26 February Wednesday
കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനം

തൊഴിലാളി മുന്നേറ്റത്തിന്‌ അടിത്തറപാകും

വെബ് ഡെസ്‌ക്‌Updated: Friday Jan 3, 2020


കണ്ണൂർ
മണ്ണിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ പോരാട്ടം രാജ്യത്ത്‌ ശക്തമായ ബദൽ പ്രസ്ഥാനമായി വളർത്തിയെടുക്കാൻ അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയന്റെ ഒമ്പതാം അഖിലേന്ത്യാ സമ്മേളനം അടിത്തറയൊരുക്കും. മോഡി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ പോരാട്ടം ദേശീയതലത്തിൽ വിപുലമാക്കുന്നതിനൊപ്പം പ്രാദേശികമായ സമരങ്ങൾ ശക്തമാക്കാനും അതിന്‌ തുടർച്ച ഉറപ്പാക്കാനുമുള്ള നിർദേശങ്ങളാണ്‌ ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ മുന്നോട്ടുവച്ചത്‌. രാജ്യത്തെ തൊഴിലാളിവർഗ മുന്നേത്തിന്‌ കരുത്തു പകരുന്ന സുപ്രധാന സമ്മേളനമാകും കണ്ണൂരിലേതെന്ന്‌ അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി സുനീത്‌ ചോപ്രയും വൈസ്‌ പ്രസിഡന്റ്‌ എം വി ഗോവിന്ദനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രാദേശിക സമരങ്ങളും ശക്തമാക്കും
പല സംസ്ഥാനങ്ങളിലും പലതരം പ്രശ്‌നങ്ങളാണ്‌ കർഷകത്തൊഴിലാളികൾ നേരിടുന്നത്‌. അതിനാൽ, അതതിടങ്ങളിൽ പ്രാദേശികമായി വിഷയങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തും. ഇതിനൊപ്പം ദേശീയതലത്തിൽ സമരമുന്നേറ്റമായും ഈ പോരാട്ടങ്ങളെ മാറ്റിത്തീർക്കുകയെന്ന നിർദേശമാണ്‌ സമ്മേളനം ഗൗരവമായി ചർച്ചചെയ്യുന്നത്‌. കുടിയേറ്റ തൊഴിലാളികളെയും യൂണിയന്റെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങളും ആവിഷ്‌കരിക്കും. കേരളത്തിൽ കർഷകത്തൊഴിലാളികൾക്ക്‌ മെച്ചപ്പെട്ട അവസ്ഥയാണ്‌. ഇക്കാര്യത്തിൽ ഇടതുപക്ഷ സർക്കാരുകൾ സ്വീകരിക്കുന്ന അനുകൂല നയങ്ങളെ പിന്തുണയ്‌ക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമപദ്ധതികളും കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ യൂണിയൻ മുന്നോട്ടുവയ്‌ക്കും. അതേസമയം, മറ്റ്‌ സംസ്ഥാനങ്ങളിൽ സ്ഥിതി പരിതാപകരമാണ്‌.

സമ്മേളനത്തിലെ കേരള പ്രതിനിധികൾ

സമ്മേളനത്തിലെ കേരള പ്രതിനിധികൾ


 

ജനറൽ സെക്രട്ടറി എ വിജയരാഘവൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച തുടരുകയാണ്‌. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകി ജയിൽവാസവും മർദനവും നേരിട്ട പ്രതിനിധികൾ തങ്ങളുടെ സമരാനുഭവം പങ്കുവച്ചു. ആദിത്യനാഥ്‌ അധികാരത്തിലേറിയശേഷം നിയമവാഴ്‌ച തകർന്നിരിക്കുകയാണെന്ന്‌ ഉത്തർപ്രദേശിൽനിന്നുള്ള പ്രതിനിധികൾ പറഞ്ഞു. തൊഴിലുറപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട വ്യാപക ക്രമക്കേടും പൊതുവിതരണ സംവിധാനത്തിലെ പ്രശ്‌നങ്ങളുമാണ്‌ പ്രധാന ചർച്ചയായതെന്ന്‌ ഭാരവാഹികൾ പറഞ്ഞു. വ്യാഴാഴ്‌ച എൻ രതീന്ദ്രൻ, സി ബി ദേവദർശനൻ, വി നാരായണൻ (കേരളം), സുകുമാർ ചക്രവർത്തി, സുധാറോയി, രാമകൃഷ്‌ണൻ റോയി ചൗധരി (പശ്‌ചിമ ബംഗാൾ), ജി സ്‌റ്റാലിൻ (തമിഴ്‌നാട്‌), ശ്യാമൾ ദേ (ത്രിപുര), നാഗരാജൻ (ആന്ധ്രാപ്രദേശ്‌), ലെനിൻ (തെലങ്കാന), സതീഷ്‌കുമാർ (ഉത്തർപ്രദേശ്‌), ബലിറാം ബുംഭെ, സരിതാ ശർമ (മഹാരാഷ്ട്ര), പ്രേംചന്ദ്‌, ജഗ്‌ലാൽ സിങ്‌ (ഹരിയാന), വെങ്കടേശ്‌ (കർണാടക), പ്രഫുല്ല ഭായി (ഒഡിഷ), രാംരത്തൻ ബഹരിയ്യ (രാജസ്ഥാൻ), ലാൽസിങ്‌ ധനുവാത്ത (പഞ്ചാബ്‌) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.   യൂണിയൻ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ബി വെങ്കട്ട്‌, കേന്ദ്ര വർക്കിങ്‌ കമ്മിറ്റിയംഗം വിക്രം സിങ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സമ്മേളനത്തിലെ വനിതാപ്രതിനിധികൾ

സമ്മേളനത്തിലെ വനിതാപ്രതിനിധികൾ

സ്‌ത്രീകൾക്കെതിരായ അതിക്രമം തടയണം
കണ്ണൂർ
സ്‌ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അക്രമവും പീഡനവും തടയാൻ കർശന നടപടി വേണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. നാഷണൽ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ പുതിയ കണക്കു പ്രകാരം 3,59,849 കേസുകളാണ്‌ സ്‌ത്രീകൾക്കെതിരായ അതിക്രമത്തിൽ രജിസ്‌റ്റർ ചെയ്‌തത്‌. ഇതിൽ 32,559 എണ്ണവും ബലാത്സംഗക്കേസുകളാണ്‌. മധ്യപ്രദേശ്‌, ഉത്തർപ്രദേശ്‌, രാജസ്ഥാൻ, ഒഡിഷ, അസം സംസ്ഥാനങ്ങളിലാണ്‌ ഇതിലേറെയും റിപ്പോർട്ടുചെയ്‌തിട്ടുള്ളത്‌. ശാരീരികമായും മാനസികമായും സ്‌ത്രീകൾ പലവിധത്തിലുള്ള അതിക്രമത്തിനും ഇരയാവുകയാണ്‌. അസാറാം ബാപ്പു, റാം റഹീം, നിത്യാനന്ദ തുടങ്ങിയ സ്വാമിമാർ പ്രതികളായ കേസുകൾ സമീപകാലത്ത്‌ പുറത്തുവരികയുണ്ടായി. കത്വ, ഉന്നാവ്‌ ബലാത്സംഗക്കേസുകളിൽ പ്രതികൾക്കായി ഇറങ്ങിയത്‌ ബിജെപിയാണ്‌.

വീടുകളിലും തൊഴിലിടങ്ങളിലുമെല്ലാം സ്‌ത്രീകൾ വിവേചനത്തിന്‌ ഇരയാവുന്നുണ്ട്‌. സ്‌ത്രീകളുടെ തുല്യത എല്ലാ മേഖലയിലും ഉറപ്പുവരുത്തിയേ ഇതിനെ നേരിടാനാവൂവെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.

250 തൊഴിൽദിനം ഉറപ്പുവരുത്തണം
കണ്ണൂർ
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ പ്രതിവർഷം 250 തൊഴിൽദിനം  ഉറപ്പുവരുത്തണമെന്ന്‌ കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു. പുരുഷന്മാർക്കും സ്‌ത്രീകൾക്കും ചുരുങ്ങിയത്‌ 600 രൂപ പ്രതിദിനം കൂലി ലഭ്യമാക്കാൻ നടപടി വേണം. 15 ദിവസത്തിനുള്ളിൽ  മുഴുവൻ കൂലിയും ലഭ്യമാക്കണം. തൊഴിലുറപ്പു ജോലിയിൽ യന്ത്രങ്ങളുടെ ഉപയോഗം ഒഴിവാക്കുകയും വേണം.

 തൊഴിലുറപ്പു തൊഴിലാളികൾക്ക്‌ സംസ്ഥാന തൊഴിലാളിക്ഷേമ ബോർഡുകളിൽ രജിസ്‌ട്രേഷൻ നൽകുന്നതിനും ആനൂകുല്യങ്ങൾ ലഭ്യമാക്കുന്നതിനും നടപടിയുണ്ടാകണം. അറുപത്‌ വയസ്‌ പൂർത്തിയാകുന്ന തൊഴിലുറപ്പു തൊഴിലാളികൾക്ക്‌ ചുരുങ്ങിയത്‌ 3000 രൂപ പെൻഷൻ അനുവദിക്കണം. തൊഴിലാളികൾക്ക്‌ പ്രസവാവധി, മെഡിക്കൽ സൗകര്യങ്ങൾ, ക്രഷെകൾ, കുടിക്കാനുള്ള വെള്ളം, വെയിലിൽനിന്നുള്ള സംരക്ഷണം തുടങ്ങിയവ ഒരുക്കാനും കോൺട്രാക്ടർമാരെ ഒഴിവാക്കാനും നടപടി വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

 

 


പ്രധാന വാർത്തകൾ
 Top