കാൻ ആറോ ഏഴോ കിലോമീറ്റർ സഞ്ചരിക്കണം. ഹയർ സെക്കൻഡറിക്ക് സമാനമായ ഇന്റർ കോളേജ് പട്ടണങ്ങളിൽമാത്രം. ഡിഗ്രി വിദ്യാഭ്യാസം നേടാൻ അടുത്ത ജില്ലകളിലേക്ക‌് പോകണം.

അമേഠി ജില്ലയിലെ സാക്ഷരതാനിരക്ക് 68.5. അമേഠി പട്ടണത്തിലെ 64.41 ശതമാനം പുരുഷന്മാരും 53.46 ശതമാനം സ്ത്രീകളും മാത്രമാണ് സാക്ഷരർ.
രാഹുൽ ഗാന്ധി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് സ്കൂൾ വികസനത്തിനുള്ള ധനസഹായം ലഭിക്കുന്നത് അധികവും സ്വകാര്യ സ്കൂളുകൾക്കാണെന്ന് അധ്യാപകർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top