29 May Friday

‘ഓ‌.. ഇറ്റ‌്സ‌് നോട്ട‌് വൈസ‌്’

എം പ്രശാന്ത്‌Updated: Wednesday Apr 3, 2019

കേരളത്തിൽ ഇടതുപക്ഷത്തിനാണ‌് സ്വാധീനം. വർഗീയശക്തികൾ ദുർബലമാണ‌്. അതുകൊണ്ടുതന്നെ കേരളത്തിന്റെ മതനിരപേക്ഷ മണ്ണിൽ രാഹുൽ ഗാന്ധി മത്സരത്തിനെത്തുമ്പോൾ അത‌് ഉത്തരേന്ത്യയിൽ വ്യാപകമായി ചർച്ചചെയ്യപ്പെടും

സഹരൻപുർ (യുപി)
ഇസ്ലാമിക പണ്ഡിതനും സഹരൻപുർ നഗർ ഖാസിയുമായ നദീം അഖ‌്തറിന്റെ വസതിയിൽ തെരഞ്ഞെടുപ്പ‌് വർത്തമാനങ്ങൾക്കിടെയാണ‌് രാഹുലിന്റെ വയനാടൻ മത്സരവാർത്തയെത്തിയത‌്. രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കാൻ എത്തുന്നുവെന്ന വാർത്ത അറിയിച്ചപ്പോൾ ഉടനടി അദ്ദേഹം പ്രതികരിച്ചു–-  ‘ഓ‌..  ഇറ്റ‌്സ‌് നോട്ട‌് വൈസ‌്’. -

‘കേരളത്തിൽ ഇടതുപക്ഷത്തിനാണ‌് സ്വാധീനം. വർഗീയശക്തികൾ ദുർബലമാണ‌്. അതുകൊണ്ടുതന്നെ കേരളത്തിന്റെ മതനിരപേക്ഷ മണ്ണിൽ രാഹുൽ ഗാന്ധി മത്സരത്തിനെത്തുമ്പോൾ അത‌് ഉത്തരേന്ത്യയിൽ വ്യാപകമായി ചർച്ചചെയ്യപ്പെടും. വർഗീയശക്തികൾ മറ്റൊരു രീതിയിലാകും തീരുമാനത്തെ വ്യാഖ്യാനിക്കുക. തെരഞ്ഞെടുപ്പിനെ അത‌് വലിയ രീതിയിൽ ബാധിക്കും. രാഹുൽ പൊരുതേണ്ടത‌് വർഗീയശക്തികളുമായാണ‌്. അല്ലാതെ മതനിരപേക്ഷ കക്ഷികളുമായല്ല. തങ്ങളെ ഭയന്നാണ‌് രാഹുൽഗാന്ധി കേരളത്തിലേക്ക‌് പോയതെന്ന‌് വർഗീയശക്തികൾ പ്രചരിപ്പിക്കും. ഉത്തരേന്ത്യയിൽ അവർക്കെതിരായ പോരാട്ടത്തെ ഇത്തരം പ്രചാരണങ്ങൾ വലിയ രീതിയിൽ ദുർബലപ്പെടുത്തും. കേരളത്തിൽ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം രാജ്യത്തെ മതനിരപേക്ഷ ചേരിക്കാകെ തിരിച്ചടിയാകും’–- അദ്ദേഹം വിശദീകരിച്ചു.

സഹരൻപുരുകാർക്ക‌് ഖാസി നദീം അഖ‌്തർ മതസൗഹാർദത്തിന്റെ ആൾരൂപമാണ‌്. അഞ്ചുവർഷംമുമ്പ‌് നഗരത്തിൽ പടർന്ന കലാപത്തീ മണിക്കൂറുകൾക്കകം കെടുത്തിയ മഹദ‌്‌വ്യക്തിത്വം. ഇപ്പോഴും നഗരത്തിൽ എവിടെയെങ്കിലും അശാന്തിയുടെ വിത്ത‌് മുളപൊട്ടിയാൽ അധികൃതർ സമാധാനദൂതിനായി ആദ്യം സമീപിക്കുന്നത‌് ഖാസിയെയാണ‌്. റമദാനും ബക്രീദിനും ഈദ‌്ഗാഹിൽ ഖാസിയുടെ പ്രഭാഷണം കേൾക്കാൻ എല്ലാ മതസ്ഥരുമെത്താറുണ്ട‌്. 

2014ൽ മോഡി സർക്കാർ അധികാരത്തിലെത്തിയതിന‌ു പിന്നാലെ സഹരൻപുർ വലിയ വർഗീയകലാപത്തിന‌് വേദിയായി. 2014 ജൂലൈ 26ന‌് രാവിലെയാണ‌് ഇരുവിഭാഗം ഏറ്റുമുട്ടിയത‌്. മൂന്നുപേർ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകൾക്ക‌് പരിക്കേറ്റു. നഗരമാകെ കലാപം വ്യാപിച്ചു. എങ്ങും കൊള്ളയും കൊള്ളിവയ‌്പും. എന്തിനും തയ്യാറായി ആൾക്കൂട്ടം. സംയമനം പാലിക്കാൻ ഖാസിയുടെ നിർദേശം. കലക്ടറുമായും വിവിധ മത–-രാഷ്ട്രീയ പ്രമുഖരുമായും തിടുക്കത്തിലുള്ള ആശയവിനിമയം. ഖാസിയുടെ നേതൃത്വത്തിൽ പൗരപ്രമുഖർ നഗരത്തിന്റെ മുക്കിലും മൂലയിലുമെത്തി സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം വ്യാപിപ്പിച്ചു. മണിക്കൂറുകൾക്കകം കലാപത്തിന‌് ശമനമായി. മുറിവുണക്കലിന്റേതായിരുന്നു തുടർന്നുള്ള ദിവസങ്ങൾ.

കലാപനാളുകൾ സഹരൻപുർ പണ്ടേ മറന്നുവെന്ന‌് ഖാസി പറഞ്ഞു. ‘താങ്കളെപ്പോലുളള പത്രക്കാർമാത്രമാണ‌് കലാപനാളുകൾ ഇപ്പോഴും ഓർക്കുന്നത‌്. സഹരൻപുർ അത‌് മറന്നുകഴിഞ്ഞു. വകതിരിവുള്ളവർ എല്ലാ സമുദായത്തിലുമുണ്ട‌്. അവർ സമാധാനത്തിനായി നിലകൊള്ളും. കുഴപ്പങ്ങൾ ആഗ്രഹിക്കുന്നവർ ചെറിയൊരു ന്യൂനപക്ഷമായിരിക്കും. അത്തരക്കാരെ വിജയിക്കാൻ അനുവദിക്കരുത‌്. വിശ്വാസികൾക്ക‌് രാഷ്ട്രീയമാകാം. എന്നാൽ, മതത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനോട‌് യോജിപ്പില്ല. അത‌് ഇസ്ലാമായാലും. അതിനായുള്ള ഏതൊരു ശ്രമവും തെറ്റാണ‌്–- ഖാസി പറഞ്ഞു.

സഹരൻപുരിൽനിന്ന‌് മുസഫർനഗറിലേക്കുള്ള ദേശീയപാതയിലാണ‌് ദേവ‌്ബന്ദിലെ ആഗോള പ്രശസ‌്തമായ ദാറുൾ ഉലൂം മതപഠനകേന്ദ്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അയ്യായിരത്തോളം പേർ ഇവിടെ താമസിച്ച‌് ഇസ്ലാംമതത്തെ ആഴത്തിൽ പഠിക്കുന്നു. കേരളത്തിൽനിന്ന‌് നൂറിനടുത്ത‌് കുട്ടികളുണ്ട‌്. 1866ൽ പ്രവർത്തനം ആരംഭിച്ച ദാറുൾ ഉലൂമിന്റെ ആദ്യകാല നായകർക്ക‌് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരവുമായി അഭേദ്യ ബന്ധമാണുള്ളത‌്.

ദാറുൾ ഉലൂമിലും ചില മതപണ്ഡിതരെ കണ്ടുമുട്ടി. രാഹുലിന്റെ വയനാടൻ വരവിനോട‌് അവർക്കുള്ള അഭിപ്രായവും വിവേകരഹിതമായ തീരുമാനം എന്നുതന്നെ. എന്നാൽ, രാഷ്ട്രീയവിഷയമായതിനാൽ പേരുപറഞ്ഞുള്ള അഭിപ്രായപ്രകടനത്തിന‌് ആരും മുതിർന്നില്ല.


പ്രധാന വാർത്തകൾ
 Top