26 May Tuesday

ഭയം

എം പ്രശാന്ത‌്Updated: Thursday Mar 5, 2020

ഡൽഹിയിൽ കൊലവിളി തല്‍ക്കാലത്തേക്ക് ഒടുങ്ങിയെങ്കിലും  അത്‌ ശാശ്വതമല്ലെന്ന തോന്നലുണ്ട് ന്യൂനപക്ഷമനസ്സുകളിൽ


ന്യൂഡൽഹി
ഭയത്തില്‍നിന്ന്‌ വടക്കുകിഴക്കൻ ഡൽഹി ഇനിയും മോചിക്കപ്പെട്ടിട്ടില്ല. കൊലവിളികള്‍ തല്‍ക്കാലത്തേക്ക് ഒടുങ്ങിയെങ്കിലും  അതൊന്നും ശാശ്വതമല്ലെന്ന തോന്നലുണ്ട് ന്യൂനപക്ഷമനസ്സില്‍. പൊലീസ്‌ നോക്കിനിൽക്കെയുള്ള അക്രമികളുടെ അഴിഞ്ഞാട്ടം നീതിന്യായ സംവിധാനത്തിന്റെ പക്ഷപാതിത്വത്തിനാണ്‌ അടിവരയിട്ടത്‌.

കലാപകാരികൾ ഏറ്റവും നാശംവിതച്ച ഖജൂരിഖാസ്‌‌, ചാന്ദ്‌ബാഗ്‌, ശിവ്‌വിഹാർ മേഖലകളിൽ ഇരകളാകപ്പെട്ടവരിൽ നല്ലൊരു പങ്ക്‌ ഇനിയും വീടുകളിലേക്ക്‌ മടങ്ങിയിട്ടില്ല. ബന്ധുവീടുകളിലും മറ്റുമാണ്‌ പലരും. വടക്കുകിഴക്കൻ ഡൽഹിയിലെ അന്യസംസ്ഥാനക്കാര്‍ കൂട്ടത്തോടെ പലായനം ചെയ്‌തു. മടങ്ങിവരാന്‍ അവരും ഭയക്കുന്നു.

ഡൽഹി കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവർ മുസ്തഫാബാദിലെ അഭയാർഥി ക്യാമ്പിൽ

ഡൽഹി കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവർ മുസ്തഫാബാദിലെ അഭയാർഥി ക്യാമ്പിൽ


 

കേന്ദ്ര–- സംസ്ഥാന നിസ്സംഗത
പ്രധാനമന്ത്രി കാര്യാലയം, ആഭ്യന്തര മന്ത്രാലയം, പാർലമെന്റ്‌ തുടങ്ങി തന്ത്രപ്രധാന കേന്ദ്രങ്ങളിൽനിന്ന്‌ 10 കിലോമീറ്റർമാത്രം അകലെയായാണ്‌ ദിവസങ്ങളോളം കലാപം ആളിപ്പടർന്നത്‌. മർദനമേറ്റ യുവാക്കളെക്കൊണ്ട്‌ ദേശീയഗാനം പാടിക്കുന്നതും അക്രമികൾക്കൊപ്പംനിന്ന്‌ കല്ലെറിയുന്നതുമെല്ലാം ഡൽഹി പൊലീസിന്റെ സംഘപരിവാർ മനസ്സ്‌ തുറന്നുകാട്ടി. പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ സ്ഥലം സന്ദർശിച്ചില്ല. കലാപത്തിന്‌ ഇരകളാകപ്പെട്ടവർക്ക്‌ നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ല. എഎപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും നിസ്സംഗത പുലർത്തി. കലാപമെല്ലാം അടങ്ങിയശേഷമാണ്‌ മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചത്‌. കലാപത്തിൽ എല്ലാം നഷ്ടമായി ജീവിതം വഴിമുട്ടിയവര്‍ക്ക് 25000 രൂപ മാത്രമാണ് നഷ്ടപരിഹാരം. 

വീട്‌ നഷ്ടമായവർക്ക്‌ താമസിക്കാൻ പ്രത്യേക പുനരധിവാസ കേന്ദ്രങ്ങളില്ല. ചില ഷെൽട്ടർ ഹോമുകളെ താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളായി പ്രഖ്യാപിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ചില സന്നദ്ധസംഘടനകളും സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികളും മാത്രമാണ്‌ സഹായഹസ്‌തവുമായി രംഗത്തുള്ളത്‌.

ദുരിതാശ്വാസ സഹായം വിതരണം ചെയ്യുന്ന സിപിഐ എം  പ്രവർത്തകർ

ദുരിതാശ്വാസ സഹായം വിതരണം ചെയ്യുന്ന സിപിഐ എം പ്രവർത്തകർ


 

നഷ്ടക്കണക്ക്‌
സംസ്ഥാന സർക്കാരിന്റെ കണക്കുപ്രകാരം കലാപത്തിൽ 122 വീടും 322 കടയും 301 വാഹനവും നശിച്ചു. 47 മരണമാണ്‌ ഇതുവരെ റിപ്പോർട്ട്‌ ചെയ്‌തത്‌. ഇരുനൂറിലേറെ പേർക്ക്‌ പരിക്കുണ്ട്‌. മരണസംഖ്യ ഇനിയും ഉയരും.  ജീവിതോപാധി ഇല്ലാതായ ആയിരക്കണക്കിനാളുകളാണ്‌ വടക്കുകിഴക്കൻ ഡൽഹിയിലുള്ളത്‌. രണ്ട്‌ പ്രത്യേകാന്വേഷണ സംഘത്തിന് രൂപം നൽകിയെങ്കിലും സംഘപരിവാർ ക്രിമിനലുകളൊന്നും കേസിൽ ഉള്‍പ്പെട്ടില്ല. ആകെ 369 കേസെടുത്തെങ്കിലും ഒരാൾക്കെതിരെയും കൊലക്കുറ്റമില്ല. കൊലപാതകങ്ങൾക്കൊന്നും  ദൃക്‌സാക്ഷിയില്ലെന്ന ന്യായമാണ്‌ പൊലീസ് മുന്നോട്ടുവയ്‌ക്കുന്നത്‌.

ഡൽഹി ഫണ്ട്‌ ശേഖരണം ശനിയും ഞായറും
ഡൽഹിയിലെ വർഗീയകലാപത്തിൽ സർവതും നഷ്ടപ്പെട്ടവരെ സഹായിക്കാൻ കേരളത്തിൽ ശനിയും ഞായറും സിപിഐ എം ഫണ്ട്‌ സമാഹരിക്കും. മരിച്ചവരുടെ കുടുംബങ്ങളെയും വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ടവരെയും സഹായിക്കാൻ പാർടി കേന്ദ്രകമ്മിറ്റി ആഹ്വാനപ്രകാരമാണ്‌ ഫണ്ട്‌ ശേഖരണം.

ബ്രാഞ്ച്‌ അടിസ്ഥാനത്തിൽ പാർടി അംഗങ്ങളും പ്രവർത്തകരും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഹുണ്ടികപ്പിരിവ്‌ നടത്തും. എല്ലാ മതവിഭാഗങ്ങളിലുംപെട്ട തൊഴിലാളികളെയും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെയും സഹായിക്കാൻ എല്ലാ മനുഷ്യസ്‌നേഹികളും ഫണ്ട്‌ ശേഖരണം വിജയിപ്പിക്കണമെന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.


 

 


പ്രധാന വാർത്തകൾ
 Top