22 October Thursday

വഴിക്കണ്ണുമായി വിങ്ങുകയാണ്‌ ഐറ

വെബ് ഡെസ്‌ക്‌Updated: Thursday Sep 3, 2020


കലിങ്കിൻമുഖത്തെ ഹഖ്‌ മുഹമ്മദിന്റെ ബിസ്‌മി മൻസിലിന്റെ പൂമുഖത്ത്‌ കരഞ്ഞുതളർന്ന്‌ ഓരാളുണ്ട്‌. ഹഖിന്റെ ഉപ്പ അബ്ദുൾ സമദ്‌. അദ്ദേഹത്തിന്റെ നെഞ്ചിൻചൂടേറ്റ്‌ മയങ്ങുകയാണ്‌ ഹഖിന്റെ ഒരു വയസ്സുമാത്രമുള്ള മകൾ ഐറ. ഓരോ കാലൊച്ച കേൾക്കുമ്പോഴും അവൾ  കുഞ്ഞിളം മിഴിതുറന്ന്‌ നാലുപാടും പരതുകയാണ്‌, ഉപ്പയെ. വന്നത്‌ ഉപ്പയല്ലെന്നറിയുമ്പോൾ അവൾ വീണ്ടും മയക്കത്തിലേക്ക്‌. ആശ്വസിപ്പിക്കാനെത്തുന്നവരെ കെട്ടിപ്പിടിച്ച്‌ കരയുകയാണ്‌ ഹഖിന്റെ ഉമ്മ ഷാഹിദ. പലർക്കും അവരെ അഭിമുഖീകരിക്കാൻതന്നെ ശേഷിയില്ല.

മറ്റൊരു മുറിക്കകത്ത്‌ നജിലയുണ്ട്‌. കരഞ്ഞുകലങ്ങിയ കണ്ണുമായി. മൂന്നുമാസം ഗർഭിണിയായ അവർ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലെന്ന്‌ അബ്‌ദുൾ സമദ്‌ പറഞ്ഞു. ശാരീരിക അവശത കാരണം ചൊവ്വാഴ്‌ച അവരെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു.

ഈ വീട്ടിൽ ആശ്വസിപ്പിക്കാനെത്തുന്നവരുടെ പ്രവാഹം നിലച്ചിട്ടില്ല. മരണം നടന്ന്‌ മൂന്നാം നാളായതിനാൽ അതിന്റെ ചടങ്ങുമുണ്ട്‌. പലരും പ്രാർഥനയിൽ പങ്കാളികളായി.

‘ആർക്കും എന്ത്‌ ആവശ്യത്തിനും ഏത്‌ സമയത്തും പോകുന്നയാളായിരുന്നു അവൻ. ഗൾഫിൽ പോകാൻ എറണാകുളത്തെ ഒരു സ്ഥാപനത്തിൽ പാസ്‌പോർട്ട്‌ നൽകിയിരുന്നു. അവ തിരികെ വാങ്ങി വന്നതായിരുന്നു. ഉറങ്ങി എഴുന്നേറ്റ്‌ രാത്രി എട്ടുമണിയോടയാണ്‌ സുഹൃത്ത്‌ മിഥിലാജിനെ കാണാൻ പോയത്‌. പിന്നീട്‌ അറിഞ്ഞത്‌ അവനെ കൊന്നെന്നാണ്‌...’  വാക്കുകൾ മുഴുമിപ്പിക്കാനാകാതെ സമദ്‌ തേങ്ങിക്കരഞ്ഞു.

‘ഒരാളെയും അവൻ ദ്രോഹിച്ചിട്ടില്ല. ജീവനെങ്കിലും ബാക്കിവച്ചൂടായിരുന്നോ അവർക്ക്‌. ഞങ്ങൾക്കിനി തുണയായി ആരുണ്ട്‌. ഈ കുഞ്ഞിനെ അനാഥയാക്കിയില്ലേ. മോളെ വയറ്റിൽ ഒരു കുഞ്ഞ്‌ വളർന്നുവരുന്നുണ്ട്‌...’ സമദിന്റെ വാക്കുകൾ മുറിഞ്ഞു. വാവിട്ട്‌ കരയുന്ന ഉമ്മ ഷാഹിദയെ ബന്ധുക്കൾ താങ്ങിപ്പിടിച്ച്‌ അകത്തേ ക്ക്‌ കൊണ്ടുപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top