29 September Tuesday

കടലിരമ്പത്തിൽ കാതുചേർത്ത്‌ അർജുൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

അർജുൻ മഹാരാജാസ് കോളേജിൽ നവാഗതരുമായി സംസാരിക്കുന്നു


കൊച്ചി
‘‘ഇതുപോലൊരു ജൂലൈ ഒന്നായിരുന്നു അന്നും. ഞായറാഴ‌്ചയായിരുന്നെന്ന വ്യത്യാസം മാത്രം. പിറ്റേന്ന‌് ക്യാമ്പസിലേക്കെത്തുന്ന നവാഗതരെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങൾ. ലോകകപ്പ‌് ഫുട‌്ബോളിൽ റഷ്യയും സ‌്പെയിനും തമ്മിലുള്ള മത്സരം നടക്കുന്നു. ക്യാമ്പസ‌് അലങ്കരിക്കാനുള്ള ചുമതലയുണ്ടായിരുന്നെങ്കിലും ഫുട‌്ബോൾ ആവേശത്തിൽ ഞങ്ങൾ ഇരുപതോളം എസ‌്എഫ‌്ഐ പ്രവർത്തകർ ഹോസ‌്റ്റലിൽ നിൽക്കുമ്പോഴാണ‌് അഭിമന്യു വട്ടവടയിൽനിന്ന‌് വരുന്നത‌്...’’–- ഒന്നാംവർഷ സംസ‌്കൃതം ബിരുദ ക്ലാസിൽ, തന്നെ കേൾക്കുന്ന വിദ്യാർഥികൾക്ക‌ുമുന്നിൽ ഒരുനിമിഷം അർജുൻ പ്രസംഗം നിർത്തി.

പിന്നെ തുടർന്നു, ‘‘കാറിലും ഓട്ടോയിലുമൊന്നുമല്ല വരവ‌്. വട്ടവടയിൽനിന്ന‌് പച്ചക്കറി കയറ്റിപ്പോന്ന വണ്ടിയിലാണ‌് രാത്രി വൈകി ചിറ്റൂർ റോഡിൽ വന്നിറങ്ങിയത‌്. ബസ‌് ടിക്കറ്റിനുള്ള പണംപോലുമില്ല. അവിടെനിന്ന‌് നടന്നാണ‌് ഹോസ‌്റ്റലിൽ വന്നത‌്. ആദ്യം ചോദിച്ചത‌് കഴിക്കാനെന്തെങ്കിലും ഉണ്ടോ എന്നാണ‌്. എട്ട‌ു മണി കഴിഞ്ഞാൽ ഇവിടെ ഭക്ഷണമുണ്ടാകില്ലെന്ന‌് നിനക്കറിയില്ലേ എന്ന‌് ആരോ ചോദിച്ചു. അതറിയാം, ക്യാമ്പസ‌് അലങ്കരിക്കുന്ന പരിപാടിയുള്ളപ്പോൾ ഭക്ഷണമുണ്ടാകുമെന്ന‌് കരുതി, എന്നവൻ പറഞ്ഞു. പിന്നെയും കുറെ കഴിഞ്ഞപ്പോൾ കൂട്ടത്തിലൊരാൾ 20 നീട്ടി. എന്തെങ്കിലും വാങ്ങിക്കഴിക്ക‌് എന്നു പറഞ്ഞു. അതുമായി അഭിമന്യുവിന‌് ഭക്ഷണം വാങ്ങാൻ പോയവർ ഒരു ലഡുവുമായാണ‌് തിരിച്ചെത്തിയത‌്. വിശക്കുന്നവന‌് ആദ്യം വിളമ്പാനുള്ള മര്യാദ ആരും കാണിച്ചില്ല. പത്തുമുപ്പതുപേർ കിള്ളിയെടുത്തിട്ട‌് ആ ഒരു ലഡുവിൽ ശേഷിച്ചതാണ‌്, അരുംകൊലക്ക‌് ഇരയായ രാത്രിയിൽ അഭിമന്യു കഴിച്ച ഭക്ഷണം’’. 

അഭിമന്യുവിനൊപ്പം ക്യാമ്പസ‌് ഫ്രണ്ട‌് തീവ്രവാദിസംഘം കുത്തിവീഴ‌്ത്തിയ അർജുന്റെ വാക്കുകൾ, പ്രിയസഖാവുമായി പങ്കിട്ട സൗഹൃദസ‌്മരണയിൽ ഇടറി. അന്നും ഇതുപോലൊരു ദിവസത്തിന്റെ മധുരം പങ്കിടാനാണ‌് അഭിമന്യുവും അർജുനും മറ്റ‌് എസ‌്എഫ‌്ഐ പ്രവർത്തകർക്കൊപ്പം ക്യാമ്പസിൽ ഒത്തുകൂടിയത‌്. എസ‌്എഫ‌്ഐ എഴുതാൻ ഒരുക്കിയിട്ടിരുന്ന മതിൽ എസ‌്ഡിപിഐ–-ക്യാമ്പസ‌് ഫ്രണ്ട‌് പ്രവർത്തകർ കൈയേറി. ചോദ്യംചെയ‌്ത എസ‌്എഫ‌്ഐ പ്രവർത്തകരെ അവർ കടന്നാക്രമിച്ചു. കുത്തേറ്റ‌് വീണ അഭിമന്യു ആശുപത്രിയിൽ എത്തുംമുമ്പ‌് മരിച്ചു. അർജുന്റെ നെഞ്ചിന‌ുതാഴെ എട്ട‌് സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റു. മുറിവിൽ 42 തുന്നലിടേണ്ടിവന്നു. മാസംതോറുമുള്ള ചെക്കപ്പും ചികിത്സയും തുടരുമ്പോൾത്തന്നെ, നവാഗതരെ വരവേൽക്കുന്ന ഈവർഷത്തെ ക്യാമ്പയിനിൽ പങ്കെടുത്ത‌് മൂന്നാലുദിവസമായി അർജുൻ വിദ്യാർഥികളോട‌് സംസാരിക്കുകയാണ‌്. മഹാരാജാസിന്റെ രാഷ‌്ട്രീയചരിത്രം വിവരിച്ച‌് വിദ്യാർഥികൾക്ക‌ുമുന്നിൽ നിൽക്കുമ്പോൾ അഭിമന്യു ഒപ്പമില്ലെങ്കിലും ആ വീരസ‌്മരണകൾ പകരുന്ന ആവേശം അർജുന്റെ വാക്കുകളിലുണ്ട‌്.

‘‘എസ‌്എഫ‌്ഐയെ ഇല്ലായ‌്മ ചെയ്യാനാണ‌് അവർ അത‌് ചെയ‌്തതെങ്കിലും ഞങ്ങളാരും ഇവിടെനിന്ന‌് ഒളിച്ചോടിയിട്ടില്ലെന്ന‌് നിങ്ങളറിയണം. ആക്രമണത്തിൽ രക്തസാക്ഷിയായ അഭിമന്യുവും പഠനം പൂർത്തിയാക്കിയ വിനീതുമൊഴികെ എല്ലാവരും ഇപ്പോഴും ക്യാമ്പസിലുണ്ട‌്. എസ‌്എഫ‌്ഐയുടെ പതാകയേന്തി അഭിമന്യു ഉയർത്തിയ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുതന്നെ. പേടിച്ചോടാനല്ല, പോരാടി മുന്നേറാനാണ‌് അഭിമന്യു ഞങ്ങളെ പഠിപ്പിച്ചത‌്, അവസാന ശ്വാസംവരെ’–- കനലാറാത്ത ഓർമകളുടെ കടലിരമ്പത്തോടെ അർജുൻ പറഞ്ഞുനിർത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top