14 July Tuesday

ദുരിതമകറ്റാൻ സിപിഐ എം മാർഗരേഖ

വെബ് ഡെസ്‌ക്‌Updated: Sunday May 3, 2020

ന്യൂഡൽഹി
അടച്ചുപൂട്ടൽ നീട്ടിയ സാഹചര്യത്തിൽ ജനങ്ങളുടെ ദുരിതം ലഘൂകരിക്കാൻ സിപിഐ എം വിശദമായ മാർഗരേഖ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സമർപ്പിച്ചു. മുമ്പ്‌ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ പാക്കേജ്‌ തീർത്തും അപര്യാപ്‌തമാണെന്ന്‌ മാർഗരേഖ ചൂണ്ടിക്കാട്ടി.

നിർദേശങ്ങൾ
●    കോടിക്കണക്കിനു പേർ തൊഴിൽ നഷ്ടപ്പെട്ട്‌ പട്ടിണിയിലാണ്‌. ഇവർക്ക്‌ ഭക്ഷണവും സാമ്പത്തികസഹായവും നൽകണം.

●    ആദായനികുതി ദായകരില്ലാത്ത കുടുംബങ്ങൾക്ക്‌ പ്രതിമാസം 7500 രൂപവീതം മൂന്ന്‌ മാസം‌ നൽകണം. എല്ലാ വ്യക്തികൾക്കും പ്രതിമാസം 10 കിലോഗ്രാംവീതം ഭക്ഷ്യധാന്യം ആറ്‌ മാസം‌ നൽകണം. എഫ്‌സിഐ ഗോഡൗണുകളിൽ 7.7 കോടി ടൺ ഭക്ഷ്യധാന്യശേഖരമുണ്ട്‌. കരുതൽശേഖരം 2.4 കോടി ടൺ മതി.

●    അതിസമ്പന്നർക്ക്‌ സ്വത്തുനികുതി ചുമത്തണം.

●    സംസ്ഥാനങ്ങൾക്ക്‌ സൗജന്യമായി ഭക്ഷ്യധാന്യം വിട്ടുകൊടുക്കണം. സാമ്പത്തികസഹായവും നൽകണം. സംസ്ഥാനങ്ങൾ തദ്ദേശസ്ഥാപനങ്ങളെ  സഹായിക്കണം.

●    സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി  നഷ്ടപരിഹാര കുടിശ്ശിക കൈമാറണം.

●    ഗുരുതരരോഗങ്ങൾ നേരിടുന്ന എല്ലാവർക്കും വൈദ്യസഹായം ഉറപ്പാക്കണം. ഔഷധങ്ങൾ, രക്തം എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കണം.

●    ദുരന്തകാലം കഴിയുന്നതുവരെയെങ്കിലും സ്വകാര്യമേഖലയിലെ ആരോഗ്യപരിരക്ഷാ സംവിധാനങ്ങൾ പൊതുആവശ്യത്തിനായി ഏറ്റെടുക്കണം.

●    പിരിച്ചുവിടലും വേതനം വെട്ടിക്കുറയ്‌ക്കലും ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പാക്കണം.

●    പൊതുവിതരണ ശൃംഖലയിൽ തടസ്സങ്ങൾ ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പാക്കണം.

●    ധനമൂലധനത്തിന്റെ പുറത്തേ‌ക്കുള്ള ഒഴുക്ക്‌ തടയണം.

ഇതര നടപടികൾ
●    തൊഴിലുറപ്പ്‌ പദ്ധതി വേതന കുടിശ്ശിക ഉടൻ കൊടുത്തുതീർക്കണം.  ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ സ്വന്തം നാടുകളിലേ‌ക്ക്‌ തിരിച്ചുവരുന്ന തൊഴിലാളികളെ  ഈ പദ്ധതിയിൽ ഉൾപ്പെടുത്തണം. പദ്ധതി നഗരങ്ങളിലും നടപ്പാക്കണം.

●    വായ്‌പ തിരിച്ചടവിന്‌ പ്രഖ്യാപിച്ച മൊറട്ടോറിയം ഒരു വർഷത്തേ‌ക്ക്‌ നീട്ടണം. കാർഷികമേഖലയിൽ കടാശ്വാസം നൽകണം. പുതിയ വായ്‌പകളുടെ പലിശ സർക്കാർ വഹിക്കണം.

●    അതിഥിത്തൊഴിലാളികളുടെ ആശങ്ക അകറ്റണം. മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെയെത്തിക്കണം.

●    അവശ്യവസ്‌തു ലഭ്യത ഉറപ്പാക്കണം.

●    ഗ്രാമീണ സമ്പദ്‌ഘടന പുനരുജ്ജീവിപ്പിക്കണം

●    പൊതുനിക്ഷേപം വർധിപ്പിക്കണം

●    വർഗീയധ്രുവീകരണം വളർത്താനുള്ള നീക്കങ്ങൾ ഉപേക്ഷിക്കണം. സർക്കാരിനെ വിമർശിക്കുന്നവരെ അടിച്ചമർത്താനുള്ള ശ്രമത്തിൽനിന്ന്‌ പിന്തിരിയണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top