24 May Friday

റംജാന്റെ സ്വപ്നം മൺവീട്ടിലലിയുന്നു

വി ജയിൻUpdated: Friday Apr 5, 2019

ജായസ് (അമേഠി)
ആവാസ് യോജനകളുടെപേരിൽ മേനി നടിക്കുന്നവർക്ക് 72കാരനായ റംജാന് വീട് നൽകാനായില്ല. ഖറൗളി എന്ന ഗ്രാമത്തിലെ പുല്ല് മേഞ്ഞ മൺവീട്ടിൽ ഓർമയായ കാലംമുതൽ ജീവിക്കുന്നു റംജാൻ. തൊഴുകൈകളോടെയാണ് തന്റെ വീട് കാണാൻ റംജാൻ ക്ഷണിച്ചത്.

അഞ്ച് മക്കളോടൊപ്പം ചെറിയൊരു പുൽവീട്ടിൽ ഇപ്പോഴും കഴിയുകയാണ് അദ്ദേഹം. പുതിയൊരു വീട് കിട്ടാൻ നൽകിയ അപേക്ഷകൾക്ക് കണക്കില്ല. എന്തുകൊണ്ട് ഇത്ര കാലമായിട്ടും തനിക്ക് വീട് കിട്ടുന്നില്ലെന്ന് ചോദിക്കുകയാണ് ഈ വൃദ്ധൻ.

കൃഷിഭൂമിയോ മറ്റ് വരുമാനമാർഗങ്ങളോ ഇല്ലാത്ത കുടുംബം. കൃഷിയുമായി ബന്ധപ്പെട്ട കൂലിവേലയല്ലാതെ മറ്റൊരു വരുമാനമാർഗവുമില്ല. അഞ്ച് മക്കളും അവരുടെ കുട്ടികളും ചെറിയ വീട്ടിൽ തിക്കിത്തിരക്കി കഴിയുകയാണ്. 15 വർഷമായി നിരന്തരം അപേക്ഷ നൽകുകയാണെന്നും എപ്പോഴും നിരസിക്കുകയാണെന്നും മകൻ ജമീൽ അഹമ്മദ് പറഞ്ഞു. എതിർവശത്ത് രാംചരൺ തന്റെ കുട്ടികളെയും എരുമയെയുംകൂട്ടി ഒരു പുൽക്കുടിലിൽ കഴിയുന്നു.

ഖറൗളിയിലെ പ്രാഥമിക വിദ്യാലയത്തിലെ പഠനം കഴിഞ്ഞാൽ ആറ‌്‌ കിലോമീറ്റർ അകലെ ജായസിൽ പോകണം തുടർപഠനത്തിന്. ബിരുദ വിദ്യാഭ്യാസം നേടാൻ 35 കിലോമീറ്റർ അകലെ റായ്ബറേലിയിലോ 57  കിലോമീറ്റർ അകലെ സുൽത്താൻപുരിലോ പോകണം. പാവപ്പെട്ട കുടുംബങ്ങൾക്ക് അതിന് കഴിവില്ല. ഖറൗളിയിലേക്ക് സഞ്ചാരയോഗ്യമായ റോഡില്ലാത്തതാണ് നാട്ടുകാർ ഒന്നടങ്കം ഉന്നയിക്കുന്ന പ്രശ്നം. ബൈജ്നാഥ് വർമയും മഹാവീർ പ്രജാപതിയും തങ്ങളോടുള്ള അവഗണനയ‌്ക്കെതിരെ ശക്തമായി പ്രതികരിച്ചു.

സഫു, പന്നു, ഔലദ്, ജാക്കിജാൻ, നെവാസ് എന്നീ ഗ്രാമങ്ങളിൽ പ്രാഥമിക വിദ്യാലയമില്ലാത്തതിനാൽ ദൂരസ്ഥലങ്ങളിൽ പോയി പഠിക്കേണ്ടിവരുന്നു.
ജായസിൽ സ്ത്രീകൾക്ക് മാത്രമായുള്ള ആശുപത്രിയുണ്ട്. എന്നാൽ, ഡോക്ടർമാരില്ല. ഗുരുതരമായ എന്തെങ്കിലും അസുഖംവന്നാൽ 110 കിലോമീറ്റർ സഞ്ചരിച്ച് ലഖ‌്നൗവിലെത്തണം.

പത്തുവർഷം മുമ്പ് വാർത്ത സൃഷ്ടിക്കാൻവേണ്ടി സുനിതയെന്ന പാവം വീട്ടമ്മയുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്ത രാഹുൽ പിന്നീട് ജനജീവിതം മനസ്സിലാക്കാൻ ശ്രമം നടത്തിയില്ല. ഇടയ്ക്ക് എപ്പോഴെങ്കിലും മണ്ഡലത്തിലെത്തുന്ന രാഹുൽ ദേശീയപാതയിലൂടെമാത്രം സഞ്ചരിച്ച് മടങ്ങും. ജനജീവിതത്തിന്റെ സ്പന്ദനമറിയാൻ രാഹുലിന് കഴിയാറില്ലെന്ന് സന്നദ്ധസംഘടനാ പ്രവർത്തകനായ സഞ്ജയ് സിങ് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top