18 June Tuesday

തൊഴിലെവിടെ? വാഗ്ദാനം 10 കോടി; സൃഷ്ടിച്ചത‌് 15 ലക്ഷം

നിമിഷ ജോസഫ‌്Updated: Tuesday Feb 5, 2019

പ്രതിവർഷം രണ്ടു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന‌ായിരുന്നു 2014ലെ തെരഞ്ഞെടുപ്പ‌ിൽ നരേന്ദ്ര മോഡിയുടെ പ്രധാന വാഗ‌്ദാനങ്ങളിലൊന്ന‌്. എന്നാൽ, അധികാരത്തിലേറി നാലരവർഷംകൊണ്ട‌് സൃഷ്ടിച്ചത‌് അതിരൂക്ഷമായ തൊഴിലില്ലായ്മ. 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ‌്മയാണ‌് രാജ്യം അഭിമുഖീകരിക്കുന്നത‌്. രാജ്യത്ത‌് തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 2011–-12 ലെ 39.5 ശതമാനത്തിൽനിന്ന‌് 36.9 ശതമാനമായി കുറഞ്ഞു. 2011–-12 ൽ 2.2 ശതമാനമായിരുന്നു തൊഴിലില്ലായ‌്മാനിരക്ക‌്. 2017–-18ൽ ഇത‌് 6.1 ശതമാനമായി.

അടുത്തിടെ സെന്റർ ഫോർ മോണിറ്ററിങ‌് ഇന്ത്യൻ ഇക്കണോമി പുറത്തുവിട്ട കൺസ്യൂമർ പിരമിഡ‌്സ‌് സർവേ റിപ്പോർട്ട‌് പ്രകാരം നാലര വർഷംകൊണ്ട‌് കേന്ദ്രസർക്കാർ സൃഷ്ടിച്ചത‌് 15 ലക്ഷം തൊഴിലവസരംമാത്രം. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു പകരം  ഉള്ള തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുകയായിരുന്നു മോഡിസർക്കാർ. നോട്ടുനിരോധനത്തിലൂടെ നഷ്ടമായത‌് 24 ലക്ഷം തൊഴിലവസരമാണ‌്. ജിഎസ‌്ടി നടപ്പാക്കിയപ്പോൾ ചെറുകിട, ഇടത്തരം വ്യവസായമേഖലയിൽ അരക്കോടിയിലേറെ തൊഴിലവസരവും നഷ്ടപ്പെട്ടു. 1.25 കോടി വീട്ടിൽ സ്ഥിരവരുമാനക്കാരായ ഒരാൾപോലുമില്ല.

നവ ഉദാരവൽക്കരണ നയങ്ങളുടെ മുഖമുദ്ര ‘തൊഴിൽരഹിത വളർച്ച’യാണ‌്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത‌് ആരംഭിച്ച ഈ പ്രവണത മോഡി ഭരണത്തിൽ രൂക്ഷമായി. നമ്മുടെ മൊത്തം ആഭ്യന്തര ഉൽപ്പാദന വളർച്ചയും തൊഴിൽനിരക്കിന്റെ വളർച്ചയും തമ്മിലുള്ള ആനുപാതിക വ്യത്യാസം അപകടകരമാംവിധം വർധിച്ചിട്ടുണ്ട‌്. ജനസംഖ്യയുടെ ഭൂരിഭാഗവും യുവാക്കളായ ഇന്ത്യയിൽ തൊഴിൽരഹിത വളർച്ചയെന്നത‌് അപകടകരമാണ‌്. 2011ലെ സെൻസസ‌് അനുസരിച്ച‌്, ജനസംഖ്യയിൽ 42.2 കോടി പേർ 15നും 29 നും ഇടയിൽ പ്രായമുള്ളവരാണ‌്. പ്രതിവർഷം ഒന്നരക്കോടി യുവജനങ്ങൾ പുതുതായി തൊഴിൽരംഗത്തേക്ക‌് കടന്നുവരുന്ന രാജ്യമാണ‌് ഇന്ത്യ.

വിദ്യാസമ്പന്നരും തൊഴിൽരഹിതർ
ഉന്നത വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരിൽ തൊഴിലില്ലായ‌്മ നിരക്ക‌് 16 ശതമാനം കടന്നിരിക്കുന്നുവെന്ന‌് അസീം പ്രേംജി സർവകലാശാല സമീപകാലത്ത‌് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാരിന്റെതന്നെ ലേബർ ബ്യൂറോ റിപ്പോർട്ട‌് പറയുന്നത‌് രാജ്യത്തെ 58.3 ശതമാനം ബിരുദധാരികളും 62.4 ശതമാനം ബിരുദാനന്തര ബിരുദധാരികളും തൊഴിൽരഹിതരാണെന്നാണ‌്. ‌എഐസിടിഇ (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ) റിപ്പോർട്ടിൽ, പ്രതിവർഷം എൻ‌ജിനിയറിങ‌് ബിരുദം പൂർത്തിയാക്കി പുറത്തിറങ്ങുന്ന 15 ലക്ഷം പേരിൽ ഒമ്പതുലക്ഷത്തിനും യോഗ്യതയ‌്ക്കനുസരിച്ചുള്ള തൊഴിൽ ലഭ്യമാകുന്നില്ലെന്ന‌് ചൂണ്ടിക്കാട്ടിയിട്ടുണ്ട‌്. ഏഷ്യ–-പസഫിക‌് മേഖലയിലെ ഏറ്റവും ഗുരുതരമായ തൊഴിലില്ലായ്മ പ്രതിസന്ധി നേരിടുന്ന രാജ്യമാണ‌് ഇന്ത്യയെന്ന‌് അന്താരാഷ്ട്ര തൊഴിൽ സംഘടനയും പ്രസ്താവിച്ചു.

കേന്ദ്രസർക്കാർ കൊട്ടിഘോഷിച്ച ‘മെയ്ക്ക‌് ഇൻ ഇന്ത്യ’,  ‘സ്റ്റാർട്ടപ‌് ഇന്ത്യ’,  ‘സ്കിൽ ഇന്ത്യ’ തുടങ്ങിയ പദ്ധതികളെല്ലാം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ തീർത്തും പരാജയപ്പെട്ടെന്ന‌് രേഖകൾ വെളിപ്പെടുത്തുന്നു. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള അവഗണന തൊഴിലില്ലായ്മയുടെ ആക്കംകൂട്ടി. ലോകത്തിലെതന്നെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിൽദാതാവായ ഇന്ത്യൻ റെയിൽവേയിൽ മൂന്നു ലക്ഷത്തോളം ഒഴിവാണ‌് നികത്താതെ കിടക്കുന്നത‌്. 

സത്യം മറയ‌്ക്കാൻ റിപ്പോർട്ട‌് പൂഴ‌്ത്തി
നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ പീരിയോഡിക‌് ലേബർ ഫോഴ‌്സ‌് 2017 ജൂണിനും 2018 ജൂലൈക്കുമിടയിൽ നടത്തിയ സർവേയുടെ റിപ്പോർട്ട‌് പൂഴ‌്ത്തി കണക്കുകൾ മറയ്ക്കാനാണ‌് സർക്കാർ ശ്രമിച്ചത‌്. നോട്ടുനിരോധനത്തിനുശേഷമുള്ള ആദ്യ റിപ്പോർട്ടിലെ വിവരങ്ങൾ 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ‌്മയുടെ കണക്കാണ‌് പുറത്തുകൊണ്ടുവന്നത‌്. 2011–-12 സാമ്പത്തിക വർഷം തൊഴിലില്ലായ‌്മയുടെ തോത‌് 2.2 ശതമാനം ആയിരുന്നെങ്കിൽ 20117–-18 ൽ മൂന്ന‌് മടങ്ങ‌് വർധിച്ച‌്  6.1  ശതമാനമായി. നഗരപ്രദേശങ്ങളിലാണ‌് തൊഴിലില്ലായ്മ കൂടുതൽ. ഗ്രാമപ്രദേശങ്ങളിൽ 5.3 ശതമാനം ആയപ്പോൾ നഗരപ്രദേശങ്ങളിൽ 7.85 ശതമാനമായി വർധിച്ചു.

ഗ്രാമീണമേഖലയിൽ 2011–-12ൽ യുവാക്കളിൽ അഞ്ചു ശതമാനം തൊഴിൽരഹിതരായിരുന്നു. 2017–-18ൽ മൂന്നു മടങ്ങിലേറെ വർധിച്ച‌് 17. 4 ശതമാനമായി. യുവതികളിലെ തൊഴിലില്ലായ്മ 2011–-12ൽ 4.8 ശതമാനമായിരുന്നത‌് 2017–-18ൽ 13.6 ശതമാനമായി.

യുവാക്കളിലെ തൊഴിലില്ലായ്മയും നഗരത്തിലാണ‌് കൂടുതൽ. 2011–-12ൽ എട്ടു ശതമാനമായിരുന്നത‌് 2017–-18ൽ 18.7ൽ എത്തിനിൽക്കുന്നു. യുവതികളിലെ തൊഴിലില്ലായ്‌മ 2011–-12ൽ 13.1 ശതമാനം ആയിരുന്നത‌് 2017–-18ൽ 27.2 ശതമാനത്തിലേക്കുയർന്നു. തൊഴിലൽരഹിതരായ ഗ്രാമീണ സ്ത്രീകളുടെ എണ്ണം 15.2 ശതമാനത്തിൽനിന്ന‌് 17.3 ശതമാനത്തിലെത്തി. പുരുഷന്മാർ 4.4ൽനിന്ന‌് 10.5 ശതമാനത്തിലുമെത്തി.


പ്രധാന വാർത്തകൾ
 Top