19 August Monday

അഴിമതിയിൽ മുങ്ങിയ കോൺഗ്രസ‌്

വെബ് ഡെസ്‌ക്‌Updated: Friday Apr 5, 2019

പ്രകൃതിവാതകത്തിൽ റിലയൻസ്‌ കൊയ്തത്‌ 48 ലക്ഷം കോടി
2004ൽ കൃഷ്ണ–-ഗോദാവരി തടം റിലയൻസിനെ ഏൽപ്പിക്കുമ്പോൾ അവിടെനിന്ന് പ്രകൃതിവാതകം കുഴിച്ചെടുത്ത് യൂണിറ്റിന് 2.34 ഡോളർവച്ച് പ്രതിദിനം 400 ലക്ഷം യൂണിറ്റ് എൻടിപിസിക്ക് നൽകാമെന്നായിരുന്നു കരാർ. 2021 വരെ 17 വർഷത്തേക്കായിരുന്നു കരാർ. യൂണിറ്റിന് 2.34 ഡോളർ എന്നതുതന്നെ അധികം. കാരണം, ഒഎൻജിസി വാതകം വിറ്റത് യൂണിറ്റിന് 1.83 ഡോളർവച്ച്.

2007ൽ ഒരു യൂണിറ്റിന്റെ വില 2.34 ഡോളറിൽനിന്ന് 4.2 ഡോളറാക്കി വർധിപ്പിച്ചു. റിലയൻസിന്റെ ആവശ്യമാകട്ടെ 4.3 ഡോളർ ആക്കണമെന്നായിരുന്നു.
2014 ഏപ്രിൽ ഒന്നുതൊട്ട് വാതകത്തിന്റെ വില 8.4 ഡോളറാക്കി. ദിവസം 400 ലക്ഷം യൂണിറ്റുവച്ച് 17 വർഷം വാതകം എൻടിപിസിക്ക് നൽകാമെന്നാണ് ആദ്യത്തെ കരാർ. എന്നാൽ, ആദ്യഘട്ടത്തിൽ ഉൽപ്പാദനം ആരംഭിച്ചിരുന്നില്ല. വില 4.2 ഡോളറാക്കി വർധിപ്പിച്ചതിലൂടെ റിലയൻസിന് ഒരു വർഷം ഉണ്ടാകുന്ന അധികലാഭം 1,63,020 കോടി രൂപ. 2007 മുതൽ 14 വരെയുള്ള അധികലാഭം 11,41,140 കോടി രൂപ.

2014 ഏപ്രിൽതൊട്ട് വില 8.4 ഡോളർ ആക്കിയപ്പോൾ ഒരു വർഷത്തെ വരുമാനം 7,35,840 കോടി രൂപ. വിലവർധനകൊണ്ട് ഒരു വർഷത്തെ ലാഭം 5,20,940 കോടി രൂപ.
2014 മുതൽ 2021 വരെ ഏഴു വർഷത്തെ അധികലാഭം 36,46,580 കോടി രൂപ. 2007–-21ൽ ഉണ്ടാകുന്ന അധികലാഭം 47,87,720 കോടി രൂപ. ഖജനാവിനുണ്ടാകുന്ന നഷ്ടം 48 ലക്ഷം കോടി രൂപ.

ഡൽഹി വിമാനത്താവളത്തിൽ നഷ്ടം 40000 കോടി
ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനെന്നപേരിൽ ജിഎംആർ ഗ്രൂപ്പിന് തലസ്ഥാനത്ത് കൈമാറിയത് 4800 ഏക്കർ.
സെന്റിന് കോടിക്കണക്കിന് രൂപ വിലയുള്ള ഭൂമി കൈമാറിയത് നൂറുരൂപ വാർഷികപാട്ടത്തിന്.ഇതിൽ 250 ഏക്കർ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കാനും വിട്ടുകൊടുത്തു. ഭൂമിയിൽ ഏക്കറൊന്നിന് പ്രതിവർഷം 660 കോടി രൂപ ലൈസൻസ് ഫീസ് ഇനത്തിൽമാത്രം ലഭിക്കും. ഇതനുസരിച്ച് 250 ഏക്കറിൽനിന്ന് സ്വകാര്യകമ്പനിക്ക് ലഭിക്കുന്ന വാർഷികവരുമാനം 1.63 ലക്ഷം കോടി രൂപ. ഈ ഒരൊറ്റ ഇടപാടിൽ 40,000 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായി എന്നാണ് സിഎജി റിപ്പോർട്ട്.

കോമൺവെല്‍ത്ത് ഗെയിംസിൽ വെട്ടിച്ചത് 36000 കോടി
2010 ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെ ന്യൂഡല്‍ഹിയില്‍ നടന്ന കോമൺ‌വെല്‍ത്ത് ഗെയിംസ് ജനങ്ങളുടെ പൊതുസ്വത്ത് കൊള്ളയടിക്കുന്നതിനുള്ള വേദിയാക്കി. രാജ്യത്തെ ലോകത്തിനുമുന്നില്‍ നാണംകെടുത്തിയ ഈ കുംഭകോണത്തില്‍, കോണ്‍ഗ്രസ് നേതാവും കോമൺ‌വെല്‍ത്ത് സംഘാടകസമിതി ചെയര്‍മാനുമായ സുരേഷ് കല്‍മാഡിയുടെ കാര്‍മികത്വത്തില്‍ 36,000 കോടി രൂപയുടെ അഴിമതിയാണ് നടന്നത്.

ഗെയിംസിന് അനുമതി നേടിയെടുക്കാനെന്നപേരില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും എംപിമാര്‍ ചേര്‍ന്ന് നടത്തിയ വിദേശയാത്രകള്‍ക്കായി പൊടിച്ചത് 45 കോടി ഹൈദരാബാദില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം പണിഞ്ഞതിന് 90 കോടി രൂപയാണ് ചെലവായത്. കോമൺവെല്‍ത്ത് ഗെയിംസിനായി സ്റ്റേഡിയം നവീകരിക്കുന്നതിന് 961 കോടി രൂപ. ഗെയിംസുമായി ബന്ധപ്പെട്ട 16 നിര്‍മാണപദ്ധതികളില്‍ അഴിമതി നടന്നതായാണ് കേന്ദ്ര വിജിലന്‍സ് കമീഷന്‍ കണ്ടെത്തിയത്. പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാനുള്ള എല്ലാ പദ്ധതികളിലും അഴിമതി നടന്നതായി സിവിസി കണ്ടെത്തി. ഗെയിംസിനെ 36,000 കോടി രൂപയുടെ അഴിമതിയില്‍ മുക്കിയ കല്‍മാഡിയെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

5000 കോടിയുടെ ഓഹരി കുംഭകോണം
പൊതുമേഖല ബാങ്കുകളുടെ പണം ഉയർന്ന പലിശ വാഗ‌്ദാനം ചെയ്ത‌് വാങ്ങിയ ശേഷം ഹർഷദ‌് മേത്തയെന്ന ഓഹരി വിപണിയിലെ ഇടനിലക്കാരൻ നടത്തിയ ഇടപാടുകളാണ‌് 1992ലെ ഓഹരി കുംഭകോണം. 5000 കോടിയുടെ അഴിമതിയാണ‌് ഹർഷദും അനുയായികളും ചേർന്ന‌് നടത്തിയത‌്. ബാങ്കുകളിൽനിന്ന‌് ലഭിച്ച പണം ഉപയോഗിച്ച‌് വൻകിടകമ്പനികളുടെ ഓഹരികൾ വാങ്ങിക്കൂട്ടിയ മേത്ത 1000 കോടിയിലേറെ രൂപ ഓഹരിപിപണിയിൽ നിക്ഷേപിച്ചു.

ഇതേ തുടർന്ന‌് 1992 ജനുവരിയിൽ 2000 പോയന്റിലായിരുന്ന സെൻസെക്സ‌് ഏപ്രിലിൽ 4476 ആയി ഉയർന്നു. എന്നാൽ, മേത്തയുടെ നടപടി പുറത്തറിഞ്ഞതോടെ ഒരു ലക്ഷം കോടിയിലേറെ രൂപയുടെ മൂലധനമാണ‌് ഓഹരിവിപണിയിൽനിന്ന‌് പിൻവലിച്ചത‌്. കേസിൽ 22 പേർ പ്രതിക‌ളായിരുന്നു. ഇതിൽ 14 ഉദ്യോഗസ്ഥരും എട്ട‌് ഇടനിലക്കാരും ഉൾപ്പെടുന്നു. അന്ന‌് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന‌് ഒരു കോടി രൂപ കൈക്കൂലി നൽകിയെന്നും വാർത്ത ഉണ്ടായിരുന്നു

സിമന്റ‌് കുംഭകോണം
1981ലാണ് കുപ്രസിദ്ധമായ സിമന്റ് കുംഭകോണം. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന എ ആർ ആന്തുലെ മുപ്പതുകോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. കോടതിവിധി എതിരായപ്പോൾ ആന്തുലെ മുഖ്യമന്ത്രി പദവി രാജിവച്ചു. തൊട്ടടുത്ത വർഷം മധ്യപ്രദേശ് മുഖ്യമന്ത്രി അർജുൻ സിങ്ങിനെതിരെ ലോട്ടറി അഴിമതി ആരോപണമുണ്ടായി. 5.4കോടി രൂപയുടെ തിരിമറിയാണ് ചുർഹത്ത് ചിൽഡ്രൻസ് വെൽഫെയർ സൊസൈറ്റിക്കു വേണ്ടിയുള്ള ഭാഗ്യക്കുറിയിൽ നടത്തിയത്.

അഭിഷേക് വർമ ആയുധ അഴിമതി
3 ആയുധ അഴിമതിക്കേസുകളിൽ പങ്കുള്ള വ്യക്തിയാണ‌് അഭിഷേക‌് വർമ. അന്തർദേശീയ പ്രതിരോധ വിപണിയിൽ യുദ്ധപ്രഭു എന്ന അപരനാമവും ഇയാൾക്കുണ്ട‌്. സ്കോർപിയൻ അന്തർവാഹിനി കേസ‌്, അഗസ്റ്റ വെസ്റ്റ‌്‌ലാന്റ‌് കേസ‌്, നേവി വാർ റൂം ലീക്ക‌് കേസ‌് എന്നിവയിൽ കുറ്റാരോപിതൻ. 2006ൽ 6 സ്കോർപിയൻ ക്ലാസ‌് അന്തർവാഹിനികൾ വാങ്ങാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനത്തിന‌് പിന്നിൽ അഭിഷേകിന്റെ  ഇടപെടലുക‌ളുണ്ടായിരുന്നു. കൈക്കൂലിയായി 1200 കോടി നേടിയെന്നതായിരുന്നു അഭിഷേകിനെതിരായ കേസ‌്. 2012ൽ അറസ്റ്റിലായി.

ടെലികോം അഴിമതി
1996ലെ ഒരു പ്രഭാതത്തിൽ മുൻ കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാമിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ അലമാരകളിലും അറകളിലും ബാഗിലുമായി കണ്ടെത്തിയത് 3.5 കോടി രൂപയും ഒട്ടേറെ ആഭരണങ്ങളും. കിടക്കയ‌്ക്കുള്ളിൽപ്പോലും പണം ഒളിപ്പിച്ചിരുന്നതായി സിബിഐ കണ്ടെത്തി. നരസിംഹ റാവുവിന്റെ കാലത്ത‌് ഹൈദരാബാദിലെ ഒരു സ്വകാര്യ കമ്പനിയിൽനിന്ന് ടെലികോം ഉപകരണങ്ങൾ വാങ്ങിയതിൽ 1.6 കോടി രൂപയുടെ അഴിമതി നടന്നതായി അന്നത്തെ ടെലികോം മന്ത്രി സുഖ്‌റാമിനെതിരെ ആരോപണം ഉയർന്നിരുന്നു. ഇതായിരുന്നു റെയ്ഡിന് കാരണം. 2002ൽ സുഖ്‌റാം ശിക്ഷിക്കപ്പെട്ടെങ്കിലും ടെലികോം കേസിൽ ഇപ്പോഴും നിയമയുദ്ധം തുടരുന്നു.

മാരുതി കാർ അഴിമതി
ഇന്ദിര ഗാന്ധിയുടെ മകൻ സഞ്ജയ‌് ഗാന്ധിയുമായി ബന്ധപ്പെട്ട‌് ഉയർന്ന അഴിമതി. സ്വന്തമായി കമ്പനി രൂപീകരിക്കുന്നതിന‌് മുമ്പ‌് തന്നെ 1970ൽ കേന്ദ്രസർക്കാർ സഞ്ജയ‌് ഗാന്ധിക്ക‌് കാർനിർമാണത്തിന‌് അനുമതി നൽകി. 50000 കാറുകൾ ഒരുവർഷം നിർമിക്കാനുള്ള അനുമതിയാണ‌് നൽകിയത‌്. ബാങ്കുകൾ പലിശ ഇളവോടെ വായ‌്പയും അനുവദിച്ചു. എന്നാൽ, അഹമ്മദ‌് നഗറിലെ വെഹിക്കിൾ റിസർച്ച‌് ആൻഡ‌് ഡെവലപ‌്മെന്റ‌് എസ്റ്റാബ്ലിഷ‌്മെന്റ‌്  നടത്തിയ പഠനത്തിൽ കാർ നിർമാണം ലാഭകരമാകില്ല എന്ന‌് കണ്ടെത്തി. എന്നിട്ടും 1974ൽ മാരുതിക്ക‌് വ്യാവസായികാടിസ്ഥാനത്തിൽ കാർ നിർമിക്കാൻ അനുമതി ലഭിച്ചു.

ബൊഫോഴ‌്സ‌ിൽ 64 കോടി
1986 മാർച്ച‌് 18ന‌് രാജീവ‌്ഗാന്ധി സർക്കാർ സ്വീഡനിലെ എ ബി ബൊഫോഴ‌്സ‌് കമ്പനിയുമായി 1437 കോടി രൂപയുടെ ബൊഫോഴ‌്സ‌് പീരങ്കി ഇടപാടിന‌് കരാർ ഒപ്പിട്ടപ്പോൾ 64 കോടി രൂപ കോഴ വാങ്ങി. 1987 ഏപ്രിൽ 16ന‌് സ്വീഡിഷ‌് റേഡിയോയാണ‌് 64 കോടി കോഴവാർത്ത പുറത്തുവിട്ടത‌്.  ‘ദ ഹിന്ദു’വിന്റെ ജനീവ ലേഖികയായിരുന്ന ചിത്ര സുബ്രമണ്യത്തിന്റെ റിപ്പോർട്ടുകളിലൂടെ ബൊഫോഴ‌്സ‌് കേസ‌് ഇന്ത്യയിലും വാർത്തയായി. 1990 ജനുവരിയിൽ സിബിഐ അന്വേഷണം ആരംഭിച്ചു. 1999 ഒക്ടോബർ 22ന‌് ആദ്യ കുറ്റപത്രം. വിൻ ഛദ്ദ, ഒട്ടാവിയോ ക്വത‌്‌‌റോച്ചി, പ്രതിരോധ സെക്രട്ടറി എസ‌് കെ ഭട‌്നഗർ, മാർട്ടിൻ അർബോ, ബൊഫോഴ‌്സ‌് കമ്പനി, ഹിന്ദുജ സഹോദരൻമാരായ ശ്രീചന്ദ‌്, ഗോപീചന്ദ‌്‌‌, പ്രകാശ‌്ചന്ദ‌് എന്നിവരായിരുന്നു പ്രതികൾ. 2004 ഫെബ്രുവരി 4ന‌് ഡൽഹി ഹൈക്കോടതി, അന്തരിച്ചതിനാൽ രാജീവ‌്ഗാന്ധിയെ കേസിൽനിന്ന‌് ഒഴിവാക്കി. 2011 മാർച്ച‌് നാലിന‌് പ്രത്യേക സിബിഐ കോടതി ക്വത‌്‌റോച്ചിയെയും ഒഴിവാക്കി. എന്നാൽ ബൊഫോഴ‌്സ കോഴ കോൺഗ്രസിനെ വേട്ടയാടുന്നു.

കല്‍ക്കരിപ്പാടത്ത‌് 1.86 ലക്ഷം കോടി
കോടികളുടെ അക്കപ്പെരുക്കങ്ങള്‍ കണ്ട് ഇന്ത്യന്‍ ജനത അന്തിച്ചുപോയ കൊള്ളയായിരുന്നു കല്‍ക്കരി കുംഭകോണം. 73 കല്‍ക്കരിപ്പാടങ്ങള്‍ നിയമപരമായല്ലാതെ 143 സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയപ്പോള്‍ ഖജനാവിന് നഷ്ടം 1.86 ലക്ഷം കോടിയെന്ന് കണ്ടെത്തിയത് സിഎജി. കമ്പോളത്തില്‍ ടണ്ണിന് 2000 രൂപയാണ് കല്‍ക്കരിക്ക്. എന്നാല്‍, 50 രൂപമാത്രം വാങ്ങി സര്‍ക്കാര്‍ ഖനനാനുമതി നല്‍കി. ജിന്‍ഡാല്‍, ടിസ്കോ, ടാറ്റ, എ സ്റ്റാര്‍, ജിഎംആര്‍, ആര്‍സല്‍ മിത്തല്‍, ജെകെ സിമന്റ് എന്നീ വന്‍കിട കമ്പനികള്‍ക്കാണ് ഖനികള്‍ വീതിച്ചു നല്‍കിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പിന്റെ ചുമതല കൈയാളുമ്പോഴാണ് ഈ കുംഭകോണം. അഴിമതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും. എംപിമാരായ നവീന്‍ ജിന്‍ഡാല്‍, വിജയ് ദര്‍ദ, ഒന്നാം യുപിഎ സര്‍ക്കാരിലെ കോണ്‍ഗ്രസ് മന്ത്രി ദസരി നാരായണ റാവു, സുബോധ്കാന്ത് സഹായ് തുടങ്ങിയവര്‍ അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ നേടി. സുപ്രീംകോടതി ഇടപെട്ടതോടെയാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍, അന്വേഷണം അട്ടിമറിക്കുകയാണെന്ന് സുപ്രീംകോടതിയുടെ പരിശോധനാസമിതിയുടെ റിപ്പോര്‍ട് വ്യക്തമാക്കുന്നു.
 

സ്പെക്ട്രത്തില്‍ തട്ടിയത് 1.76 ലക്ഷം കോടി
അഴിമതിയുടെ മുന്‍കാല റെക്കോഡുകള്‍ ഭേദിക്കുന്നതായിരുന്നു യുപിഎ സർക്കാരിന്റെ കാലത്തെ 2ജി സ്പെക്ട്രം ഇടപാട്. ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഇടപാടിലുണ്ടായെന്ന സിഎജി കണ്ടെത്തല്‍ രാജ്യത്തെ ഞെട്ടിച്ചു. അഴിമതി സര്‍ക്കാരെന്ന കറ യുപിഎയ്ക്കുമേല്‍ മായാത്തവിധം ചാര്‍ത്തപ്പെട്ടത് സ്പെക്ട്രം ഇടപാട് വെളിപ്പെട്ടതോടെയാണ്.

2001ല്‍ പാന്‍ ഇന്ത്യ സ്പെക്ട്രം ലൈസന്‍സ് 1650 കോടി രൂപ ഫീസായി വാങ്ങിയാണ് വിതരണംചെയ്തത്. ഇതേ നിരക്കില്‍തന്നെ 2008ലും വിതരണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ അഴിമതിക്ക് കളമൊരുങ്ങി. ലേലം ഒഴിവാക്കി, ആദ്യം വരുന്നവര്‍ക്ക് ആദ്യ പരിഗണനയെന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കല്‍ തുടങ്ങി. ടെലികോം വകുപ്പിന്റെ തീരുമാനങ്ങള്‍ക്കെല്ലാം പ്രധാനമന്ത്രിയും ധനമന്ത്രിയും പച്ചക്കൊടി കാട്ടി. യൂണിടെക്, സ്വാന്‍ തുടങ്ങിയ കടലാസ് കമ്പനികള്‍ക്ക‌് 2008 ജനുവരിയില്‍ ലൈസന്‍സുകള്‍ വിതരണംചെയ്തു. ഒമ്പത് സ്വകാര്യ കമ്പനികള്‍ക്കായി 122 ലൈസന്‍സുകള്‍. സര്‍ക്കാരിന് ഫീസിനത്തില്‍ ആകെ കിട്ടിയത് 9014 കോടിമാത്രം. ഒരു മൊബൈല്‍ ടവര്‍പോലും സ്ഥാപിക്കാതെ ഇരുകമ്പനികളും കോടികളുടെ നേട്ടം കൊയ്തു. ഇതിലൊരു ഭാഗം  കോണ്‍ഗ്രസിന‌് ലഭിച്ചു.
സിഎജി റിപ്പോര്‍ട്ട് വന്നശേഷം സുപ്രീംകോടതി ഇടപെട്ടു. കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം. കുറ്റങ്ങളെല്ലാം രാജയില്‍ ഒതുക്കി സിബിഐ കോണ്‍ഗ്രസിന്റെ വിശ്വസ്തസേവകരെന്ന് തെളിയിച്ചു. 122 ലൈസന്‍സും സുപ്രീംകോടതി റദ്ദാക്കി.

പ്രതിപക്ഷ സമ്മര്‍ദത്തെതുടര്‍ന്ന് സംയുക്ത പാർലമെന്ററി സമിതി വിഷയം പരിശോധിച്ചെങ്കിലും ജെപിസി അധ്യക്ഷന്‍ പി സി ചാക്കോയുടെ ഏകപക്ഷീയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും സംരക്ഷിച്ചു. കോടതി റദ്ദാക്കിയ ലൈസന്‍സുകള്‍ ലേലത്തിലൂടെ വിതരണം ചെയ്തപ്പോള്‍ സര്‍ക്കാരിന് ലഭിച്ചത് അറുപതിനായിരം കോടിയിലേറെ രൂപ.

സ്വന്തം മരുമകന്‍
സോണിയ ഗാന്ധിയുടെ കുടുംബവും ഭരണസ്വാധീനത്തില്‍ കോടികളുടെ സ്വത്ത് സ്വന്തമാക്കി. സോണിയയുടെ മരുമകന്‍ റോബാര്‍ട്ട് വധേര മൂന്നു സംസ്ഥാനങ്ങളിലായി 1500 കോടി രൂപയുടെ സ്വത്ത് നേടി. മുറാദാബാദിലെ ‘വെറുമൊരു' പിച്ചള ബിസിനസുകാരനായ റോബര്‍ട്ട് അധികാരത്തിന്റെ മറവില്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തി.

­® കോണ്‍ഗ്രസ് ഭരിച്ച ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും.
® റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫുമായി കൂട്ടുകച്ചവടം.
® 2007 നവംബര്‍ ഒന്നിന് സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചു. നാലുമാസത്തിനകം ആറു കമ്പനികള്‍. നോര്‍ത്ത് ഇന്ത്യ ഐടി പാര്‍ക്ക് ലിമിറ്റഡ്, ബ്ലൂബ്രീസ് ട്രേഡിങ് ലിമിറ്റഡ്, സാകേത് കോര്‍ട്യാര്‍ഡ് ഹോസ്പിറ്റാലിറ്റി, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ് എന്നീ സ്ഥാപനങ്ങള്‍.
® ഡല്‍ഹിയിലെ സാകേതത്തിലെ ഡിഎല്‍എഫ് മാളില്‍ ഹില്‍ട്ടന്‍ കോര്‍ട്ട്യാര്‍ഡ് ഹോട്ടലിന്റെ 50 ശതമാനം ഓഹരി.
® ഗുഡ്ഗാവിലെ ഗോള്‍ഫ്കോഴ്സിനടുത്ത് അരാലിയാസില്‍ കോടികള്‍ വിലമതിക്കുന്ന ഫ‌്ളാറ്റ‌്. അഴിമതി കേസിൽ ഇപ്പോൾ വധേര കോടതി കയറിയിറങ്ങുകയാണ‌്.


പ്രധാന വാർത്തകൾ
 Top