19 October Saturday

പോരാളിയുടെ കാതൽ

എം എസ് അശോകന്‍Updated: Tuesday Jul 2, 2019

കൊച്ചി
ഇതുപോലൊരു ദിവസമായിരുന്നു അന്നും. നവാഗതരെ വരവേറ്റ‌് ക്യാമ്പസ‌് മുഴുവൻ കൊടി തോരണങ്ങളും  ആശംസകളെഴുതിയ ബാനറുകളും ഉയർന്നിരുന്നു. തലേന്ന‌് തോരാതെ പെയ‌്ത മഴയുടെ അടയാളങ്ങൾ കൂടി ചേർന്നാൽ അഭിമന്യുവിന്റെ രക്തമൊഴുകിയ ജൂലൈ രണ്ട‌് രാത്രി പുലർന്നെത്തിയ പകലിലെ മഹാരാജാസ‌് ക്യാമ്പസ‌് ഇന്നും മാറിയിട്ടില്ല. കൂടുതൽ കനൽ ആർജിച്ചിട്ടേയുള്ളൂ. അരിഞ്ഞെറിയാൻ ശ്രമിക്കുമ്പോൾ പുതുനാമ്പുകളിലേക്ക‌് പടരുകയാണെന്ന‌് പറയാതെ പറയുന്നു മഹാരാജാസിലെ ഓരോ അഭിമന്യുവും. ക്യാമ്പസിന്റെ ചെറുചലനങ്ങളിലുമുണ്ട‌് ആ പുഞ്ചിരി പടർത്തിയ വസന്തം. ധീര രക്തസാക്ഷിത്വത്തിന്റെ ഒന്നാംവാർഷികത്തിൽ അഭിമന്യുവിന്റെ വീരസ‌്മരണകൾ വാരിപ്പുതച്ചു നിൽക്കുകയാണ‌് മഹാരാജാസ‌് ക്യാമ്പസ‌്.

രാജപാതയിലുടനീളം വെയിൽച്ചിരി വിതറി പ്രിയസഖാവിന്റെ ഛായാചിത്രങ്ങൾ. ക്യാമ്പസ‌ാകെ ശുഭ്ര പതാകയാലും കൊടി തോരണങ്ങളാലും നിറയുകയാണ‌്.   കേരളത്തിലെ വിദ്യാർഥി സമൂഹമാകെ ഒത്തുചേരുന്ന രക്തസാക്ഷി ദിനാചരണത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ‌് എസ‌്എഫ‌്ഐ പ്രവർത്തകരും യൂണിറ്റ‌് ഭാരവാഹികളും. ലൈബ്രറിയോട‌് ചേർന്നുള്ള മുറ്റത്ത‌് വിദ്യാർഥികൾ ചേർന്ന‌് പണികഴിപ്പിച്ചിട്ടുണ്ട‌് അഭിമന്യുസ‌്മരണകളുടെ സിമന്റ‌് ശിൽപ്പം. അതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക‌ു പിന്നിൽ അഭിമന്യു ഉയർത്തിയ മുദ്രാവാക്യങ്ങളോടുള്ള അസഹിഷ‌്ണുതയാണെന്ന‌് എസ‌്എഫ‌്ഐ യൂണിറ്റ‌് സെക്രട്ടറി അർജുൻ ബാബു പറയുന്നു. ക്യാമ്പസിൽ വേറെയും സ‌്മാരകങ്ങളുണ്ട‌്. അതിനെയൊന്നും ആരും എതിർത്തിട്ടില്ല. എസ‌്എഫ‌്ഐ അല്ല, ക്യാമ്പസാകെ തീരുമാനിച്ച‌് കെട്ടിയുയർത്തിയതാണ‌് സ്മാരകം. രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാർഷികത്തിൽ അതിനെതിരെ രംഗത്തുവരുന്നത‌് അഭിമന്യുവിനെ കശാപ്പു ചെയ‌്തവരുടെ പ്രച്ഛന്നവേഷങ്ങളാണ‌്–- അർജുൻ ബാബു പറഞ്ഞു.

 

ഒന്നാംവർഷ ബിരുദ വിദ്യാർഥികളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കിടയിലാണ‌് അഭിമന്യുവിനെ ക്യാമ്പസ‌് ഫ്രണ്ട‌് തീവ്രവാദികൾ കുത്തിവീഴ‌്ത്തിയത‌്. ഇന്ന‌് ആ പേരിൽ ക്യാമ്പസിൽ സംഘടനയില്ല. മുമ്പും എട്ടോ പത്തോ പേർ മാത്രമാണുണ്ടായിരുന്നത‌്. ഫ്രട്ടേണിറ്റി മൂവ‌്മെന്റ‌് എന്ന പേരിൽ വിരലിലെണ്ണാവുന്ന ചിലർ അതേ ആശയപിന്തുണയോടെയുണ്ട‌്. സിമി, എസ‌്ഐഒ, ഇൻക്വിലാബ‌് തുടങ്ങിയ സംഘടനകൾ കൂടിക്കലർന്നാണ‌് ഫ്രട്ടേണിറ്റിയുടെ പിറവി. മറ്റിടങ്ങളിൽനിന്ന‌് റിക്രൂട്ട‌് ചെയ്യപ്പെട്ടവരാണ‌് ഇതിന്റെ പ്രവർത്തകരായുള്ളത‌്. അഭിമന്യു ജീവിക്കുന്ന ഇടത്തിൽ വിദ്യാർഥികൾക്കിടയിൽ പിന്തുണ ഇവർക്ക‌് നേടാനായിട്ടില്ല. പുതുതായി പ്രവേശനം നേടിയെത്തിയ വിദ്യാർഥികളുടെ ഹൃദയത്തിലും ആദ്യം സ്ഥാനം നേടുന്നത‌് അഭിമന്യു സ‌്മരണകളാണ‌്. ക്ലാസുകൾ തോറും കയറിയിറങ്ങിയുള്ള എസ‌്എഫ‌്ഐയുടെ ക്യാമ്പയിൻ നടന്നുവരികയാണ‌്. അഭിമന്യുവിനൊപ്പം ക്യാമ്പസ‌് ഫ്രണ്ട‌് തീവ്രവാദികൾ കുത്തിവീഴ‌്ത്തിയ അർജുനാണ‌് പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തെയും മഹാരാജാസിന്റെ രാഷ‌്ട്രീയ ചരിത്രത്തെയും നവാഗതർക്ക‌് പരിചയപ്പെടുത്തുന്നത‌്.

 

ക്യാമ്പസിന്റെ പിന്നിലേക്കുള്ള വഴി അവസാനിക്കുന്നത‌് അഭിമന്യു കുത്തേറ്റ‌ു‌വീണ പാതയിലാണ‌്. അക്രമിസംഘം കുത്തിവീഴ‌്ത്തുന്നതിന‌് അൽപ്പം മുമ്പ‌്, ‘വർഗീയത തുലയട്ടെ’ എന്ന‌് അഭിമന്യു സ്വന്തം കൈയാൽ കോറിയിട്ട ചുമരെഴുത്ത‌്. അൽപ്പം മാറി മഹാഗണി മരച്ചുവട്ടിലെ വഴിയിലാണ‌് അഭിമന്യു കുത്തേറ്റുവീണത‌്. പ്രിയ സഖാവിന്റെ ധീരരക്തസാക്ഷിത്വത്തിന്റെ സ‌്മരണ പുതുക്കി തിങ്കളാഴ‌്ച അർധരാത്രിക്ക‌ുശേഷം എസ‌്എഫ‌്ഐ പ്രവർത്തകർ അവിടെ ഒത്തുകൂടിയിരുന്നു. കേരളത്തിലെയാകെ ക്യാമ്പസിൽ പുലരാനുള്ള പുതുപുലരിയുടെ പ്രതീക്ഷകളോടെ.


പ്രധാന വാർത്തകൾ
 Top