27 February Thursday

ഉരുകിത്തിളയ്‌ക്കുന്ന മണ്ണിന്റെ ചൂടുമായി...

വിജേഷ്‌ ചൂടൽUpdated: Thursday Jan 2, 2020


കണ്ണൂർ
പ്രക്ഷോഭത്തീയിൽ ഉരുകിത്തിളയ്‌ക്കുന്ന മണ്ണിന്റെ പോരാട്ടച്ചൂടുമായാണ്‌ അവരെത്തിയത്‌. 139 കേന്ദ്രങ്ങളിലായി അമ്പതിനായിരം ഏക്കറിൽ പ്രക്ഷോഭം നയിക്കുന്നവരുടെ പ്രതിനിധികൾ. പതിനായിരം ഏക്കറിൽ നിയമം ലംഘിച്ച്‌ കൃഷിയിറക്കി പൊന്നുവിളയിക്കുന്ന മനുഷ്യരുടെ പോരാട്ടം നയിക്കുന്നവർ. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ സമ്മേളനത്തിൽ പങ്കെടുക്കുന്ന ആന്ധ്രാപ്രദേശിൽനിന്നുള്ള പ്രതിനിധികൾക്ക്‌ പങ്കുവയ്‌ക്കാനുള്ളത്‌ എണ്ണമറ്റ സമരത്തിന്റെ  വീരഗാഥകൾ.

കൃഷിയിറക്കാൻ ഒരുതുണ്ടു ഭൂമിയില്ലാത്ത മനുഷ്യർ ചെങ്കൊടിക്കു കീഴിൽ തുറന്നത്‌ എണ്ണമറ്റ സമരപഥങ്ങൾ. വികസനത്തിന്റെ പേരിൽ കോർപ്പറേറ്റുകൾക്ക്‌ വൻതോതിൽ കൃഷിഭൂമി എഴുതിനൽകുന്ന സർക്കാർ നയത്തിനെതിരെ 26 സംഘടനകൾ ചേർന്നുള്ള സംയുക്ത പ്രക്ഷോഭത്തിന്‌ വഴിയാരുക്കിയത്‌ കർഷകത്തൊഴിലാളി യൂണിയന്റെ ഇടപെടലാണ്‌. അടിച്ചമർത്താനുള്ള സകലശ്രമങ്ങളെയും കരളുറപ്പിനാൽ നേരിട്ട്‌ മുന്നേറുകയാണ്‌ ആന്ധ്രയിയിലെ ഭൂപ്രക്ഷോഭം.

ഗുരുതരമായ വകുപ്പുകൾ ചുമത്തി അഞ്ഞൂറോളം കേസെടുത്തു. രണ്ട്‌ ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ 140 പേർ ജയിലിലായി. പൊലീസിന്റെയും ഗുണ്ടകളുടെയും ആക്രമണവും അധികൃതരുടെ ഭീഷണിയും നേരിട്ടാണ്‌ പ്രക്ഷോഭം ശക്തമായി തുടരുന്നത്‌. കഡപ്പ, കൃഷ്‌ണ, വിശാഖപട്ടണം, വെസ്‌റ്റ്‌ ഗോദാവരി, ചിറ്റൂർ എന്നിവിടങ്ങളിൽ സമരം ശക്തമാണ്‌. വെസ്‌റ്റ്‌ ഗോദാവരിയിൽ രണ്ടായിരത്തിലേറെ തൊഴിലാളികൾ ആറു മാസമായി ഉപരോധ സമരം തുടരുന്നു.

കർഷകത്തൊഴിലാളികൾക്ക്‌ ഭൂമി നൽകുന്നതിനെ ഭരണ–-പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കുമ്പോഴാണ്‌ കൃഷിയിടങ്ങളിൽ പോരാട്ടം പടരുന്നത്‌.  കടുത്ത പ്രതിസന്ധിയാണ്‌ ആന്ധ്രയിലെ കർഷകത്തൊഴിലാളികൾ നേരിടുന്നതെന്ന്‌ യൂണിയൻ സംസ്ഥാന  സെക്രട്ടറി വി വെങ്കടേശ്വരലു പറഞ്ഞു. പ്രതിവർഷം 15 ലക്ഷത്തോളം പേരാണ്‌ മറ്റ്‌ ജോലികൾ തേടി ഇതര സംസ്ഥാനങ്ങളിലേക്ക്‌ പോകുന്നത്‌. ആന്ധ്രാപ്രദേശ്‌ നിയമസഭയിലെ അംഗങ്ങളെല്ലാം ഭൂപ്രഭുക്കളാണ്‌. ഭരണകക്ഷിയായ വൈഎസ്‌ആർ കോൺഗ്രസിന്റെ 151 എംഎൽഎമാരും ഈ വിഭാഗത്തിൽനിന്നാണ്‌. പ്രതിപക്ഷത്തും സാധാരക്കാരുടെയോ തൊഴിലാളികളുടെയോ പ്രതിനിധികൾ ആരുമില്ല.

സംഘടനാപരമായ വളർച്ചയുടെ പാതയിലാണ്‌ ആന്ധ്രയിലെ കർഷകത്തൊഴിലാളി യൂണിയൻ. 2014ൽ എട്ടാം അഖിലേന്ത്യാ സമ്മേളനം ചേരുമ്പോൾ സംയുക്ത ആന്ധ്രാപ്രദേശിൽ പത്തു ലക്ഷം അംഗങ്ങളാണ്‌ യൂണിയന്‌ ഉണ്ടായിരുന്നത്‌. ഇപ്പോൾ തെലങ്കാനയിൽ മാത്രം പത്തു ലക്ഷം അംഗങ്ങളുണ്ട്‌. ആന്ധ്രയിൽ ആറു ലക്ഷവും. 23 ജില്ലാ കമ്മിറ്റികൾ പൂർണസമയം സജീവമായി പ്രവർത്തിക്കുന്നു. ജാതീയത ഉൾപ്പെടെ 16 വിഷയങ്ങൾ ഉയർത്തി പോരാട്ടവും യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്‌–-  വെങ്കടേശ്വരലു പറഞ്ഞു.


പ്രധാന വാർത്തകൾ
 Top