27 February Thursday

പ്രമാണിമാർ കരിഞ്ഞു ഇഷ്ടികച്ചൂളയിലെ സമരജ്വാലയിൽ

വിജേഷ്‌ ചൂടൽUpdated: Friday Jan 3, 2020


കണ്ണൂർ
ഇഷ്ടികക്കളത്തിലെ ചൂളയിൽ ചുമടേന്തി നടക്കവേയാണ്‌ ഗംഗാദേവിയെ തേടി ആ വാർത്തയെത്തിയത്‌. തന്റെ രണ്ട്‌ ആൺമക്കളെ ഠാക്കൂറും ഗുണ്ടകളും ചേർന്ന്‌ തല്ലിച്ചതച്ച്‌ കെട്ടിയിട്ടിരിക്കുന്നു. തലയിലേറ്റിയ മൺകട്ടകൾ നിലത്തിട്ട്‌ ഗംഗ അവിടേക്കോടി. പൊതുവഴിയിൽ  നിലവിളിക്കുന്ന കുട്ടികൾ. അടിയേറ്റ്‌ ബോധമറ്റ ഭർത്താവ്‌ സീതാറാം  വീണുകിടക്കുന്നു. അടങ്ങാത്ത രോഷത്തോടെ ഠാക്കൂറിന്റെ മുഖത്തുനോക്കി ഗംഗ ചോദിച്ചു–- ഇവർ ചെയ്‌ത കുറ്റമെന്ത്‌? ‘താണജാതിക്കാരായ നിന്റെ മക്കളോട്‌ കുളത്തിലിറങ്ങി മീൻപിടിക്കാൻ ആരുപറഞ്ഞു’ എന്നായിരുന്നു ഠാക്കൂറിന്റെ മറുചോദ്യം.  ഉത്തർപ്രദേശിലെ പത്മപാൽ ഗ്രാമത്തിൽ 2013ലാണ്‌ സംഭവം. അന്ന്‌ മക്കളെയും ഭർത്താവിനെയും ആശുപത്രിയിലെത്തിച്ച്‌ ഗംഗ നേരെ പൊയത്‌ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌. അതിക്രമത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യം പൊലീസുകാർ കേട്ടതായിപോലും നടിച്ചില്ല. ഭീഷണിപ്പെടുത്തിയും പരിഹസിച്ചും തിരിച്ചയക്കാൻ ഇൻസ്‌പെക്ടർ ശ്രമിച്ചു. നിരാശയാലും രോഷത്താലും  മടങ്ങിയ ഗംഗക്ക്‌ പിന്തുണയുമായെത്തിയത്‌ കർഷകത്തൊഴിലാളി നേതാവ്‌ സതീഷ്‌.

പിന്മാറില്ല, നീതി കിട്ടിയേ തീരൂ
നീതികിട്ടാതെ  പിന്മാറാനാവില്ലെന്ന്‌ ഗംഗ ഉറപ്പിച്ചുപറഞ്ഞു. പിറ്റേന്ന്‌ രാവിലെ പൊലീസ്‌ സ്‌റ്റേഷനുമുന്നിൽ ഗംഗ സമരംതുടങ്ങി. ആറുമാസം നീണ്ട പോരാട്ടത്തിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ നിയമം നീതിയുടെ വഴികാട്ടി. പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമത്തിന്‌ പ്രതികൾക്കെതിരെ കേസെടുത്തു. സമര വിജയത്തിൽനിന്ന്‌ ഗംഗ നടന്നുനീങ്ങിയത്‌ നിലയ്‌ക്കാത്ത പോരാട്ടത്തിന്റെ ഭൂമികയിലേക്കാണ്‌. ഭർത്താവിനൊപ്പം മണ്ണിൽ പണിയെടുക്കുന്നതിനൊപ്പം കർഷകത്തൊഴിലാളി യൂണിയന്റെ സജീവ പ്രവർത്തകയായ അവർ തൊഴിലാളികളെ സംഘടിപ്പിച്ചു. ഇഷ്ടികക്കളങ്ങളിൽ പൊരുതുന്ന മനുഷ്യർക്കുമുന്നിൽ ചെങ്കൊടിയേന്തി നടന്നു. യുപി ഖേത്‌ മസ്‌ദൂർ യൂണിയന്റെ വില്ലേജ്‌ കമ്മിറ്റിയിലേക്കും താലൂക്ക്‌ കമ്മിറ്റിയിലേക്കും എത്തിയ ഗംഗ ഇപ്പോൾ ദിയോരിയ ജില്ലാ കമ്മിറ്റിയംഗം. കർഷകത്തൊഴിലാളി സമ്മേളനത്തിൽ ഉത്തർപ്രദേശിൽനിന്നുള്ള  36 അംഗ പ്രതിനിധികളിൽ ഒരാൾ ഗംഗാദേവിയാണ്‌. ജാതിവിവേചനത്തിനെതിരായ പോരാട്ടം ശക്തമായ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽനിന്ന്‌ ആറു വനിതകളാണ്‌ ഇത്തവണ സമ്മേളനത്തിന്‌ എത്തിയത്‌. യൂണിയന്റെ സംഘടിതശക്തി തങ്ങൾക്ക്‌ പകർന്ന ആത്മവീര്യം ഏറെ വലുതാണെന്ന്‌ ഇവർ പറയുന്നു. മൊറാദബാദ്‌, ബറേലി, ജോധ്‌പുർ, മിർസാപുർ തുടങ്ങിയ ജില്ലകളിൽ ശക്തമായ സമരമാണ്‌ ഒരുവർഷമായി തുടരുന്നത്‌. സംസ്ഥാനത്താകെ 1.6 ലക്ഷം അംഗങ്ങൾ യൂണിയനിലുണ്ട്‌. തൊഴിലുറപ്പ്‌ പദ്ധതിയിലെ അഴിമതിക്കെതിരെ ഇവിടെയുള്ള  ഗ്രാമങ്ങളിൽ സമരം ശക്തമാണ്‌.


പ്രധാന വാർത്തകൾ
 Top