04 December Friday
നിയമവശങ്ങളെല്ലാം തലനാരിഴ കീറി പരിശോധിച്ചശേഷമേ ബാബ്റിക്കേസിലെ അപ്പീലിന്റെ കാര്യം തീരുമാനിക്കൂ

ജയിക്കാന്‍ വേണ്ടി തോല്‍ക്കാനും തയ്യാര്‍ - സിബിഐ... യജമാനന്റെ അരുമ - ഭാഗം 1

വെബ് ഡെസ്‌ക്‌Updated: Sunday Oct 4, 2020

‘കഠിനാധ്വാനം, നിഷ്‌പക്ഷത, സത്യസന്ധത’–- ആപ്‌തവാക്യത്തിലെ ഈ മൂന്ന്‌ വാക്കും സിബിഐക്ക്‌ ഇന്ന് അന്യം. എട്ട്‌ പതിറ്റാണ്ടിന്റെ പാരമ്പര്യംപേറുന്ന കേന്ദ്ര അന്വേഷണ ഏജൻസി  വിശ്വാസരാഹിത്യത്തിന്റെ പര്യായമായി‌. സ്വാമി അഗ്‌നിവേശ്‌ അന്തരിച്ചപ്പോള്‍ ‘ഹിന്ദുവിരുദ്ധനായ മഹാശല്യം ഒഴിവായി’ എന്ന്‌ ട്വീറ്റ്‌ ചെയ്‌തത്‌ ഒരു മുൻമേധാവിയാണെന്നത്‌ സിബിഐ അകപ്പെട്ട അധഃപതനത്തിന്റെ ആഴം വെളിവാക്കി. കോൺഗ്രസ്‌ ഭരിക്കുമ്പോൾ ഖദർധാരികൾക്കൊപ്പവും ബിജെപി ഭരിക്കുമ്പോൾ കാവിധാരികൾക്കൊപ്പവും നിറംമാറുന്ന പാവയായി കേന്ദ്രഏജന്‍സി മാറി.  ഏറ്റെടുക്കുന്ന കേസിൽ അമ്പത്‌ ശതമാനം തോൽവി. സുപ്രധാനകേസിൽ പോലും കോടതിയില്‍ തെളിവ് ബോധിപ്പിക്കാനാകാത്ത പ്രൊഫഷണലിസമില്ലായ്‌മ. വിവരാവകാശനിയമപരിധിക്ക്‌ പുറത്തായതുകൊണ്ട്‌ ഏത്‌ നെറികേടിനും കൂട്ടുനിൽക്കാമെന്ന ഹുങ്ക്‌. പ്രതിവർഷം എണ്ണൂറ്‌ കോടി നികുതിപ്പണംകൊണ്ട്‌ രാഷ്ട്രീയ യജമാനൻമാർ തീറ്റിപ്പോറ്റുന്ന കേന്ദ്രഏജൻസി വർത്തമാനകാല ഇന്ത്യക്ക്‌ ബാധ്യത മാത്രമല്ലേയെന്ന ചോദ്യം ഉയര്‍ത്തുന്നു, ബാബ്റി ധ്വംസനമടക്കം ഏജന്‍സി സ്വയംതോറ്റുകൊടുത്ത കേസുകളുടെ നീണ്ടനിര.  ഡല്‍ഹി ബ്യൂറോയിലെ ചീഫ്‌ റിപ്പോര്‍ട്ടര്‍ എം പ്രശാന്ത് തയ്യാറാക്കിയ പരമ്പര

കേന്ദ്ര ഭരണകക്ഷിയുടെ കൂട്ടിലടയ്‌ക്കപ്പെട്ട തത്തയായി മാറിയതോടെയാണ്‌ ജനങ്ങൾ പ്രതീക്ഷ അര്‍പ്പിച്ച കേസുകളിൽ സിബിഐ തോറ്റുതുടങ്ങിയത്‌. ഇന്ത്യയിൽ വർഗീയ വിഭജനത്തിന്‌ വഴിയൊരുക്കിയ ബാബ്‌റി മസ്‌ജിദ്‌ പൊളിക്കൽ കേസിൽ തെളിവുകളുടെ ‘അഭാവ’ത്തിൽ മുതിർന്ന സംഘപരിവാർ നേതാക്കളായ പ്രതികളെയെല്ലാം വിട്ടയച്ചുള്ള പ്രത്യേക സിബിഐ കോടതി ഉത്തരവ്‌ ഒടുവിലത്തെ ഉദാഹരണം‌. കേന്ദ്ര ഭരണകക്ഷിയെ രാഷ്ട്രീയമായി ചെറുക്കുന്നവർക്കെതിരായി വ്യാജക്കത്തുകളുടെ പേരിൽപോലും കേസെടുക്കാൻ വെമ്പുന്ന സിബിഐ ബാബ്റിക്കേസിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ കുലംകുഷമായ ആലോചനയിലാണ്‌. നിയമവശങ്ങളെല്ലാം തലനാരിഴ കീറി പരിശോധിച്ചശേഷമേ ബാബ്റിക്കേസിലെ അപ്പീലിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകൂ. ബാബ്‌റിക്കേസ്‌ മാത്രമല്ല.

സിബിഐ തോറ്റ പ്രമാദമായ കേസുകളുടെ പട്ടിക ആരെയും ഞെട്ടിപ്പിക്കുന്നതാണ്‌. 2ജി സ്‌പെക്ട്രം കേസ്‌, കൽക്കരി കുംഭകോണം, ബൊഫോഴ്‌സ്‌ കേസ്‌, രാജീവ്‌ ഗാന്ധി വധം ഗൂഢാലോചന‌, ആരുഷി തൽവാർ കേസ്‌, ജെഎൻയു വിദ്യാർഥി നജീബിന്റെ തിരോധാനം‌, യെദ്യൂരപ്പയ്‌ക്കും മക്കൾക്കുമെതിരായ അഴിമതി, നരേന്ദ്ര ധാബോൽക്കർ വധം‌ എന്നിവ ചുരുക്കം ചിലതു‌മാത്രം.

ബ്രിട്ടീഷ്‌ കാലത്ത്‌ തുടക്കം
ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 1941 ലാണ്‌ സിബിഐയുടെ ആദ്യരൂപമായ സ്പെഷ്യൽ പൊലീസ്‌ എസ്‌റ്റാബ്ലിഷ്‌മെന്റ്‌‌ തുടങ്ങിയത്‌. രണ്ടാം ലോകയുദ്ധകാലത്ത്‌ ‘വാർ ആൻഡ്‌ സപ്ലൈ’ വകുപ്പിലെ അഴിമതിയും കൈക്കൂലിയും അന്വേഷിക്കലായിരുന്നു ഉത്തരവാദിത്തം. യുദ്ധത്തിനു‌‌ശേഷവും കേന്ദ്ര ജീവനക്കാരുടെ കോഴയും മറ്റും അന്വേഷിക്കാൻ ഒരു കേന്ദ്രഏജൻസി വേണമെന്നായി. ഇതിന്റെ ഭാഗമായി 1946ൽ ഡൽഹി സ്‌പെഷ്യൽ പൊലീസ്‌ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ (ഡിഎസ്‌പിഇ)  നിലവിൽ വന്നു. യുദ്ധവകുപ്പിന്‌ കീഴിൽനിന്ന്‌ ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലേക്ക്‌ പുതിയ ഏജൻസി മാറി. സർക്കാരിന്റെ എല്ലാ വകുപ്പുകളിലും അന്വേഷണത്തിന്‌ അധികാരവും ലഭിച്ചു. എസ്‌പിഇയുടെ അധികാരപരിധി എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ സംസ്ഥാനങ്ങളിലേക്കു‌കൂടി വ്യാപിപ്പിക്കാമെന്നുമായി.

1963ൽ ആഭ്യന്തര മന്ത്രാലയം പ്രത്യേക വിജ്‌ഞാപനത്തിലൂടെ ഡിഎസ്‌പിഇയെ സിബിഐ എന്ന്‌ നാമകരണം ചെയ്‌തു. ഡി പി കോലി ആദ്യ ഡയറക്ടറായി. തുടക്കത്തിൽ കൈകാര്യം ചെയ്‌തത്‌ കേന്ദ്രസർക്കാർ ജീവനക്കാർക്കെതിരായ അഴിമതിക്കേസുകൾമാത്രം.

1965 മുതൽ സാമ്പത്തികകുറ്റകൃത്യം, തീവ്രവാദം, കൊലപാതകം തുടങ്ങിയവ അന്വേഷിച്ചുതുടങ്ങി. സിബിഐയുടെ പൊതുകുറ്റകൃത്യ അന്വേഷണവിഭാഗത്തിന്‌ എല്ലാ സംസ്ഥാനത്തും ശാഖ തുറന്നു. സാമ്പത്തികകുറ്റകൃത്യ അന്വേഷണവിഭാഗത്തിന്‌ നാല്‌ മെട്രോനഗരത്തിൽ ശാഖ. 1987ൽ അഴിമതിവിരുദ്ധ വിഭാഗവും പ്രത്യേകകുറ്റകൃത്യ വിഭാഗവും രൂപീകരിക്കപ്പെട്ടു. അന്വേഷണം, സാങ്കേതികം, നിയമം എന്നീ വിഭാഗങ്ങളിലായി 4500 ലേറെ ജീവനക്കാർ‌. സിബിഐയ്‌ക്കായി കേന്ദ്രം പ്രതിവർഷം മുടക്കുന്നത്‌ എണ്ണൂറ്‌ കോടിയിലേറെ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top