01 June Monday

എന്തുകൊണ്ട് ബഹിരാകാശത്തേക്ക്

സാബു ജോസ്Updated: Thursday Oct 3, 2019


ബഹിരാകാശം ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാലയാണ്. വാർത്താ വിനിമയരംഗത്തും ഗതിനിർണയത്തിലും ആധുനിക വൈദ്യശാസ്ത്രത്തിലുമെല്ലാം നമുക്ക് ലഭ്യമായ പുരോഗതി ബഹിരാകാശ ഗവേഷണങ്ങൾ വഴിയാണ്. കാലാവസ്ഥാ പ്രവചനം, സുനാമി മുന്നറിയിപ്പ്, കൊടുങ്കാറ്റുകളെക്കുറിച്ചുള്ള പ്രവചനം, ജിപിഎസ് സംവിധാനങ്ങള്‍, സൈനിക-സൈനികേതര ആവശ്യങ്ങള്‍, വെള്ളപ്പൊക്കം, വരൾച്ച, പുതിയ വിത്തിനങ്ങളുടെ ഉൽപാദനം തുടങ്ങിയവയെല്ലാം നിർണയിക്കുന്നത് ബഹിരാകാശ പരീക്ഷണശാലകളാണ്. ഇതിനെല്ലാം പുറമെ പ്രപഞ്ചത്തിന്റെ ആരുമറിയാത്ത ഇടത്തില്‍ നിന്നുകൊണ്ട് ഈ മഹാപ്രപഞ്ചമൊന്നാകെ നിരീക്ഷിക്കുന്നതും ബഹിരാകാശ പര്യവേക്ഷണങ്ങളിലൂടെയാണ്.
ബഹിരാകാശചരിത്രത്തിന്റെ ചുമലുകളില്‍ നിന്ന് ഭാവിയിലേക്കാണ് ശാസ്ത്രം നോക്കുന്നത്. കൂടുതല്‍ ദൗത്യങ്ങളുടെയും ലക്ഷ്യം അതുതന്നെയാണ്.

ആം
ഛിന്നഗ്രഹത്തിലേക്കുള്ള നാസയുടെ ആദ്യ റോബോട്ടിക് ദൗത്യമാണ് ആം (Asteroid Redirect Robotic Mission - ARRM).-  ‘ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ഇത്തരം ‘ഭൗമ സമീപ ഛിന്നഗ്രഹങ്ങളില്‍ ഇറങ്ങുന്ന പേടകം ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽനിന്ന് മണ്ണും പാറയും ശേഖരിക്കുകയും തുടർന്ന്‌  ഛിന്നഗ്രഹത്തെ ചന്ദ്രനുചുറ്റുമുള്ള സ്ഥിര ഭ്രമണപഥത്തിലേക്ക് തള്ളിനീക്കുകയും ചെയ്യും. 2030കളില്‍ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുന്നതിനു മുന്നോടിയായുള്ള സ്പേസ് ഫ്‌ളൈറ്റ് പരിശീലനമായും ഈ ദൗത്യത്തെ കാണാൻകഴിയും. 2021ലാണ് ആദ്യത്തെ ആം ദൗത്യം വിക്ഷേപിക്കുന്നത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷന്‍ ലബോറട്ടറിയാണ് ദൗത്യത്തിന്റെ ചുക്കാൻ പിടിക്കുന്നത്.
 

മയ
അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചു പഠിക്കുന്നതിനായി 2019 ല്‍ നാസ വിക്ഷേപിക്കുന്ന ദൗത്യമാണ് മയ (MAIA-). ഭൗമാന്തരീക്ഷത്തിലെത്തുന്ന പൊടിപടലങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്രത്തോളമാണെന്നു കണ്ടെത്തുകയും  ഇതിനു കാരണമായ പൊടിപടലങ്ങളില്‍ അടങ്ങിയ രാസവസ്തുക്കളുടെ തോത് കണ്ടെത്തുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇത്തരം രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും കുറയ്ക്കുന്നതിന് രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നതിനും ഈ ദൗത്യത്തിനുകഴിയും. അന്തരീക്ഷത്തിലുള്ള എയ്റോസോളിന്റെ അളവ് കൃത്യമായി കണക്കുകൂട്ടാന്‍ ഈ ദൗത്യത്തിനുകഴിയും. ജനിതകവൈകല്യങ്ങള്‍, ഹൃദയസംബന്ധിയായ രോഗങ്ങള്‍, ശിശുമരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക്‌  എയ്റോസോള്‍ കാരണമാകുന്നുണ്ട്.
 

യൂക്ളിഡ്
പ്രപഞ്ചത്തിലെ നിഗൂഢ പ്രതിഭാസങ്ങളെന്ന് വിശേഷിപ്പിക്കുന്ന ഡാർക്ക്‌ മാറ്ററിനെയും ഡാർക്ക്‌ എനർജിയെയുംകുറിച്ച് പഠിക്കുന്നതിനുള്ള നാസ- യൂറോപ്യന്‍ സ്പേസ് ഏജൻസി സംയുക്തസംരംഭമാണ് യൂക്ളിഡ്(EUCLID) ദൗത്യം. പ്രപഞ്ചത്തില്‍ 68 ശതമാനം ഭാഗവും ഡാർക്ക്‌  എനർജിയും 27 ശതമാനം ഭാഗം ഡാർക്ക്‌മാറ്ററും ആണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഗ്യാലക്സികളും നെബുലകളും വാതകപടലങ്ങളുമെല്ലാം അടങ്ങുന്ന ബേര്യോണിക് മാറ്റര്‍ കേവലം അഞ്ചുശതമാനം മാത്രമേയുള്ളൂ. 2020ല്‍ വിക്ഷേപിക്കുന്ന ഈ ദൗത്യം പ്രപഞ്ചത്തിന്റെ ഇരുണ്ടവശത്തെക്കുറിച്ച് കൂടുതല്‍ ധാരണകള്‍ നൽകാൻ പര്യാപ്തമാകും. അതുവഴി പ്രപഞ്ചത്തിന്റെ ആകൃതിയും അതിന്റെ ഭാവിയും നിർണയിക്കുന്നതിനു സാധിക്കും. പ്രപഞ്ചവികാസത്തിന്റെ വേഗം കൃത്യമായി അളക്കുന്നതിനും യൂക്ളിഡ് ദൗത്യത്തിനുകഴിയും
 

ഇക്കോസ്ട്രെസ്
സസ്യങ്ങളുടെ ഇലകളിലുള്ള സൂക്ഷ്മ സുഷിരങ്ങളിലൂടെ ജലം അന്തരീക്ഷത്തിലേക്കു വ്യാപിക്കുന്നത് നിരീക്ഷിക്കുന്നതിനുവേണ്ടി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ സജ്ജീകരിക്കുന്ന പരീക്ഷണശാലയാണ് ഇക്കോസ്ട്രെസ് (The ECOsystem Spaceborne Thermal  Ra-diometer Experiment on Space Station ECOSTRESS-). ചുറ്റുപാടുമുള്ള മണ്ണിൽനിന്നുള്ള ജലത്തിന്റെ ബാഷ്പീകരണം സസ്യസ്വേദനത്തെ സാധ്വീനിക്കുന്നുണ്ട്. ഇക്കോസ്ട്രെസ് ഈ ബാഷ്പീകരണവും ഇലകളിൽനിന്നുള്ള സ്വേദനവും ഒരുമിച്ച് അളക്കും . ഇതിലൂടെ ജലലഭ്യതയ്ക്കനുസരിച്ച് ‘ഭൂമുഖത്തെ സസ്യജാലങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങളും  ആഗോള കാർബണ്‍ ചക്രത്തിന്റെ മാറ്റവും  സവിശേഷതയും കണ്ടെത്താൻകഴിയും. കൂടാതെ വരൾച്ച മുൻകൂട്ടി കണ്ട് വരൾച്ചാ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൃഷിചെയ്യുന്നതിന് അനുയോജ്യമായ വിത്തിനങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ ദൗത്യത്തിലൂടെ സാധിക്കും.
 

ഗ്രേസ്-ഫോ
ജർമന്‍ സഹകരണത്തോടെ(German Research Centre For Geosciences) നാസ വിക്ഷേപിക്കുന്ന ബഹിരാകാശപേടകമാണ് ഗ്രേസ് ഫോ(TheGravtiy Recoveryand Climate Experimentfollow–on GRACEFO-). 2002 മാര്ച്ച്  17ന് നാസ വിക്ഷേപിച്ച ഗ്രേസ് ദൗത്യത്തിന്റെ തുടർച്ചയാണിത്. ഭൗമോപരിതലത്തില്‍ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത തോതില്‍ അനുഭവപ്പെടുന്ന ഗുരുത്വാകർഷണബലം കൃത്യമായി കണ്ടെത്തുകയും അതുവഴി ഓരോ 30 ദിവസന്തോറും ഭൂമിയുടെ ഗ്രാവിറ്റി മാപ് നിർമിക്കുകയുമാണ് പേടകം ചെയ്യുന്നത്. സമുദ്രയാത്രകൾക്കും റോക്കറ്റ് വിക്ഷേപണത്തിനും വളരെയേറെ പ്രയോജനകരമാണ് ഗ്രേസ്-ഫോ ദൗത്യം. 2022 ലാണ് ഈ ദൗത്യം വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്.
 

ആദിത്യ
സൂര്യന്റെ അന്തരീക്ഷമായ കൊറോണയില്‍ സംഭവിക്കുന്ന പ്രതിഭാസങ്ങളെക്കുറിച്ചു പഠിക്കാന്‍ ഇസ്രോ വിക്ഷേപിക്കുന്ന ഈ ദൗത്യം ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡ് വേവ്ബാൻഡിലും സൂര്യാന്തരീക്ഷത്തെ നിരീക്ഷിക്കും. കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവർത്തനങ്ങളെയും  വാർത്താ വിനിമയ സംവിധാനങ്ങളെയും വൈദ്യുതിവിതരണസംവിധാനങ്ങളെയുമെല്ലാം ഗുരുതരമായി ബാധിക്കുന്ന സൗരവാതകങ്ങൾ ഉത്ഭവിക്കുന്നത് കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന് അറിയപ്പെടുന്ന സൗരാന്തരീക്ഷത്തിലെ പ്രക്ഷുബ്ധതകളാണ്. ഇത്തരം പ്രക്ഷുബ്ധതകള്‍ മുൻകൂട്ടി കണ്ടെത്തുകയാണ് ആദിത്യ  ദൗത്യത്തിന്റെ ലക്ഷ്യം. സൗരവാതകങ്ങളുടെ വേഗം അളക്കുന്നതുവഴി അവ ഭൂമിയില്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകുന്നതിനും ആദിത്യ ദൗത്യത്തിനു കഴിയും.
 

അവതാർ
ഇസ്രോയുടെ സ്പേസ് ഷട്ടില്‍ ദൗത്യമാണ് അവതാര്‍ (AVATAR). (Reusable Launch Vehicle-Technology Demonstrator- RLV-TD). നാസ സ്പേസ്ഷട്ടില്‍ പദ്ധതി അവസാനിപ്പിച്ചതുകൊണ്ട് നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെയും മറ്റ്  സാധനസാമഗ്രികളും എത്തിക്കുന്നത് റഷ്യയുടെ പേടകങ്ങളിലാണ്. 2025ല്‍ അവതാര്‍ യാഥാർഥ്യമാകുമ്പോൾ അത് ഇസ്രോയുടെ മറ്റൊരു വലിയനേട്ടമാകും. ബഹിരാകാശ ടൂറിസംമേഖലയിലും ഇത് വലിയ മാറ്റം കൊണ്ടുവരും. അവതാര്‍ പദ്ധതി സാമ്പത്തികമായും ഇസ്രോയ്ക്ക് വലിയ നേട്ടമുണ്ടാക്കും.

 


പ്രധാന വാർത്തകൾ
 Top