14 July Tuesday

ക്ലാസ് സൂപ്പറാ ; പള്ളിക്കൂടം കാണാത്ത ഈപ്പച്ചനും ക്ലാസിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

ക്ലാസിലെ വികൃതി പിള്ളേരെ ചോക്കെടുത്ത്‌ എറിയുന്ന ദേഷ്യക്കാരിയായ ടീച്ചർ ഓൺലൈൻ ക്ലാസിൽ എന്തു ചെയ്യുമെന്നായിരുന്നു ചിലരുടെ ആശങ്ക. പള്ളിക്കൂടത്തിന്റെ പടി കണ്ടിട്ടില്ലെങ്കിലും ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിട്ടുണ്ടെന്ന്‌ അഭിമാനപൂർവം പറയുന്ന  ഈപ്പച്ചനായിരുന്നു മറ്റൊരു താരം. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സ്‌കൂൾ കുട്ടികൾക്കായി വിക്‌ടേഴ്‌സ്‌ ചാനലിലൂടെ ആരംഭിച്ച ഓൺലൈൻ ക്ലാസിനെ സാമൂഹ്യമാധ്യമങ്ങൾ ആഘോഷമാക്കിയത്‌ ഇങ്ങനെ.

പെരുമഴയിൽ നനഞ്ഞുകുതിർന്ന്‌ ജൂൺ ഒന്നിന്‌ സ്കൂളിൽ പോയതിന്റെ നൊസ്റ്റാൾജിയ പങ്കുവച്ചവർ ഏറെ. പണ്ട്‌ ഓൺലൈൻ ക്ലാസുണ്ടായിരുന്നെങ്കിൽ വെള്ളപ്പൊക്കത്തിന്‌ വീട്ടിലിരുന്ന്‌ പഠിക്കേണ്ടിവന്നേനെ എന്ന‌ ഗദ്‌ഗദവും കേട്ടു‌. എന്തായാലും ആദ്യദിനം ഓൺലൈൻ ക്ലാസ്‌ കുട്ടികൾ ഗംഭീരമായി ആസ്വദിച്ചു. അവർക്കും രക്ഷിതാക്കൾക്കും  ഓൺലൈൻ ക്ലാസ്‌ പുതിയ അനുഭവവുമായി. ചിലർ സാമൂഹ്യമാധ്യമങ്ങളിൽ അക്കാര്യം പങ്കുവച്ചു.

ടിവിക്കു മുന്നിൽ പിടിച്ചിരുത്തി
വികൃതിക്കാരനായ തന്റെ മകനെ ടിവിയുടെ മുന്നിൽ പിടിച്ചിരുത്താൻ ഓൺലൈൻ ക്ലാസിന്‌ കഴിഞ്ഞതിന്റെ സംതൃപ്തി ഫെയ്‌സ്‌ ബുക്കിലൂടെ തൃശൂർകാരി ഷസിയ പങ്കുവച്ചു. രണ്ടാം ക്ലാസുകാരൻ ഒന്നാം ക്ലാസുകാർക്കുള്ള ക്ലാസാണ്‌ കേൾക്കുന്നത്‌. ‘ഒരു കൊല്ലം സ്കൂളിൽ പോയിട്ടും പഠിക്കാൻ മിടുക്കനായിട്ടും ടീച്ചർ പറയുന്നപോലെ ഒരിക്കലും നോട്ട്ബുക്കിൽ മര്യാദയ്ക്ക് എഴുതുകയോ വരയ്ക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, ഇപ്പോൾ ഒറ്റയ്ക്കിരുന്ന് ക്ലാസ് കേട്ട് ഡയറിയിൽ ചിത്രം വരയ്‌ക്കുന്നു. ക്ലാസ് കഴിഞ്ഞപ്പോൾ ‘നല്ല ടീച്ചറായിരുന്നു’ എന്ന കമന്റും’ ഷസിയ കുറിച്ചു.

ക്ലാസിൽ കുടുംബാംഗങ്ങളും
വിക്ടേഴ്‌സ്‌ ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസിൽ കുടുംബാംഗങ്ങളാകെ  പങ്കാളികളായി.ആദ്യ ഓൺലൈൻ ക്ലാസിൽ ഇരുന്നത്‌ ഹയർ സെക്കൻഡറി രണ്ടാം വർഷക്കാർ. വിഷയം ഇംഗ്ലീഷ്‌. പുതുമയാർന്ന അവതരണത്തോടെ രതി ടീച്ചറും അരൂജ ടീച്ചറും വിദ്യാർഥികളെ കൈയിലെടുത്തു. വല്യേട്ടന്മാർക്കും ചേച്ചിമാർക്കും‌ പിന്നാലെ 10.30ന്‌ ഈവർഷത്തെ താരങ്ങളുടെ രംഗപ്രവേശം. കെ എസ്‌ ചിത്ര പാടിയ ‘വാക്കുകൾ വിത്തായി വിളയിക്കുന്ന വിദ്യാലയ’ങ്ങളെക്കുറിച്ചുള്ള പ്രവേശനോത്സവഗാനം ഒന്നാം ക്ലാസുകാർ രക്ഷിതാക്കൾക്കൊപ്പം വീട്ടിലിരുന്ന്‌ കേട്ടു. തുടർന്ന്‌ വൈകിട്ട്‌ 5.30 വരെ ഹയർ സെക്കൻഡറി ഒന്നാംവർഷം ഒഴികെയുള്ള വിദ്യാർഥികൾ അരമണിക്കൂർ വീതം ദൈർഘ്യമുള്ള ക്ലാസുകൾ സശ്രദ്ധം കേട്ടു.

ഓരോ ക്ലാസിലും നൽകുന്ന പഠനപ്രവർത്തനങ്ങൾ ഉറപ്പാക്കാൻ അതത്‌ സ്കൂൾ ടീച്ചർമാർ കുട്ടികളെ ഫോണിൽ വിളിച്ചു. വാട്‌സാപ്പിലൂടെയും മറ്റും കുട്ടികൾ അയക്കുന്ന ഉത്തരങ്ങളും പാഠ്യപ്രവർത്തനങ്ങളും വിലയിരുത്തി അധ്യാപകർ എസ്‌സിഇആർടിയുടെ ‘സഹിതം’ പോർട്ടലിൽ അപ്‌ലോഡ്‌ ചെയ്യും.

ഇന്റർനെറ്റ്‌ കണക്‌ഷനോ ടിവി സൗകര്യമോ ഇല്ലാത്ത കുട്ടികൾക്ക്‌ പഠനസൗകര്യം ഉറപ്പാക്കാനുള്ള നടപടി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചു. ആദ്യ ആഴ്ച പരീക്ഷണാടിസ്ഥാനത്തിലാണ്‌ ക്ലാസ്‌. എട്ടിനു ശരിക്കുള്ള അധ്യയനം ആരംഭിക്കുന്നതിനു മുമ്പായി എല്ലാവർക്കും പഠനസൗകര്യം ഉറപ്പാക്കുമെന്ന്‌  മന്ത്രി സി രവീന്ദ്രനാഥ്‌ പറഞ്ഞു.

എല്ലാവർക്കും ഉറപ്പാക്കും: മുഖ്യമന്ത്രി
എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമേർപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിക്ടേഴ്‌സ്‌ ചാനലിലൂടെ ഓൺലൈൻ ക്ലാസ്‌ ആരംഭിക്കുന്നതിന്‌ മുമ്പ്‌,  കുട്ടികൾക്ക്‌ ആശംസകൾ നേർന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്ന്‌ രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

കോവിഡ്‌–-19 പശ്ചാത്തലത്തിൽ സങ്കീർണമായ സാഹചര്യത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. ഈ നിലയിൽ സ്കൂൾ തുറക്കാനാകില്ല. എന്നാൽ, പഠനം  തടസ്സമില്ലാതെ മുന്നോട്ടുപോകണം. ഇത്തവണ ഓൺലൈൻ ക്ലാസിലൂടെ കുട്ടികളെ പഠനപ്രവർത്തനങ്ങൾക്ക്‌ സജ്ജമാക്കുകയാണ്‌ വിദ്യാഭ്യാസ വകുപ്പ്‌. വിദ്യാർഥിയും ടീച്ചറും സ്‌കൂളും ഒത്തുചേർന്നു നടത്തുന്ന പഠനപ്രവർത്തനത്തിനു പകരമാകാൻ ഓൺലൈൻ പഠനത്തിനു കഴിയില്ല.   ഈ ക്ലാസുകൾ കുട്ടികളിലെത്തുന്നുണ്ടെന്ന്‌ അധ്യാപകരും ഉറപ്പുവരുത്തണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

വീട്ടിലെ ക്ലാസിലേക്ക്‌ സൗജന്യമായി ടിവിയുമെത്തും
ഓൺലൈൻ പഠനത്തിനും വിക്ടേഴ്സ് ചാനൽ കാണാനും വീടുകളിൽ സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് കളർ ടിവി നൽകുന്ന പദ്ധതിയുമായി സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റി.40 ലക്ഷം രൂപ ചിലവിടുന്ന പദ്ധതിയിൽ, 600 കുടുംബങ്ങൾക്ക്‌ 24 ഇഞ്ച് കളർ ടിവിയാണ് നൽകുക. ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്‌പമംഗലം എന്നീ ഏഴു പഞ്ചായത്തുകളിലെ വിദ്യാർഥികൾക്ക് 15നകം ടിവി കൈമാറും. സ്‌കൂൾ അധികൃതരുടെ സഹായത്തോടെയാണ് അർഹരായ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്‌.

വിദ്യാര്‍ഥികൾക്ക്‌ ടിവി നൽകുന്ന പദ്ധതിയെ സഹായിക്കുന്നതിനുള്ള ആദ്യ തുക  മന്ത്രി സി രവീന്ദ്രനാഥ്‌ പുതിയവീട്ടില്‍  മുഹമ്മദ് ഹക്കില്‍നിന്ന്  ഏറ്റുവാങ്ങുന്നു

വിദ്യാര്‍ഥികൾക്ക്‌ ടിവി നൽകുന്ന പദ്ധതിയെ സഹായിക്കുന്നതിനുള്ള ആദ്യ തുക മന്ത്രി സി രവീന്ദ്രനാഥ്‌ പുതിയവീട്ടില്‍ മുഹമ്മദ് ഹക്കില്‍നിന്ന് ഏറ്റുവാങ്ങുന്നു


 

സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധിപേരാണ്  പദ്ധതിക്ക് സഹായവുമായി രംഗത്തെത്തിയത്. എൻജിനിയറിങ് വിദ്യാർഥിയായിരിക്കേ 12വർഷം മുമ്പ്‌ അപകടത്തിൽ ഗുരുതരപരിക്കേറ്റ് എഴുന്നേൽക്കാനാവാതെ ദുരിതമനുഭവിക്കുന്ന പുതിയവീട്ടിൽ മുഹമ്മദ് ഹക്കിൽനിന്ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പദ്ധതിയിലേക്കുള്ള ആദ്യ ചെക്ക് ഏറ്റുവാങ്ങി.  ഇതുവരെ 400 ടിവി വാങ്ങുന്നതിനുള്ള പണം  ലഭിച്ചുകഴിഞ്ഞു. പദ്ധതിക്കായി പ്രവർത്തിക്കുന്നവർക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങളും ചിലർ വിട്ടു നൽകിയിട്ടുണ്ട്. ടിവിയില്ലാത്ത വിദ്യാർഥികൾ അറുന്നൂറിൽ കൂടുകയാണെങ്കിൽ അവർക്കും ടിവി നൽകുമെന്ന് സിപിഐ എം നാട്ടിക ഏരിയ സെക്രട്ടറി പി എം അഹമ്മദ് ദേശാഭിമാനിയോട് പറഞ്ഞു.  എസ്എസ്എയുടെ സഹായത്തോടെ നടത്തുന്ന ടിവി കൈമാറുന്ന ചടങ്ങിന്റെ ഉദ്ഘാടനം അടുത്ത ദിവസംതന്നെ നടക്കും.


പ്രധാന വാർത്തകൾ
 Top