24 November Tuesday

പതിനായിരം അടി ഉയരത്തിലെ തുരങ്കവിസ്‌മയത്തില്‍ മലയാളിമുദ്ര

എം പ്രശാന്ത‌്Updated: Sunday Oct 4, 2020

തുരങ്കപാത യാഥാർഥ്യമാക്കിയ സംഘത്തിലെ മലയാളി എൻജിനിയർ കണ്ണൂർ ഏച്ചൂർ സ്വദേശി കെ പി പുരുഷോത്തമൻ. (മധ്യ‌ത്തിൽ നിൽക്കുന്നയാളാണ്‌ പുരുഷോത്തമൻ)


മണാലി (ഹിമാചൽ പ്രദേശ്‌)  
സമുദ്രനിരപ്പിൽനിന്ന്‌ പതിനായിരം അടി ഉയരത്തിൽ 9.02 കിലോമീറ്ററില്‍ മണാലിയെയും ലാഹോൾ–- സ്‌പിതിയെയു ബന്ധിപ്പിച്ച് തുരങ്കപാത യാഥാർഥ്യമാകുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം.  ദുഷ്‌കരമായ തുരങ്കപാത നിർമാണത്തിന്‌ മേൽനോട്ടം വഹിച്ചത് ബോർഡർ റോഡ്‌സ്‌ ഓർഗനൈസേഷനിൽ ചീഫ്‌ എൻജിനിയറായ‌ കണ്ണൂർ ഏച്ചൂർ സ്വദേശി കെ പി പുരുഷോത്തമന്‍.


 

പതിനായിരം അടി ഉയരത്തിൽ ഒമ്പത്‌ കിലോമീറ്ററിലേറെ നീളമുള്ള തുരങ്കപാത ലോകത്ത്‌ ആദ്യം‌. തന്ത്രപ്രധാനമായ ലഡാക്കിലേക്ക് മഞ്ഞുകാലത്തും യാത്രയൊരുക്കാനാണ് റോത്തങ്‌ ചുരത്തിന്‌ സമാന്തരമായി തുരങ്കപാത. പീർപഞ്ചാൾ മലനിരകളെ കീറിമുറിച്ചുള്ള തുരങ്കത്തിനായി 2010ൽ തറക്കല്ലിട്ടു. വടക്കുഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും ഒരേ സമയമാണ്‌ നിർമാണമാരംഭിച്ചതെന്ന്‌ പുരുഷോത്തമൻ പറഞ്ഞു. മഞ്ഞുവീഴ്‌ച കാരണം വടക്കുഭാഗത്ത്‌ ആറുമാസം പണി നടക്കില്ല. ആകെ നിർമാണത്തിന്റെ നാലിൽ മൂന്നും തെക്കുഭാഗത്തിലൂടെ. പല ദിവസങ്ങളിലും അര മീറ്റർ മാത്രമാണ്‌ മുന്നോട്ടുപോകാനായത്‌. 600 മീറ്റർ ദൂരം താണ്ടാൻ വേണ്ടിവന്നത് മൂന്നുവർഷം.

കാലാവസ്ഥ തടസ്സമാകാത്ത വിധം ഇപ്പോള്‍ ലഹോൾ–- സ്‌പിതി വരെ‌ തുരങ്കത്തിലൂടെ എത്താം. ലഡാക്ക്‌ വരെ യാത്ര സാധ്യമാക്കാന്‍ രണ്ട്‌ ടണൽകൂടിവേണം. ഇതും പരിഗണനയിലെന്ന്‌ പുരുഷോത്തൻ പറഞ്ഞു. 2019ൽ വിശിഷ്ടസേവാ മെഡൽ ലഭിച്ച പുരുഷോത്തമൻ മുണ്ടേരി പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റായിരുന്ന കേളമ്പേത്ത്‌ കണ്ണന്റെയും കുന്നിപ്പറമ്പിൽ യശോദയുടെയും മകനാണ്‌. ഭാര്യ സിന്ധു, മക്കൾ വരുൺ, യുവിക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top