19 November Tuesday

പ്രളയത്തിന്‌ മുക്കാനാകില്ല ഈ വീടുകളെ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019

വർക്ക്‌ മോഡൽ വിഭാഗത്തിൽ ഫ്‌ളഡ്‌ റെസ്‌ക്യൂ ഹോം മാതൃകയുമായി സാരംഗ്‌, വിനീത്‌

കുന്നംകുളം
തൃക്കരിപ്പൂർ ചെറുകാനത്താണ്‌ വിനീതിന്റെ വീട്‌. കഴിഞ്ഞ പ്രളയകാലത്ത്‌ പാടിയിൽ പുഴ കരകവിഞ്ഞൊഴുകി. വീട്ടിലേക്കും വെള്ളം ഇരമ്പിയാർത്തു. പുഴ പതുക്കെ പിൻവലിഞ്ഞതാണ്‌ രക്ഷയായത്‌. പ്രളയം ഭയന്നുകഴിഞ്ഞ ദിനങ്ങൾ വിനീത്‌ മറന്നിട്ടില്ല. ചക്രപാണി ക്ഷേത്രക്കുളം കവിഞ്ഞൊഴുകി കൺമുന്നിൽ കണ്ട കഷ്ടപ്പാടുകൾ സാരംഗിന്റെ ഓർമയിലുമുണ്ട്‌. പ്രളയത്തെ അതിജീവിക്കാനാണ്‌ ഹൈഡ്രോളിക്‌ വീടുകൾ എന്ന ഇവരുടെ കണ്ടുപിടിത്തം.

കാസർകോട്‌ തൃക്കരിപ്പൂർ വിപിപിഎം കെപിഎസ്‌ ജിവിഎച്ച്‌എസ്‌എസിലെ ഒമ്പതാംക്ലാസ്‌ വിദ്യാർഥികളാണ്‌ വിനീതും സാരംഗും. സംസ്ഥാന ശാസ്‌ത്രമേളയിൽ വർക്കിങ്‌ മോഡലിലാണ്‌ ഹൈഡ്രോളിക്‌ വീടുകൾ (ഫ്ലഡ്‌ റെസ്‌ക്യൂ ഹോം) ഇവർ പരിചയപ്പെടുത്തിയത്‌.

വെള്ളംവന്നാൽ വീടുകൾ സ്വയം ഉയരുന്നതാണ്‌ ഈ സംവിധാനം. വെള്ളത്തിന്റെ തോത്‌ ഉയരുന്തോറും വീടിന്റെ അടിത്തറ ഉയരും. കാർപോർച്ചിലെ വാഹനങ്ങളും സുരക്ഷിതമാക്കാം. വളർത്തുമൃഗങ്ങളേയും രക്ഷപ്പെടുത്താം. ഇതിനായി വീട്‌ നിർമിക്കുമ്പോൾത്തന്നെ ഹൈഡ്രോളിക്‌ അടിത്തറയുണ്ടാക്കണം. ഇതിൽനിന്നാണ്‌ വീടിന്‌ തറ കെട്ടിയുയർത്തുക. വെള്ളപ്പൊക്കമുണ്ടായാൽ ഹൈഡ്രോളിക്‌ അടിത്തറയാണ്‌ വീടിനെ ഉയർത്തുന്നത്‌. അപായസൂചന നൽകുന്നതിന്‌ ലൈറ്റും അലാറവുമുണ്ട്‌. ഭാരംകുറഞ്ഞ വീടുകളാണിത്‌. ചെലവും കുറയും. ബൈക്കിന്റെ ബ്രേക്കിന്റെ കേബിൾ, പൈപ്പ്‌, എയർബോൾ, ചെറിയ കപ്പി, കാർഡ്‌ ബോർഡ്‌ തുടങ്ങിയവ ഉപയോഗിച്ചാണ്‌ ഇവർ വീടിന്റെ മോഡലും പ്രവർത്തനവും അവതരിപ്പിച്ചത്‌.

പ്രളയത്തിൽനിന്ന്‌ രക്ഷനേടുന്ന വീടുകളാണ്‌ (ഫ്‌ളഡ്‌ ഫ്‌ളോട്ടിങ് സിസ്റ്റം) കോട്ടയം കാഞ്ഞിരപ്പിള്ളി മൈക്ക ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാർഥികളായ ഷാൻ, അൻസിൽ എന്നിവരും അവതരിപ്പിച്ചത്‌. വീടിന്റെ അടിത്തറ നിർമിക്കുന്നതിനുമുമ്പ്‌ എയർടാങ്ക്‌ അടിത്തറയാണ്‌ സ്ഥാപിക്കുന്നത്‌. വെള്ളപ്പൊക്കമുണ്ടായാൽ വീടിന്റെ അടിത്തറ ഉയരുന്നതാണ്‌ സംവിധാനം.


പ്രധാന വാർത്തകൾ
 Top