22 August Thursday

ഫാസിസത്തിനെതിരെ ഒരേ ഒരു ബദൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 4, 2019

ചെറിയാൻ കല്പകവാടി

എല്ലാ മതത്തിൽപ്പെട്ടവരും സഹോദരങ്ങളെപ്പോലെ കഴിഞ്ഞതുകൊണ്ടാണ‌് ഇന്ത്യ ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ മതേതരരാജ്യമായി മാറിയത‌്. ഇന്നിപ്പോൾ ഹിന്ദുരാഷ്ട്രം എന്ന വികാരം ഉയർത്തി അത‌് വോട്ടാക്കി മാറ്റി ബിജെപി ഇന്ത്യയുടെ ഭരണം പിടിക്കാൻ ശ്രമിക്കുന്ന വേളയിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി വർധിക്കുകയാണ‌്.

ന്യൂനപക്ഷങ്ങൾ ഇത്രയേറെ ഭയചകിതരായി കഴിഞ്ഞ ഒരു കാലഘട്ടം സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ബിജെപിയുടെ വർഗീയ ഫാസിസത്തെ എതിർക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ. ഇടതുപക്ഷം എതിർക്കുന്നത‌് മതത്തെയല്ല മതഭ്രാന്തിനെയാണ‌്. വിശ്വാസത്തെയല്ല അന്ധവിശ്വാസത്തെയാണ‌് എന്നതും ജനം തിരിച്ചറിയട്ടെ.
അംബേദ്കർ എഴുതിയുണ്ടാക്കിയ ഇന്ത്യൻ ഭരണഘടന മാനസികമായി ബിജെപി അംഗീകരിക്കുന്നില്ല. അവർക്ക‌് ലോക്‌‌സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട‌് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന മാറ്റി ദേശീയ മതേതര ജനാധിപത്യരാഷ്ട്രം എന്നത‌് ദേശീയ ഹൈന്ദവരാഷ്ട്രം എന്നാക്കുമെന്നുള്ളതും ജനം തിരിച്ചറിയപ്പെടട്ടെ.

ഫാസിസത്തിന്റെ മറ്റൊരു മുഖമാണ‌് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മേലുള്ള കശാപ്പ‌്. കലബുർഗിയും ഗോവിന്ദ‌് പൻസാരെയും നരേന്ദ്ര ധാബോൽക്കറും ഗൗരി ലങ്കേഷുമൊക്കെ അതിന്റെ രക്തസാക്ഷികളാണ‌്. ബിജെപി ഒരിക്കൽക്കൂടി അധികാരത്തിൽവന്നാൽ രക്തസാക്ഷികളുടെ ഈ പട്ടിക കൂടുമെന്നുമാത്രമല്ല അവസാനം മാധ്യമസ്വാതന്ത്ര്യംകൂടി ഇല്ലാതാകുമെന്നും തിരിച്ചറിയേണ്ടതുണ്ട‌്.

ലക്ഷക്കണക്കിന‌് കർഷകരെയും കർഷകത്തൊഴിലാളികളെയും മഹാരാഷ്ട്രയിൽ ചുവന്ന കൊടിയുടെ കീഴിൽ കമ്യൂണിസ്റ്റ‌് പാർടിക്ക‌് അണിനിരത്താൻ കഴിഞ്ഞു എന്നതുകൊണ്ടുതന്നെ എന്തുകൊണ്ട‌് ഇടതുപക്ഷം എന്ന ചോദ്യത്തിന‌് മറ്റൊരു ഉത്തരവുംകൂടിയാണ‌്.

ഫാസിസത്തിനെതിരെയുള്ള ഈ അവസാന ബസിൽ കയറിക്കൂടിയില്ലെങ്കിൽ വർഗീയ ഫാസിസത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യമില്ലായ്മയുടെയുമൊക്കെ  ഒരു അടിച്ചമർത്തൽ ദുർഭരണമായിരിക്കും വരുന്നത‌്. ഇതിനെയൊക്കെ നേരിടാൻ ഇടതുപക്ഷത്തിനേ കഴിയൂ എന്ന‌് ജനം തിരിച്ചറിയട്ടെ.


പ്രധാന വാർത്തകൾ
 Top