07 August Friday

കേന്ദ്രത്തിന്‌ 32.98 രൂപ കേരളത്തിന്‌ 18.61 മാത്രം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

തിരുവനന്തപുരം
ഒരു ലിറ്റർ പെട്രോളിൽ കേന്ദ്രസർക്കാർ 32.98 രൂപ നികുതി ഈടാക്കുമ്പോൾ കേരളത്തിന്‌ ലഭിക്കുന്നത്‌ വെറും 18.61 രൂപമാത്രം. പെട്രോൾ, ഡീസൽ അടിസ്ഥാന എക്‌സൈസ്‌ ഡ്യൂട്ടി നികുതി വെറും 2.98 രൂപ മാത്രമായതിനാൽ അതിൽനിന്ന്‌ കേരളത്തിന്‌ ലഭിക്കുന്ന വിഹിതവും നാമമാത്രമാണ്‌.

നികുതി ജിഎസ്‌ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം തയ്യാറാകാത്തത്‌ കൊള്ളലാഭം നഷ്‌ടമാകുമെന്ന പേടിയിൽ‌. നിലവിൽ പെട്രോളിന്റെ അടിസ്ഥാനവില 30.60 രൂപയാണ്. എന്നാൽ, തിരുവനന്തപുരം നഗരത്തിൽ ബുധനാഴ്‌ചത്തെ  വിൽപ്പനവില 82.28 രൂപയും.  അടിസ്ഥാന വിലയിൽ കേന്ദ്രം ചുമത്തുന്ന നികുതികളാണ് ഇതിന്‌ കാരണം‌. അടിസ്ഥാന വിലയും പെട്രോൾ പമ്പുകളിലെ  വിലയും തമ്മിൽ 307 ശതമാനത്തിന്റെ വ്യത്യാസമാണുള്ളത്‌‌.ഒരു ലിറ്റർ പെട്രോളിൽ നിന്ന്‌  33 രൂപ ‌ കേന്ദ്രത്തിന്‌ ലഭിക്കുന്നു. ഈ  വരുമാനം ഇതേ രീതിയിൽ നിലനിർത്തണമെങ്കിൽ അടിസ്ഥാനവിലയുടെ 175 ശതമാനം നികുതി ജിഎസ്‌ടിയിൽ ചുമത്തേണ്ടി വരും. അത്‌‌ സാധിക്കില്ല അതുകൊണ്ടാണ്‌ ഈ ഇരട്ടത്താപ്പ്‌. എന്നാൽ, കേരളത്തിന് ഇപ്പോൾ ലഭിക്കുന്ന നികുതി തുടരാൻ അടിസ്ഥാന വിലയുടെ 75 ശതമാനം ഉൾപ്പെടുത്തിയാൽമതി.
ജിഎസ്ടി നിരക്കിൽ പരമാവധി 28 ശതമാനം നികുതിമാത്രമേ ചുമത്താനാകൂ. അതിൽ പകുതി കേന്ദ്രത്തിനും പകുതി സംസ്ഥാനത്തിനും ലഭിക്കും. ഈ 28 ശതമാനം ജിഎസ്‌ടി ചുമത്തിയാൽ പെട്രോളിന്റെ വില 39.16 രൂപയാകും. കേരളത്തിനും കേന്ദ്രത്തിനും 4.28 രൂപ  വീതം നികുതിയായി ലഭിക്കും. 

ജിഎസ്ടിയിലേക്ക് മാറിയാൽ സംസ്ഥാനത്തിന്റെ വാർഷിക നഷ്ടം 7610 കോടിയാകും. ഇതിന്‌ പരിഹാരമുറപ്പാക്കി, പെട്രോളിനും ഡീസലിനും ജിഎസ്‌ടി ഏർപ്പെടുത്തണമെന്നാണ്‌‌ കേരളത്തിന്റെ ആവശ്യം‌.

കോർപറേറ്റുകൾക്ക്‌‌ തലോടൽ
പെട്രോൾ, ഡീസൽ വില വർധനയിലൂടെ ജനങ്ങളെ പിഴിയുന്ന കേന്ദ്ര സർക്കാർ കോർപറേറ്റ്‌ ആദായ നികുതിയിൽ നൽകുന്നത്‌ വൻ ഇളവുകളാണ്‌. പെട്രോൾ, ഡീസൽ എന്നിവയിൽ 2018–-19ൽ കേന്ദ്രം പിരിച്ചെടുത്ത നികുതി 2,31,045 കോടി രൂപ. എല്ലാ സംസ്ഥനങ്ങൾക്കും കൂടി വിഹിതമായി നൽകിയത് 27,024 കോടി രൂപമാത്രം. 2018–--19ൽ കോർപറേറ്റ്‌ ആദായ നികുതി കേന്ദ്രം പിരിച്ചെടുത്തത് 6,63,572 കോടി രൂപ. പിരിക്കാൻ ബാക്കിയുള്ളത്‌ 4,88,264 കോടിയും. ഇന്ധന നികുതിയുടെ ഇരട്ടിയിൽ കൂടുതലാണ്‌ സമ്പന്നരുടെ നികുതി കുടിശ്ശിക.

കേന്ദ്രവരുമാനം മാറില്ല
അടിസ്ഥാന വിലയിലോ എക്‌സൈസ്‌ ഡ്യൂട്ടിയിലോ ഉണ്ടാകുന്ന ഒരു രൂപയുടെ വ്യത്യാസം സംസ്ഥാന വിൽപ്പന നികുതിയിൽ മൂന്നു പൈസയുടെ മാറ്റമാണുണ്ടാക്കുക. അടിസ്ഥാന വില താഴുമ്പോൾ സംസ്ഥാനത്തിന്റെ വരുമാനം കുറയും. എന്നാൽ, കേന്ദ്രവരുമാനത്തിൽ കുറവുണ്ടാകില്ല. കേന്ദ്രനികുതി നിശ്ചിതമാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top